| Friday, 19th January 2024, 12:02 pm

ആ സിനിമകള്‍ വലിയ സ്‌ക്രീനില്‍ കാണുമ്പോള്‍ ഞാന്‍ അസ്വസ്ഥതനാകും; കാരണം... കമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏതുതരം സിനിമയാണെങ്കിലും അത് അവതരിപ്പിക്കുന്ന രീതിയനുസരിച്ചാണ് അതിന്റെ തിയേറ്റര്‍ എക്‌സ്പീരിയന്‍സെന്ന് സംവിധായകന്‍ കമല്‍. മമ്മൂട്ടിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രം ഒരുപക്ഷേ തിയേറ്ററില്‍ കാണുമ്പോള്‍ ഉള്ള സുഖം ഒ.ടി.ടിയില്‍ കാണുമ്പോള്‍ കിട്ടില്ലെന്നും പല കൊച്ചു സിനിമകളും തിയേറ്ററില്‍ പോയി കാണുമ്പോള്‍ കിട്ടുന്ന ഫീല്‍ വേറെ എവിടെയും ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

താന്‍ സിനിമകള്‍ ഒ.ടി.ടിയിലും കാണാറുണ്ടെന്ന് പറയുന്ന കമല്‍ പല വലിയ സിനിമകളും അത്തരത്തില്‍ ഒ.ടി.ടിയിലാണ് കാണുന്നതെന്നും ശബ്ദം ഒരുപാട് കൂടികഴിഞ്ഞാല്‍ തനിക്ക് വലിയ അസ്വസ്ഥതയാണെന്നും കൂട്ടിച്ചേര്‍ത്തു.

ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ സ്‌ക്രീനില്‍ വയലന്‍സ് കാണുമ്പോഴും താന്‍ അസ്വസ്ഥതനാകുമെന്ന് കമല്‍ പറയുന്നുണ്ട്.

‘ഞാന്‍ വിശ്വസിക്കുന്നത് ഏതുതരം സിനിമയാണെങ്കിലും ശരി, അത് അവതരിപ്പിക്കുന്ന രീതി അനുസരിച്ചാണ് അതിന്റെ തിയേറ്റര്‍ എക്‌സ്പീരിയന്‍സ് എന്നാണ്.

മലയാളത്തില്‍ ഈയടുത്ത് വന്ന സിനിമ നോക്കുകയാണെങ്കില്‍ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രം ഒരു മാസ് സിനിമയല്ല. പക്ഷേ അത് തിയേറ്ററില്‍ കാണുമ്പോള്‍ ഉള്ള സുഖം ഒ.ടി.ടിയില്‍ കാണുമ്പോള്‍ കിട്ടില്ല.

അതുപോലെ പല കൊച്ചു സിനിമകളും തിയേറ്ററില്‍ പോയി കാണുമ്പോള്‍ കിട്ടുന്ന ഫീല്‍ വേറെ എവിടെയും കിട്ടില്ല. ഞാന്‍ ഒ.ടി.ടിയില്‍ സിനിമ കാണുന്ന ആളാണ്.

പല വലിയ സിനിമകളും ഒ.ടി.ടിയിലാണ് ഞാന്‍ കാണുന്നത്. കാരണം ശബ്ദം ഒരുപാട് കൂടികഴിഞ്ഞാല്‍ എനിക്ക് വലിയ അസ്വസ്ഥതയാണ്. ഒ.ടി.ടിയിലാകുമ്പോള്‍ നമുക്ക് ശബ്ദം കുറച്ചു വെക്കാം.

വലിയ സ്‌ക്രീനില്‍ വയലന്‍സ് കാണുമ്പോഴും ഞാന്‍ അസ്വസ്ഥതനാകും. വലിയ സ്‌ക്രീനില്‍ രക്തവും വെട്ടേറ്റ് തല തെറിക്കുന്നതും ഒന്നും കാണാന്‍ കഴിയില്ല.

അത് ഒ.ടി.ടിയില്‍ കാണുമ്പോള്‍ നമ്മുടെ സൗകാര്യത്തിന് അനുസരിച്ച് ശബ്ദം കുറച്ചോ സ്‌ക്കിപ്പടിച്ചോ കാണാം. ചെറിയ സിനിമകളാണ് ഞാന്‍ കൂടുതലും തിയേറ്ററില്‍ പോയി കാണുന്നത്,’ കമല്‍ പറയുന്നു.


Content Highlight: Director Kamal Talks About Movies

We use cookies to give you the best possible experience. Learn more