മലയാള സിനിമയിലെ മുന്‍നിര സംവിധായകരില്‍ പ്രമുഖനാണ് കമല്‍. കമലിന്റെ സംവിധാനത്തില്‍ 2004ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളാണ് മഞ്ഞുപോലൊരു പെണ്‍കുട്ടിയും പെരുമഴക്കാലവും. ഇരു ചിത്രവും നിരൂപകരില്‍ നിന്ന് മികച്ച പ്രശംസകള്‍ നേടിയിട്ടുണ്ട്.
മഞ്ഞുപോലൊരു പെണ്‍കുട്ടിയും പെരുമഴക്കാലവും ഒരേ സമയം സ്റ്റേറ്റ് അവാര്‍ഡിനയച്ച തന്റെ രണ്ട് സിനിമകളാണെന്നും പെരുമഴകാലത്തിലെ അഭിനയത്തിന് മാമുക്കോയക്ക് അവാര്‍ഡ് കിട്ടുമെന്നാണ് കരുതിയതെന്നും കമല്‍ പറയുന്നു. എന്നാല്‍ അവാര്‍ഡ് അറിഞ്ഞപ്പോള്‍ മികച്ച സഹ നടനുള്ള പുരസ്‌കാരം ലഭിച്ചത് മഞ്ഞുപോലൊരു പെണ്‍കുട്ടിയിലെ പ്രകടനത്തിലിന് ലാലു അലക്സിനാണെന്നും അപ്പോള്‍ മാമുക്കോയക്ക് അവാര്‍ഡ് കിട്ടാത്തതിന്റെ സങ്കടം ആരോടും പറയാന്‍ പറ്റിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലാലു അലക്‌സിന് ലഭിക്കുന്ന ആദ്യത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമായിരുന്നു അതെന്നും ഇപ്പോഴും തന്നെ കണ്ടാല്‍ ലാലു അലക്‌സ് വന്ന് അവാര്‍ഡ് വാങ്ങിത്തന്ന സംവിധായകനാണെന്ന് പറയുമെന്നും കമല്‍ പറയുന്നു. കൗമുദി മൂവിസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അധികം ചര്‍ച്ച ചെയ്യപ്പെടാത്ത പോയ സിനിമയാണ് മഞ്ഞുപോലൊരു പെണ്‍കുട്ടി എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്നാല്‍ ആ ചിത്രത്തിലെ അഭിനയത്തിന് ലാലു അലക്‌സിന് മികച്ച സഹ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു.
അന്ന് പെരുമഴക്കാലവും മഞ്ഞുപോലൊരു പെണ്‍കുട്ടിയും ഒന്നിച്ച് അവാര്‍ഡിനയക്കുകയും പെരുമഴക്കാലത്തില്‍ അഭിനയത്തിന് മാമൂക്കോയക്ക് അവാര്‍ഡ് കിട്ടുമെന്നാണ് ഞങ്ങള്‍ എല്ലാവരും വിചാരിച്ചുകൊണ്ടിരുന്നത്. എന്നാല്‍ അവാര്‍ഡ് വന്നു കഴിഞ്ഞപ്പോള്‍ ലാലു അലക്‌സിന് മഞ്ഞുപോലൊരു പെണ്‍കുട്ടിയിലെ കഥാപാത്രത്തിന് അവാര്‍ഡ് കിട്ടി.
അവാര്‍ഡ് ആര്‍ക്കാണെന്ന് അറിഞ്ഞപ്പോള്‍ എനിക്ക് മാമുക്കോയക്ക് അവാര്‍ഡ് കിട്ടാതെ പോയതിന്റെ സങ്കടം ആരോടും പറയാന്‍ പറ്റാതായി. കാരണം ലാലു അലക്‌സിന് എന്റെ സിനിമയിലൂടെ തന്നെയല്ലേ അവാര്‍ഡ് കിട്ടിയത്. ലാലു അലക്‌സിനെ സംബന്ധിച്ചടത്തോളം ജീവിതത്തില്‍ ആദ്യമായിട്ട് കിട്ടുന്ന അവാര്‍ഡ് കൂടെയാണ്. ഇപ്പോഴും ലാലു അലക്‌സ് എന്നെ കണ്ടാല്‍ പറയുന്ന കാര്യമാണ് എനിക്ക് അവാര്‍ഡ് വാങ്ങിത്തന്ന സംവിധായകനാണെന്ന്,’ കമല്‍ പറയുന്നു.
Content Highlight: Director Kamal Talks About Mamukkoya And Lalu Alax