എന്റെ സിനിമയിലൂടെ ആ നടന് ജീവിതത്തിലെ ഏക സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു: കമല്‍
Entertainment
എന്റെ സിനിമയിലൂടെ ആ നടന് ജീവിതത്തിലെ ഏക സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു: കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 29th November 2024, 4:22 pm

കാലങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സംവിധായകനാണ് കമല്‍. 1986ല്‍ പുറത്തിറങ്ങിയ മിഴിനീര്‍പൂക്കള്‍ എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായി കമല്‍ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ മുന്‍നിര നായകന്മാരുടെയൊപ്പമെല്ലാം മികച്ച സിനിമകള്‍ സമ്മാനിച്ച അദ്ദേഹം നിരവധി സൂപ്പര്‍ഹിറ്റുകളും ഒരിക്കിയിട്ടുണ്ട്.

താന്‍ ചെയ്ത ചിത്രങ്ങളില്‍ അധികം ചര്‍ച്ചചെയ്യപ്പെടാതെ പോയ സിനിമ മഞ്ഞുപോലൊരു പെണ്‍കുട്ടിയാണെന്ന് കമല്‍ പറയുന്നു. എന്നാല്‍ ചിത്രത്തിലെ അഭിനയത്തിന് ലാലു അലക്‌സിന് മികച്ച സഹ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നെന്നും ലാലു അലക്‌സിന് ജീവിതത്തില്‍ കിട്ടിയ ആദ്യത്തെ അവാര്‍ഡായിരുന്നു അതെന്നും കമല്‍ പറഞ്ഞു.

താന്‍ ചെയ്ത മഞ്ഞുപോലൊരു പെണ്‍കുട്ടിയും പെരുമഴക്കാലവും ഒന്നിച്ചായിരുന്നു അവാര്‍ഡിനയച്ചതെന്നും ആ സമയത്ത് പെരുമഴക്കാലത്തില്‍ പ്രകടനത്തിന് മാമുക്കോയക്ക് അവാര്‍ഡ് കിട്ടുമെന്നാണ് പ്രതീക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവിസില്‍ സംസാരിക്കുകയായിരുന്നു കമല്‍.

‘അധികം ചര്‍ച്ച ചെയ്യപ്പെടാതെ പോയ സിനിമയാണ് മഞ്ഞുപോലൊരു പെണ്‍കുട്ടി എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്നാല്‍ ആ ചിത്രത്തിലെ അഭിനയത്തിന് ലാലു അലക്സിന് മികച്ച സഹ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു.

അന്ന് പെരുമഴക്കാലവും മഞ്ഞുപോലൊരു പെണ്‍കുട്ടിയും ഒന്നിച്ച് അവാര്‍ഡിനയക്കുകയും പെരുമഴക്കാലത്തില്‍ അഭിനയത്തിന് മാമൂക്കോയക്ക് അവാര്‍ഡ് കിട്ടുമെന്നാണ് ഞങ്ങള്‍ എല്ലാവരും വിചാരിച്ചുകൊണ്ടിരുന്നത്. എന്നാല്‍ അവാര്‍ഡ് വന്നു കഴിഞ്ഞപ്പോള്‍ ലാലു അലക്സിന് മഞ്ഞുപോലൊരു പെണ്‍കുട്ടിയിലെ കഥാപാത്രത്തിന് അവാര്‍ഡ് കിട്ടി.

അവാര്‍ഡ് ആര്‍ക്കാണെന്ന് അറിഞ്ഞപ്പോള്‍ എനിക്ക് മാമുക്കോയക്ക് അവാര്‍ഡ് കിട്ടാതെ പോയതിന്റെ സങ്കടം ആരോടും പറയാന്‍ പറ്റാതായി. കാരണം ലാലു അലക്സിന് എന്റെ സിനിമയിലൂടെ തന്നെയല്ലേ അവാര്‍ഡ് കിട്ടിയത്. ലാലു അലക്സിനെ സംബന്ധിച്ചടത്തോളം ജീവിതത്തില്‍ ആദ്യമായിട്ട് കിട്ടുന്ന അവാര്‍ഡ് കൂടെയാണ്. ഇപ്പോഴും ലാലു അലക്സ് എന്നെ കണ്ടാല്‍ പറയുന്ന കാര്യമാണ് എനിക്ക് അവാര്‍ഡ് വാങ്ങിത്തന്ന സംവിധായകനാണെന്ന്,’ കമല്‍ പറയുന്നു.

Content Highlight: Director Kamal Talks About Lalu Alex