| Saturday, 17th August 2024, 9:23 pm

ആ മമ്മൂട്ടി ചിത്രത്തിലെ ഹിറ്റ് ഗാനം അന്ന് കൈതപ്രം വലിച്ചെറിഞ്ഞ കവിത: കമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശ്രീനിവാസന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് അഴകിയ രാവണന്‍. മമ്മൂട്ടി നായകനായി 1996ല്‍ പുറത്തിറങ്ങിയ സിനിമയില്‍ ഭാനുപ്രിയ, ശ്രീനിവാസന്‍, ഇന്നസെന്റ്, ബിജു മേനോന്‍, രാജന്‍ പി. ദേവ്, കൊച്ചിന്‍ ഹനീഫ തുടങ്ങിയ മികച്ച താരനിര തന്നെ ഒന്നിച്ചിരുന്നു. സംഗീത സംവിധായകന്‍ വിദ്യാസാഗറിന്റെ ആദ്യ മലയാള ചിത്രമായിരുന്നു അഴകിയ രാവണന്‍.

സിനിമയിലെ എല്ലാ പാട്ടുകള്‍ക്കും വരികള്‍ എഴുതിയിരിക്കുന്നത് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ്. അഴകിയ രാവണനില്‍ മലയാളികള്‍ക്ക് ഇന്നും ഏറെ പ്രിയപ്പെട്ട പാട്ടാണ് ‘വെണ്ണിലാ ചന്ദനക്കിണ്ണം’. ആ പാട്ടിനെ കുറിച്ചും കൈതപ്രത്തെ കുറിച്ചും പറയുകയാണ് സംവിധായകന്‍ കമല്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കൈതപ്രം അഴകിയ രാവണന്‍ സിനിമക്കായി പാട്ട് എഴുതാന്‍ ഇരുന്നു. പക്ഷെ എത്രയായിട്ടും പാട്ടൊന്നും ശരിയായില്ല. അന്ന് രാത്രി ഭക്ഷണം കഴിക്കുന്ന സമയത്ത് ‘എന്റെ മൂഡ് ശരിയാകുന്നില്ല. അതുകൊണ്ട് എഴുതിയതൊന്നും ശരിയായി വരുന്നില്ല’ എന്നാണ് അദ്ദേഹം പറഞ്ഞത്.

സാധാരണ സംഭവിക്കാറുള്ളത്, രാത്രി ഞാന്‍ എന്റെ മുറിയില്‍ പോയി കിടന്നുറങ്ങും. പിന്നെ ഇടക്ക് അദ്ദേഹം വന്ന് വാതിലില്‍ തട്ടും. അല്ലെങ്കില്‍ മുറിയിലെ ലാന്‍ഡ് ഫോണിലേക്ക് കൈതപ്രത്തിന്റെ കോള്‍ വരും. ചിലപ്പോള്‍ രാത്രി രണ്ട് മണിക്കൊക്കെയാകും അദ്ദേഹം വിളിക്കുന്നത്.

പതിവ് പോലെ അന്ന് രാത്രി രണ്ട് മണി കഴിഞ്ഞതും അദ്ദേഹം വിളിച്ചു. മുറിയിലേക്ക് വരുമോ എന്ന് ചോദിച്ചതും ഞാന്‍ ചെന്നു. കൈതപ്രം അവിടെ കിടക്കുകയാണ്. അദ്ദേഹം ‘ഞാന്‍ എഴുതിയിട്ട് ഒന്നും ശരിയാവുന്നില്ല’ എന്ന് പറഞ്ഞ് എനിക്ക് കുറേ വരികള്‍ എഴുതിയ ഒരു ഫയല്‍ കാണിച്ചു തന്നു.

പല്ലവി മാത്രമേ ഉണ്ടായിരുന്നുള്ളു. ‘എനിക്ക് ഇതിലൊന്നും ഒരു തൃപ്തി വരുന്നില്ല. കമല്‍ ഒന്നു നോക്കൂ’വെന്നും അദ്ദേഹം പറഞ്ഞു. വായിച്ച് നോക്കിയിട്ട് എനിക്കും ഒരു തൃപ്തി വരുന്നില്ലായിരുന്നു. ഞാന്‍ ആ സമയം ചുറ്റും നോക്കുമ്പോള്‍ നിലത്ത് ചുരുട്ടി എറിഞ്ഞ കുറേ കടലാസുകള്‍ കണ്ടു.

ഇതൊക്കെ എന്താണെന്ന് ചോദിച്ചപ്പോള്‍ ‘വരികള്‍ എഴുതിയിട്ട് കളഞ്ഞതാണ്’ എന്ന് മറുപടി പറഞ്ഞു. ഞാന്‍ വെറുതെ അതൊക്കെ എടുത്ത് തുറന്നു നോക്കി. കമല്‍ അത് നോക്കണ്ട എന്നായിരുന്നു കൈതപ്രം എന്നോട് പറഞ്ഞത്. എന്നിട്ടും ഞാന്‍ അതൊക്കെയെടുത്ത് നോക്കി.

ഓരോന്നും എടുത്ത് വായിച്ച് നോക്കിയ ഞാന്‍ ഓരോന്നായി കളഞ്ഞു. ഇടക്ക് ഒരു കടലാസ് എടുത്ത് വായിച്ചപ്പോഴാണ് അതില്‍ ‘വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമട കായലില്‍ വീണേ’ എന്ന വരികള്‍ കണ്ടത്. ഉടനെ ഇത് നല്ല വരികളാണല്ലോയെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അങ്ങനെ ഇത് മതിയോ എന്ന് ചോദിച്ച് കൈതപ്രം ആ കടലാസ് എടുത്ത് രണ്ടാമതും എഴുതി,’ കമല്‍ പറഞ്ഞു.


Content Highlight: Director Kamal Talks About Kaithapram And Vennila Chandhanakkinnam Song In Mammootty’s Azhakiya Ravanan Movie

We use cookies to give you the best possible experience. Learn more