മഴയത്തും മുന്‍പേയുടെ കഥ പറയാന്‍ മമ്മൂട്ടിയെ വിളിച്ചു; ആ ഒരൊറ്റ കാര്യം മാറ്റാന്‍ അദ്ദേഹം ആവശ്യപ്പെട്ടു: കമല്‍
Film News
മഴയത്തും മുന്‍പേയുടെ കഥ പറയാന്‍ മമ്മൂട്ടിയെ വിളിച്ചു; ആ ഒരൊറ്റ കാര്യം മാറ്റാന്‍ അദ്ദേഹം ആവശ്യപ്പെട്ടു: കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 17th January 2024, 1:47 pm

ശ്രീനിവാസന്‍ തിരക്കഥയെഴുതി കമല്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു മഴയെത്തും മുന്‍പേ. 1995ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകനായെത്തിയത്.

ഒപ്പം ശോഭന, ആനി, ശ്രീനിവാസന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നന്ദകുമാര്‍ എന്ന കോളേജ് പ്രൊഫസറായാണ് മമ്മൂട്ടിയെത്തിയത്.

ഉമാ മഹേശ്വരിയായി ശോഭനയും ശ്രുതിയെന്ന കഥാപാത്രമായി ആനിയുമെത്തിയ ചിത്രത്തിലൂടെ ആനിക്ക് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു.

ഇപ്പോള്‍ രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ ആ സിനിമയുടെ കഥ പറയാനായി താനും ശ്രീനിവാസനും മമ്മൂട്ടിയെ വിളിച്ചതിനെ പറ്റി പറയുകയാണ് സംവിധായകന്‍ കമല്‍.

ആ സിനിമയുടെ സ്‌ക്രിപ്‌റ്റോ കഥയോ തങ്ങള്‍ മമ്മൂട്ടിയോട് പറഞ്ഞിരുന്നില്ലെന്നും ഇത്തരത്തിലാണ് മുമ്പ് പല സിനിമയും ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു.

‘മഴയെത്തും മുന്‍പേ എന്ന സിനിമയുടെ കഥ ആയതിന് ശേഷമാണ് ഞാനും ശ്രീനിവാസനും മമ്മൂട്ടിയെ ഫോണ്‍ ചെയ്ത് കാര്യം പറയുന്നത്. ഫോണിലാണ് പറയുന്നതെന്ന് ഓര്‍ക്കണം. അന്ന് ഒറ്റ വാക്കിലാണ് കഥ മമ്മൂട്ടിയോട് പറയുന്നത്, അത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്.

അദ്ദേഹത്തെ വിളിച്ചിട്ട് ഒരു കഥ കിട്ടിയിട്ടുണ്ട് ശ്രീനിക്ക് ഫോണ്‍ കൊടുക്കാമെന്നും പറഞ്ഞ് ഞാന്‍ ഫോണ്‍ ശ്രീനിവാസന്റെ കയ്യില്‍ കൊടുത്തു. അന്ന് ശ്രീനി പറഞ്ഞത് ‘എടോ, നമ്മള്‍ ഒരു പടം ചെയ്യുന്നു. നിങ്ങളുടെ കഥാപാത്രം വനിതാ കോളേജില്‍ പുതുതായി വരുന്ന സുന്ദരനായ ഒരു വയസന്‍ അധ്യാപകനാണ്’ എന്നായിരുന്നു.

അത് കേട്ടത് ഉടനെ മമ്മൂട്ടി പറഞ്ഞു ‘അതില്‍ നിന്ന് ഒരു വാക്ക് എടുത്ത് മാറ്റണം. വയസന്‍ എന്നുള്ള വാക്ക്. പകരം ചെറുപ്പക്കാരനും സുന്ദരനുമായ അധ്യാപകന്‍ എന്നാക്കണം’ എന്ന്. ഈ ഡയലോഗ് മാത്രമേ ആ സിനിമയേ പറ്റി പറഞ്ഞിട്ടുള്ളു.

പിന്നെ ആ സിനിമയുടെ സ്‌ക്രിപ്‌റ്റോ കഥയോ ഞങ്ങള്‍ മമ്മൂട്ടിയോട് പറഞ്ഞിട്ടില്ല. അന്ന് തിരകഥാകൃത്തിനും സംവിധായകനും നടനും ഇടയില്‍ അങ്ങനെയൊരു ഫ്രീഡം ഉണ്ടായിരുന്നു. ഇത്തരത്തിലാണ് മുമ്പ് പല സിനിമയും ഉണ്ടായിട്ടുള്ളത്,’ കമല്‍ പറഞ്ഞു.


Content Highlight: Director Kamal Talks About Mammootty And Mazhayethum Munpe