തന്റെ സിനിമക്ക് വേണ്ടി പേരിടുമ്പോള്‍ താന്‍ മാതൃക ആക്കുന്നത് സംവിധായകന്‍ പദ്മരാജനെ ആണെന്ന് പറയുകയാണ് കമല്‍. പദ്മരാജന്‍ മമ്മൂട്ടിയെ നായകനാക്കി ചെയ്ത ‘കരിയിലക്കാറ്റുപോലെ’ എന്ന ചിത്രത്തിന്റെ ആദ്യത്തെ പേര് ‘അറം’ എന്നായിരുന്നെന്നും എന്നാല്‍ നിര്‍മാതാക്കളുടെ നിര്‍ബന്ധപ്രകാരം അവസാനം പേര് മാറ്റുകയായിരുന്നെന്നും കമല്‍ പറഞ്ഞു.
‘സിനിമക്ക് ഒരു പേര് ഇടാന്‍ വേണ്ടി ഞാന്‍ കുറേ വെയിറ്റ് ചെയ്യാറുണ്ട്. ഇനി പേര് കിട്ടിക്കഴിഞ്ഞാല്‍ അത് എനിക്കും സിനിമയുടെ സബ്ജക്ടിനും ഓക്കേ ആണെങ്കില്‍ ആര് പറഞ്ഞാലും ഞാന്‍ അത് മാറ്റില്ല. അതിന്റെ പേരില്‍ എനിക്ക് നിര്‍മാതാക്കളുമായി ഒരുപാട് ഗുസ്തി വരെ ഉണ്ടായിട്ടുണ്ട്. അതിന് എന്റേതായിട്ടുള്ള കുറെ ന്യായീകരങ്ങളും ഉണ്ടാകും. അതിന് വേണ്ടി ഞാന്‍ മാതൃകയാക്കിയിട്ടുള്ളത് പദ്മരാജന്‍ സാറിനെയാണ്. അദ്ദേഹത്തിന്റെ സിനിമകളുടെയും നോവലുകളുടെയും പേരുകള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്.
അദ്ദേഹം ഒരു സിനിമക്ക് പേരിട്ടു. ‘അറം’ എന്നായിരുന്നു പടത്തിന്റെ പേര്. അറം പറ്റുക എന്നെല്ലാം നമ്മള്‍ മലയാളത്തില്‍ പറയുമല്ലോ. മമ്മൂട്ടി അഭിനയിച്ച ചിത്രമായിരുന്നു അത്. ആ സിനിമ വേറെ പേരില്‍ പിന്നീട് വന്നു. ഞാന്‍ അദ്ദേഹത്തിനോടൊപ്പം അന്ന് വര്‍ക്ക് ചെയ്തിട്ടില്ല. ഭരതനോടൊപ്പമെല്ലാം വര്‍ക്ക് ചെയ്യുമ്പോള്‍ അദ്ദേഹത്തെ കാണുകയും സംശയങ്ങള്‍ ചോദിക്കുകയുമെല്ലാം ചെയ്യും. ‘അറം’ എന്ന സിനിമയുടെ അനൗണ്‍സ്മെന്റ് എല്ലാം വന്നു. നാനയില്‍ മറ്റോ മാത്രമാണ് അതിന്റെ പേരടിച്ച് വന്നത്.
അതിന് ശേഷം മമ്മൂട്ടി മറ്റൊരു സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി വന്നപ്പോള്‍ ഞാന്‍ അതില്‍ അസോസിയേറ്റ് ആയി വര്‍ക്ക് ചെയ്യുകയായിരുന്നു. അദ്ദേഹം വന്ന് ‘അറം’ എന്ന സിനിമയെ കുറിച്ച് വളരെ വാചാലനായി സംസാരിച്ചിരുന്നു. പിന്നീട് സിനിമ റിലീസായി. എന്നാല്‍ ‘കരിയിലക്കാറ്റുപോലെ’ എന്നായിരുന്നു പേര്.
പിന്നീട് ഞാന്‍ പദ്മരാജന്‍ സാറിനെ കണ്ടപ്പോള്‍ ചോദിച്ചിരുന്നു സാര്‍ ഒരു പേരിട്ടാല്‍ അത് മാറ്റാത്തതാണെല്ലോ, പിന്നെ എന്ത് പറ്റിയെന്ന്. അതിന് അദ്ദേഹം കുറെ നേരം ചിരിച്ചിട്ട് പറഞ്ഞു ‘ആ പേര് മാറ്റാതിരിക്കാന്‍ വേണ്ടി ഞാന്‍ പ്രൊഡ്യൂസറുമായി അടി വരെ ആയെന്ന്’. അദ്ദേഹത്തിന്റെ ജീവിത കാലത്തില്‍ മൊത്തം ഒരിക്കലേ അത് പറ്റിയിട്ടുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് എന്റെ മനസില്‍ എപ്പോഴും ഉണ്ടാകും. ഞാന്‍ പേരിടുമ്പോള്‍ മാക്‌സിമം നിര്‍മാതാക്കള്‍ക്ക് നെഗറ്റീവ് തോന്നാത്ത രീതിയിലുള്ള പേരുകള്‍ ഇടാന്‍ ശ്രമിക്കാറുണ്ട്,’ കമല്‍ പറയുന്നു.