മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു ജോഡിയാണ് കുഞ്ചാക്കോ ബോബന്‍ – ശാലിനി ജോഡി. ഇരുവരും ഒന്നിച്ച നാലാമത്തെയും അവസാനത്തെയും ചിത്രമായിരുന്നു നിറം.
1999ല്‍ പുറത്തിറങ്ങിയ ഈ സിനിമ കമലായിരുന്നു സംവിധാനം ചെയ്തത്. ഇപ്പോള്‍ ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ നിറത്തിന്റെ തമിഴ് റീമേക്കിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ കമല്‍.
‘സിനിമയിലെ പാട്ടിന്റെ ഒരു പോര്‍ഷനില്‍ ശാലിനിയുണ്ടായിരുന്നില്ല . അത് വേറെ ഒന്നും കൊണ്ടായിരുന്നില്ല, അപ്പോഴേക്കും ശാലിനിയുടെ വിവാഹം കഴിഞ്ഞു. അന്ന് അജിത്ത് എന്നെ നേരിട്ട് വിളിച്ച് ആവശ്യപ്പെട്ട കാര്യമായിരുന്നു, കല്യാണത്തിന് ശേഷം ശാലിനിയെ അഭിനയിക്കാന്‍ വിടില്ലെന്ന്.
വ്യക്തിപരമായി അതിന് കാരണമുണ്ട്, ഒന്നും തോന്നരുതെന്നും അതുകൊണ്ട് എത്രയും പെട്ടെന്ന് ഷൂട്ട് തീര്‍ക്കണമെന്നും പറഞ്ഞു. സിനിമയിലെ ഹീറോ തമിഴ് നടന്‍ പ്രശാന്ത് ആയിരുന്നു. അവര്‍ തമ്മിലുള്ള ഈഗോ ക്ലാഷാകാം. പ്രൊഫഷണല്‍ വൈര്യമാകാം. പ്രശാന്ത് മനപൂര്‍വം ഡേറ്റ് തരാതെ നിന്നു.
അങ്ങനെ അത് വലിയ പ്രശ്നമായി. ശാലിനിയെ അജിത്തുമായുള്ള കല്യാണത്തിന്റെ ശേഷവും അഭിനയിപ്പിക്കണം എന്ന വാശി അദ്ദേഹത്തിന് ഉണ്ടായിരിക്കണം. അങ്ങനെയാണ് എനിക്ക് തോന്നിയത്.
ശാലിനിയുടെ കല്യാണത്തിന് മുമ്പ് ഞങ്ങള്‍ ഫിക്സ് ചെയ്ത ഡേറ്റൊക്കെ ഇയാള്‍ എന്തെങ്കിലുമൊക്കെ പറഞ്ഞു മാറ്റും. വരാന്‍ പറ്റില്ലെന്നാണ് മിക്കപ്പോഴും കാരണം പറയാറ്. അതിനിടയില്‍ ശാലിനിയും അച്ഛനും എന്നെ ഇടക്കിടെ വിളിച്ച് പെട്ടെന്ന് അവരുടെ പോര്‍ഷന്‍ മാത്രം ഷൂട്ട് ചെയ്ത് തീര്‍ക്കാന്‍ പറയുന്നുണ്ടായിരുന്നു.
നിവര്‍ത്തിയില്ലാതെ ആയപ്പോള്‍ ഞാന്‍ ശാലിനിയുടെ സീനുകളുടെ ക്ലോസപ്പുകള്‍ എടുത്തു. പ്രശാന്തിന്റെ ഡ്യൂപ്പിനെ വെച്ച് ഒരു സീന്‍ തന്നെ ഞാന്‍ ഷൂട്ട് ചെയ്തിരുന്നു. പക്ഷേ അതിലെ പാട്ടിന്റെ ചില സീനുകള്‍ എടുത്തിരുന്നില്ല. അതിനുള്ള സെറ്റ് ചെയ്യാന്‍ സമയം കിട്ടിയിരുന്നില്ല.
ശാലിനി കല്യാണം കഴിച്ചു പോയതോടെ അജിത്ത് ഷൂട്ടിന് വിടില്ലെന്ന് തന്നെ പറഞ്ഞു. എന്തെങ്കിലും സാധ്യത ഉണ്ടോയെന്നറിയാന്‍ ഞാന്‍ അയാളെ വിളിച്ചിരുന്നു. അതിന് ശേഷം പ്രശാന്ത് ഡേറ്റ് തന്നു. ഷൂട്ടിങ് തുടങ്ങി. ശാലിനിയുടെ ഡ്യൂപ്പിനെ വെച്ച് സീന്‍ ഷൂട്ട് ചെയ്തു.
ശാലിനിയുടെ ഫേസ് വരുന്ന ഷോട്ടിനായി ഞാന്‍ നിറത്തിലെ സീനുകള്‍ കട്ട് ചെയ്‌തെടുത്തു. ഒരേ കോസ്റ്റ്യൂമായത് കൊണ്ട് കുഴപ്പമുണ്ടായിരുന്നില്ല. എന്നാല്‍ അതില്‍ ഒരിടത്ത് ചാക്കോച്ചനെ കാണുന്നുണ്ട്.
അത് ഒഴിവാക്കാന്‍ കഴിഞ്ഞില്ല. അന്ന് തിയേറ്ററില്‍ സിനിമ വന്നപ്പോള്‍ ആരും അത് ശ്രദ്ധിച്ചില്ല. എന്നാല്‍ പിന്നീട് അത് ആളുകള്‍ കണ്ടുപിടിച്ചു. നിറത്തിന്റെ തമിഴില്‍ ചാക്കോച്ചന്‍ അഭിനയിച്ചിട്ടുണ്ടെന്ന് ആളുകള്‍ പറഞ്ഞു തുടങ്ങി,’ കമല്‍ പറഞ്ഞു.
Content Highlight: Director Kamal Talks About Niram Tamil Remake