മലയാള സിനിമയില്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച് സിനിമകളിലൊന്നായിരുന്നു കമല്‍ സംവിധാനം ചെയ്ത് 1999ല്‍ പുറത്തിറങ്ങിയ നിറം. കുഞ്ചാക്കോ ബോബന്‍ ശാലിനി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ സിനിമ ആണ്‍-പെണ്‍ സൗഹൃദങ്ങളുടെ കഥയായിരുന്നു പറഞ്ഞത്. ആ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു നിറം.
എന്നാല്‍ സിനിമ റിലീസ് ചെയ്ത ആദ്യ ദിവസം തിയേറ്ററില്‍ നിന്നും കൂവല്‍ കിട്ടിയെന്ന് പറയുകയാണ് സംവിധായകന്‍ കമല്‍. സിനിമയുടെ കഥയൊന്നും ചിലര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്നും പെണ്‍കുട്ടിയെ എടാ എന്ന് വിളിക്കുന്നത് വലിയ പ്രശ്‌നമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ സിനിമ ജനങ്ങള്‍ ഏറ്റെടുത്തെന്നും സൂപ്പര്‍ ഹിറ്റായെന്നും മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ പറഞ്ഞു.
‘ഞാന്‍ നിറം സിനിമ ചെയ്യുന്നത് രണ്ടായിരത്തിലാണ്. അന്നത്തെ കാലത്തെ ഒരു ന്യുജെന്‍ സിനിമയെന്നൊക്കെ പറയാന്‍ കഴിയുന്ന സിനിമയായിരുന്നു നിറം. അന്ന് സിനിമയിലേക്ക് അങ്ങനെയൊരു വിഷയം തെരഞ്ഞെടുക്കാന്‍ ചില കാരണങ്ങളുണ്ടായിരുന്നു. ആ സിനിമയെടുക്കുന്ന സമയത്ത് എന്റെ മകന്‍ സ്‌കൂളില്‍ പഠിക്കുകയായിരുന്നു. ഞാന്‍ അവനോടും അവന്റെ സുഹൃത്തുക്കളോടും കസിന്‍സ് പിള്ളേരോടുമൊക്കെ സംസാരിക്കുമായിരുന്നു. എന്റെയൊന്നും കാലത്ത് ആണ്‍-പെണ്‍ സൗഹൃദമേ ഇല്ലല്ലോ.
എന്തിന് പറയണം നമ്മുടെ കസിന്‍സുമായിട്ട് പോലും അത്രയൊന്നും നന്നായി സംസാരിക്കാന്‍ അന്ന് കഴിയില്ലായിരുന്നു. ഹൃദയം തുറന്നുള്ള സൗഹൃദം എന്നൊക്കെ പറയില്ലേ അതൊന്നും കസിന്‍സ് പെണ്‍കുട്ടികളോട് പോലും ആ കാലത്ത് ഉണ്ടായിരുന്നില്ല. എന്നാല്‍ എന്റെ മക്കളുടെയൊക്കെ കാലത്ത് ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ നല്ല സൗഹൃദമൊക്കെ എനിക്ക് കാണാന്‍ സാധിച്ചിരുന്നു. ഞാന്‍ അവരോട് ചോദിച്ചിട്ടുണ്ട് നിങ്ങള്‍ക്ക് എങ്ങനെയാണ് ഇത്ര സൗഹൃദത്തോടെ നില്‍ക്കാന്‍ കഴിയുന്നതെന്ന്. അവള്‍ എന്റെ ഫ്രണ്ടല്ലേ എന്ന ഒറ്റ മറുപടി മാത്രമാണ് അവര്‍ അന്ന് പറഞ്ഞത്.
സുഹൃത്ത് എന്ന വാക്കിന്റെ ഒരു അര്‍ത്ഥമുണ്ടല്ലോ, ആണ്‍കുട്ടികളായാലും പെണ്‍കുട്ടികളായാലും പരസ്പരം എടാ എന്ന് വിളിക്കുന്നു. ഇതൊക്കെയാണ് പെട്ടെന്ന് നിറം പോലെയൊരു സിനിമ ചെയ്യാന്‍ എന്നെ പ്രരിപ്പിച്ചത്. അങ്ങനെ തലമുറ മാറുന്നു എന്ന് എനിക്ക് തോന്നി. ആ സിനിമ റിലീസ് ചെയ്യുന്ന സമയത്ത് തിയേറ്റര്‍ മാത്രമല്ലേയുള്ളു മറ്റ് പ്ലാറ്റ്‌ഫോമുകള്‍ ഒന്നുമില്ലല്ലോ. തിയേറ്ററില്‍ വരുന്ന അമ്പത് ശതമാനം ആളുകളും ഈ പുതിയ തലമുറയുടെ ചിന്തകളിലേക്ക് എത്താത്തവരാണ്.
അവരാണ് ആദ്യത്തെ ദിവസം നിറം കാണാന്‍ വന്നത്. അവര്‍ക്ക് ഒട്ടും ആ സിനിമ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. പ്രത്യേകിച്ച് പെണ്‍കുട്ടിയെ എടാ എന്നൊക്കെ വിളിക്കുന്നത് അംഗീകരിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. നിറം റിലീസ് ചെയ്ത ദിവസം തിയേറ്ററില്‍ കൂവലായിരുന്നു. ശരിക്കും നല്ല കൂവലായിരുന്നു തിയേറ്ററില്‍. അപ്പോള്‍ ഞങ്ങള്‍ എല്ലാവരും വിചാരിച്ചത് പടം പൊട്ടിപോയി എന്നാണ്. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ സിനിമയെ ആളുകള്‍ക്ക് കൂടുതല്‍ മനസിലാക്കാന്‍ കഴിഞ്ഞിരുന്നു. അങ്ങനെ പടം കയറി വരികയും വലിയ ഹിറ്റാവുകയും ചെയ്തു,’ കമല്‍ പറഞ്ഞു.
CONTENT HIGHLIGHT: DIRECTOR KAMAL TALKS ABOUT NIRAM MOVIE