രഞ്ജിത്ത് തിരക്കഥയെഴുതി കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍. 1989ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ജയറാമായിരുന്നു നായകന്‍. പെരുവണ്ണാപുരം ഗ്രാമത്തിലെ ഒരു കോളേജില്‍ പുതിയ പ്യൂണായി എത്തുന്ന ശിവശങ്കരന്‍ എന്ന കഥാപാത്രമായാണ് ജയറാം അഭിനയിച്ചത്.
കോളേജിന്റെ ഉടമസ്ഥരായ സമ്പന്ന കുടുംബത്തിലെ പെണ്‍കുട്ടിയായി പാര്‍വതിയും ചിത്രത്തില്‍ അഭിനയിച്ചു. കുഞ്ഞുലക്ഷ്മി എന്നായിരുന്നു പാര്‍വതിയുടെ കഥാപാത്രത്തിന്റെ പേര്. അച്യുതക്കുറുപ്പ് എന്ന കഥാപാത്രമായി ഒരു അതിഥിവേഷത്തില്‍ മോഹന്‍ലാലും ഈ സിനിമയുടെ ഭാഗമായി.
എന്നാല്‍ ഈ സിനിമയിലേക്ക് താന്‍ ആദ്യം നായകനാക്കാന്‍ ആഗ്രഹിച്ചിരുന്നത് മോഹന്‍ലാലിനെയായിരുന്നു എന്നാണ് സംവിധായകന്‍ കമല്‍ പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു കാലത്ത് എനിക്ക് ഏറ്റവും കൂടുതല്‍ അംഗീകാരങ്ങള്‍ നേടി തന്ന സിനിമയാണ് പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍. ഇന്നും എപ്പോള്‍ കാണുമ്പോഴും ചില പ്രേക്ഷകര്‍ ആ സിനിമയെ കുറിച്ച് എന്നോട് പറയാറുണ്ട്. പല കാലഘട്ടത്തിലെ ജനങ്ങള്‍ക്കും ഇഷ്ടപെട്ട ഒരു സിനിമയാണ് പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍.
ആ സിനിമ ഉണ്ടാവാനുള്ള കാരണം വളരെ രസകരമാണ്. എന്റെ കഥയാണ് അത്. ഞാന്‍ എഴുതിയ കഥ. സത്യത്തില്‍ ഇന്ന് സിനിമയില്‍ കാണുന്ന പശ്ചാത്തലത്തില്‍ ആയിരുന്നില്ല ആ സിനിമയുടെ കഥ ഞാന്‍ ആദ്യം ആലോചിച്ചത്. ബസിലെ കിളിയായിരുന്നു ആ കഥയിലെ പ്രധാനകഥാപാത്രം. ബസിന്റെ മുതലാളിമാരായ അഞ്ച് കുറുപ്പന്മാരുടെ ഒരു കുഞ്ഞി പെങ്ങളുടെ കഥാപാത്രമുണ്ട്.
പെങ്ങള്‍ക്ക് കോളേജിലേക്ക് പോകാന്‍ വേണ്ടി വീടിന് മുന്നില്‍ ബസ് നിര്‍ത്തിയിടണം. ലൈന്‍ ബസാണെങ്കില്‍ പോലും പെങ്ങള്‍ കുളിച്ച് വരുന്നത് വരെ ആ ബസ് കാത്ത് നില്‍ക്കണം. പെങ്ങളെ കോളേജില്‍ ഇറക്കുന്നത് മാത്രം മതിയായിരുന്നില്ല, ക്ലാസ് കഴിഞ്ഞ് വരുമ്പോള്‍ തിരിച്ചു കൊണ്ടുവരണം. അങ്ങനെയുള്ള ഒരു കഥയായിരുന്നു അത്.
ആ കിളിയും ഈ ആങ്ങളമാരുടെ പെങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളും പിന്നെ അവര്‍ പ്രണയത്തിലാകുന്നതും ആയിരുന്നു ഞാന്‍ അന്ന് ആലോചിച്ച സബ്‌ജെക്ട്. ഇതിലേക്ക് നായകനായി മോഹന്‍ലാലിനെയായിരുന്നു ഉദേശിച്ചിരുന്നത്. ഞാന്‍ ലാലിനെ മദ്രാസില്‍ വെച്ച് കണ്ടപ്പോള്‍ കഥയുടെ ആശയം പറഞ്ഞു. ലാലിനെ കഥ ഒരുപാട് ഇഷ്ടമായി.
പക്ഷേ ലാലിന്റെ മറുപടി, ‘കൊള്ളാം നല്ല കഥയാണ്, പക്ഷേ ഡേറ്റിന്റെ ഒരു ചെറിയ പ്രശ്‌നമുണ്ട്. ഞാന്‍ അഞ്ചെട്ട് മാസത്തിനുള്ള പടങ്ങള്‍ കമ്മിറ്റ് ചെയ്തു. ഈ സിനിമ പെട്ടെന്ന് ചെയ്യാന്‍ കഴിയില്ല. അതുകൊണ്ട് വേറെ നായകനെ ആലോചിച്ചോളൂ. അല്ലെങ്കില്‍ കുറച്ച് കാത്തിരിക്കുമെങ്കില്‍ ഞാന്‍ ചെയ്യാം’ എന്നായിരുന്നു. അങ്ങനെയാണ് ആ സിനിമ അവസാനം ജയറാമിലേക്ക് എത്തുന്നത്,’ കമല്‍ പറഞ്ഞു.
Content Highlight: Director Kamal Talks About Peruvannapurathe Visheshangal Movie