| Tuesday, 20th August 2024, 11:52 am

അന്ന് അഴകിയ രാവണനില്‍ നായികയായി മമ്മൂക്ക സജസ്റ്റ് ചെയ്തത് ആ കന്നഡ ലേഡി സൂപ്പര്‍സ്റ്റാറിനെ: കമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശ്രീനിവാസന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് അഴകിയ രാവണന്‍. മമ്മൂട്ടി നായകനായി 1996ല്‍ പുറത്തിറങ്ങിയ സിനിമയില്‍ ഭാനുപ്രിയ, ശ്രീനിവാസന്‍, ഇന്നസെന്റ്, ബിജു മേനോന്‍, രാജന്‍ പി. ദേവ്, കൊച്ചിന്‍ ഹനീഫ തുടങ്ങിയ മികച്ച താരനിര തന്നെ ഒന്നിച്ചിരുന്നു.

അനുരാധ എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ ഭാനുപ്രിയ എത്തിയത്. എന്നാല്‍ ആദ്യം അനുരാധ എന്ന കഥാപാത്രത്തിലേക്ക് ഭാനുപ്രിയയെ ആയിരുന്നില്ല തങ്ങള്‍ ഉദ്ദേശിച്ചതെന്ന് പറയുകയാണ് സംവിധായകന്‍ കമല്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആദ്യം അനുരാധ എന്ന കഥാപാത്രത്തിലേക്ക് ഭാനുപ്രിയയെ ആയിരുന്നില്ല ഞങ്ങള്‍ ഉദ്ദേശിച്ചത്. മമ്മൂക്ക മറ്റൊരാളെ സജസ്റ്റ് ചെയ്തിരുന്നു. കന്നഡയില്‍ അന്ന് വലിയ ഒരു നായിക ഉണ്ടായിരുന്നു. മാലാശ്രീ എന്നായിരുന്നു അവരുടെ പേര്. തെലുങ്കിലും അഭിനയിച്ച അവര്‍ കന്നഡയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആയിരുന്നു.

അന്ന് തമിഴില്‍ പ്രഭുവൊക്കെ അഭിനയിച്ച് വലിയ ഹിറ്റായ ചിന്നതമ്പി എന്ന ഒരു സിനിമ ഉണ്ടായിരുന്നു. ഖുശ്ബു ആദ്യമായി നായികയായി എത്തുന്ന സിനിമയായിരുന്നു അത്. ആ സിനിമ കന്നഡയില്‍ വന്നപ്പോള്‍ നായികയായത് മാലാശ്രീ ആയിരുന്നു. അവിടെ ആ സിനിമ വലിയ ഹിറ്റായി. പൊലീസ് വേഷങ്ങളൊക്കെ സ്ഥിരം ചെയ്യുന്ന നടി കൂടെയായിരുന്നു അവര്‍. ആ നടി അഭിനയിച്ച ചില സിനിമകള്‍ ഞാന്‍ കണ്ടിരുന്നു.

മമ്മൂക്ക ഏതോ ഒരു സിനിമയില്‍ അഭിനയിച്ചിരുന്നു. അങ്ങനെ അവരെ പരിചയമുള്ളത് കൊണ്ടായിരുന്നു മമ്മൂക്ക അഴകിയ രാവണനിലേക്ക് സജസ്റ്റ് ചെയ്തത്. അവര് വന്നാല്‍ നന്നാകും, നല്ല ആക്ട്രസ് ആണെന്നൊക്കെ ആയിരുന്നു അദ്ദേഹം ഞങ്ങളോട് പറഞ്ഞത്. അങ്ങനെ ഇവരെ ഞങ്ങള്‍ തീരുമാനിച്ചു.

അവരെ കണ്ട് സംസാരിച്ച ശേഷം ഷൂട്ടിങ്ങ് തുടങ്ങാന്‍ പിന്നെയും ഒന്നൊന്നര മാസം സമയം ഉണ്ടായിരുന്നു. എനിക്ക് അവരെ കണ്ട് സംസാരിച്ച ശേഷം എന്തുകൊണ്ടോ അവര് മതിയോ എന്ന തോന്നല് ഉണ്ടായിരുന്നു. പക്ഷെ ഫേയ്മസായ നടിയായത് കൊണ്ട് അവരെ തന്നെ തീരുമാനിക്കുകയായിരുന്നു.

ഷൂട്ടിങ് തുടങ്ങി രണ്ട് ദിവസം കഴിഞ്ഞാണ് ആ നടി ലൊക്കേഷനിലേക്ക് വരേണ്ടത്. ആദ്യത്തെ ഒന്നുരണ്ട് ദിവസം ശ്രീനിയുടെയും കൊച്ചിന്‍ ഹനീഫയുടെയും സീനുകളായിരുന്നു എടുക്കേണ്ടത്. ഇതിനിടയില്‍ മാലാശ്രീ അഡ്വാന്‍സ് കൊടുത്ത പ്രൊഡ്യൂസറിനെ ഒരിക്കല്‍ വിളിച്ചിരുന്നു.

‘എന്നെ ഈ അടുത്ത് സംവിധായകന്‍ കണ്ടിട്ടുണ്ടോ? അന്ന് വന്ന് കണ്ടിട്ട് ഇപ്പോള്‍ രണ്ട് മാസത്തോളമായില്ലേ. എനിക്ക് ഇതിന്റെ ഇടയില്‍ കുറച്ച് വണ്ണം കൂടിയിട്ടുണ്ടോയെന്ന് ഒരു സംശയമുണ്ട്. അത് അദ്ദേഹത്തിനോട് പറഞ്ഞേക്കൂ’ എന്നായിരുന്നു അവര് അയാളോട് പറഞ്ഞത്.

പ്രൊഡ്യൂസര്‍ തിരക്കിന്റെ ഇടയില്‍ ഇത് എന്നോട് പറയാന്‍ മറന്നു പോയിരുന്നു. ഞങ്ങളുടെ ഭാഗത്ത് നിന്ന് മറുപടിയൊന്നും ഇല്ലാത്തത് കൊണ്ട് അവര് പിന്നെ ഒന്നും പറഞ്ഞില്ല. പറഞ്ഞത് പോലെ തന്നെ രണ്ടാമത്തെ ദിവസം ലൊക്കേഷനില്‍ എത്തി. ആ സമയത്ത് നായികയെ കാണാനായി കാത്തിരിക്കുകയാണ് എല്ലാവരും.

അന്ന് അവര് വരുന്നത് കണ്ടിട്ട് നായികയുടെ അമ്മയാകും വരുന്നത് എന്നാണ് കരുതിയത്. കാരണം അവര്‍ക്ക് നല്ല തടിയുണ്ടായിരുന്നു. ഞാന്‍ അന്തംവിട്ട് നോക്കി നിന്നു. ഞാന്‍ മമ്മൂക്കയോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിനും കാര്യം അറിയില്ലായിരുന്നു. ശരിക്കും നടന്നത് പിന്നീടാണ് അറിഞ്ഞത്.

അതായത് ഈ രണ്ട് മാസത്തിന്റെ ഇടയില്‍ മാലാശ്രീക്ക് ഒരു ആക്‌സിഡന്റ് നടന്നിരുന്നു. ട്രീറ്റ്‌മെന്റിന്റെ ഭാഗമായി മരുന്ന് കഴിക്കുകയോ മറ്റോ ചെയ്തിട്ട് ശരീരം വണ്ണം വെക്കുകയായിരുന്നു. ഈ മാറ്റം ഞങ്ങള്‍ കണ്ടിട്ടില്ലല്ലോ. പ്രൊഡ്യൂസറാണെങ്കില്‍ പറഞ്ഞിട്ടുമില്ല.

അതോടെ ഞങ്ങള്‍ക്ക് ആകെ ടെന്‍ഷനായി. പ്രൊഡ്യൂസറിനെ വിളിച്ച് മമ്മൂക്ക കുറേ വഴക്ക് പറഞ്ഞു. ഇതിനിടയില്‍ മാലാശ്രീയോട് അവിടെ സെറ്റില്‍ ഇരിക്കാന്‍ പറഞ്ഞതായിരുന്നു. വൈകുന്നേരം ആയപ്പോള്‍ കുറച്ച് സ്റ്റില്‍ എടുത്തതല്ലാതെ മറ്റൊന്നും ചെയ്തിരുന്നില്ല. നാളെയാണ് ഷൂട്ടിങ് എന്ന് പറഞ്ഞ് അവരെ മുറിയിലേക്ക് പറഞ്ഞയച്ചു.

എങ്ങനെ അവരെ ഒഴിവാക്കും എന്നോര്‍ത്ത് മമ്മൂട്ടിയും ആകെ ടെന്‍ഷനായി. അവസാനം പ്രൊഡക്ഷന്‍ കണ്‍ട്രോളറിനോട് കാര്യം പറഞ്ഞു. അവരോട് ഈ കാര്യം സംസാരിക്കാന്‍ അയാളെ ഏല്‍പ്പിച്ചു. അവര്‍ക്ക് ആ ക്യാരക്ടര്‍ മാച്ച് ആകാത്തതാണ് പ്രശ്‌നമായത്. എന്നാല്‍ മാലാശ്രീക്ക് ആദ്യ ദിവസം എന്റെ മുഖം കണ്ടപ്പോള്‍ തന്നെ കാര്യം മനസിലായിരുന്നു. അവര്‍ എന്നെ കാണണമെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറിനോട് ആവശ്യപ്പെട്ടു.

‘ഞാന്‍ പ്രൊഡ്യൂസറിനോട് ആദ്യമേ തന്നെ കാര്യം പറഞ്ഞതായിരുന്നു. സാരമില്ല, സംഭവിക്കാനുള്ളത് സംഭവിച്ചു. നിങ്ങളുടെ കഥാപാത്രം ഞാനല്ലെന്ന് മനസിലായി. ഒരുപാട് സിനിമകള്‍ ചെയ്ത ആളാണ് ഞാന്‍. തെറ്റായ കാസ്റ്റിങ് ഒരു സിനിമയിലും ഉണ്ടാവാന്‍ പാടില്ല. അതിനാല്‍ എനിക്ക് യാതൊരു പിണക്കവുമില്ല. ഞാന്‍ പോയ്‌ക്കോളാം. എനിക്ക് ഒരു ആഗ്രഹം മാത്രമേയുള്ളു, നിങ്ങളുടെ കൂടെയൊക്കെ നിന്ന് ഒരു സ്റ്റില്‍ എടുക്കണം’ എന്ന് പറഞ്ഞു.

അവര്‍ അഡ്വാന്‍സ് അപ്പോള്‍ തന്നെ പ്രൊഡ്യൂസര്‍ക്ക് തിരികെ കൊടുത്തു. അതോടെ എനിക്ക് വലിയ വിഷമമായി. ഇങ്ങനെയാകും അവരുടെ റിയാക്ഷനെന്ന് ഞാന്‍ കരുതിയിരുന്നില്ല. മമ്മൂക്കയോട് ഞാന്‍ അപ്പോള്‍ തന്നെ ചെന്ന് കാര്യം പറഞ്ഞു. അങ്ങനെ അവര് റെഡിയായി വന്നതും മമ്മൂക്കയുടെ മുറിയില്‍ ഇരുന്ന് ഞങ്ങള്‍ സ്റ്റില്‍ എടുത്തു. അന്നെനിക്ക് വലിയ വിഷമം തോന്നി,’ കമല്‍ പറഞ്ഞു.


Content Highlight: Director Kamal Talks About Malashri And Mammootty

Latest Stories

We use cookies to give you the best possible experience. Learn more