| Tuesday, 5th March 2024, 4:25 pm

രേവതി ഒരു കഥാപാത്രത്തിന് നല്‍കുന്ന ഡെഡിക്കേഷന്‍ മനസിലാക്കി തന്നത് ആ സിനിമ; അന്ന് അവര്‍ അത്ഭുതപെടുത്തി: കമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന സിനിമയിലൂടെയാണ് രേവതി ഒരു ചിത്രം ചെയ്യുമ്പോള്‍ അതിലെ കഥാപാത്രത്തിന് കൊടുക്കുന്ന ഡെഡിക്കേഷന്‍ തനിക്ക് മനസിലാകുന്നതെന്ന് പറയുകയാണ് സംവിധായകന്‍ കമല്‍.

ഫാസില്‍ തിരക്കഥയെഴുതി കമല്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍. 1988ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ അഭിനയത്തിന് രേവതിക്ക് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ രേവതിയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ കമല്‍.

‘കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികളെന്ന സിനിമയ്ക്ക് ഒരു പ്രത്യേകതയുണ്ട്. നായികമാര്‍ക്ക് ഏറെ പ്രധാന്യമുള്ള സിനിമയാണ് അത്. സിനിമയില്‍ ആകെ രണ്ട് നായികമാരുണ്ട്. ഒന്ന് രേവതിയാണെങ്കില്‍ മറ്റൊന്ന് അംബിക ആയിരുന്നു.

അതില്‍ രേവതിയുടെ കഥാപാത്രത്തിലേക്ക് പുതുമുഖങ്ങളെ കൊണ്ടുവരാമെന്നായിരുന്നു കരുതിയത്. അതിന് വേണ്ടി കുറേ ഓഡീഷന്‍സൊക്കെ നടത്തിയിരുന്നു. കുറേ കുട്ടികളെ കൊണ്ട് അഭിനയിപ്പിച്ചിരുന്നു. എന്നാല്‍ ആരെയും നമുക്ക് ആ കഥാപാത്രത്തിലേക്ക് തൃപ്തി വരുന്നുണ്ടായിരുന്നില്ല.

ആ കഥാപാത്രമായി രേവതി എങ്ങനെയുണ്ടാകുമെന്ന് ഫാസില്‍ക്ക ആദ്യമേ ചോദിക്കുന്നുണ്ടായിരുന്നു. നമുക്ക് നോക്കാമെന്ന് പറഞ്ഞ് രേവതി ഒരു ദിവസം വന്ന് കഥ കേട്ടു. അന്ന് രേവതി ഒരുപാട് എക്സൈറ്റഡായി. അവര്‍ എന്നോട് വന്നിട്ട് ആ കഥാപാത്രത്തിന് വേണ്ടിയുള്ള രൂപത്തെ പറ്റിയൊക്കെ ചോദിച്ചു.

കല്ലുമാലയൊക്കെ ഇട്ട ഒരു പെണ്‍കുട്ടിയാണ് ആ കഥാപാത്രമെന്ന് ഞാന്‍ പറഞ്ഞു കൊടുത്തു. അങ്ങനെയെങ്കില്‍ ഞാന്‍ ഒരുതവണ മേക്കോവര്‍ ചെയ്ത് കാണിക്കട്ടെ, അപ്പോഴേ ഒരു കോണ്‍ഫിഡന്‍സ് വരികയുള്ളൂവെന്ന് രേവതി പറഞ്ഞു.

ഫാസില്‍ക്ക അങ്ങനെ ചെയ്തോളൂവെന്ന് പറഞ്ഞതോടെ അന്ന് രേവതി തിരികെ പോയി. പിന്നെ മൂന്നാല് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ രേവതി വരുന്നുണ്ടെന്ന് പറഞ്ഞ് കോള്‍ വന്നു. ഞാന്‍ അവരെ കാണാനായി ചെന്നു. അന്ന് അവര്‍ കാറില്‍ നിന്ന് ഇറങ്ങുമ്പോള്‍, സിനിമയിലെ രേവതി എങ്ങനെയാണോയുള്ളത് ആ രൂപത്തില്‍ മേക്കപ്പ് ചെയ്താണ് അവരെ കാണുന്നത്.

ഞങ്ങളെ അന്ന് രേവതി ഒരുപാട് അത്ഭുതപെടുത്തി. ഇങ്ങനെ മതിയോയെന്ന് രേവതി ചോദിച്ചു. ആ കോസ്റ്റ്യൂം പോലും ധരിച്ചാണ് അവര് വന്നത്. രേവതി ഒരു കഥാപാത്രം ചെയ്യുമ്പോള്‍ കൊടുക്കുന്ന ഡെഡിക്കേഷന്‍ അന്നാണ് ഞാന്‍ മനസിലാക്കിയത്,’ കമല്‍ പറഞ്ഞു.


Content Highlight: Director Kamal Talks About Revathi

We use cookies to give you the best possible experience. Learn more