തോന്നയ്ക്കല്‍ പഞ്ചായത്തിലെ ഓരോ അരിമണിയും എന്ന ഡയലോഗ് അത്രയും ഹിറ്റാക്കിയത് അയാളാണ്: കമല്‍
Entertainment
തോന്നയ്ക്കല്‍ പഞ്ചായത്തിലെ ഓരോ അരിമണിയും എന്ന ഡയലോഗ് അത്രയും ഹിറ്റാക്കിയത് അയാളാണ്: കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 5th September 2024, 4:39 pm

മമ്മൂട്ടിയെ നായകനാക്കി കമല്‍ സംവിധാനം ചെയ്തത് 1996ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അഴകിയ രാവണന്‍. ശ്രീനിവാസന്‍ രചന നിര്‍വഹിച്ച ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് വിദ്യാസാഗറാണ്.

കോമഡിക്ക് പ്രാധാന്യം കൊടുത്ത ചിത്രം എന്നാല്‍ അന്ന് ബോക്‌സ് ഓഫീസില്‍ പരാജയമാകുകയായിരുന്നു. എന്നാല്‍ കാലങ്ങള്‍ക്കിപ്പുറം അഴകിയ രാവണിലെ പല ഡയലോഗുകളും ആളുകള്‍ക്കിടയില്‍ ഹിറ്റാണ്.

ചിത്രത്തില്‍ കരയോഗം പ്രസിഡന്റായി എത്തിയത് ഇന്നസെന്റ് ആയിരുന്നു. കരയോഗം പ്രസിഡണ്ട് ആദ്യമായി സിനിമയില്‍ അഭിനയിക്കാന്‍ വരുന്ന രംഗം വളരെ മനോഹരമായാണ് അദ്ദേഹം ചെയ്ത് വെച്ചത്. ഓരോ വീടും അരിച്ച് പെറുക്കി എന്ന് തുടങ്ങുന്ന സിനിമയിലെ ഡയലോഗ് അത്രയും നന്നയി ഫലിച്ചത് ഇന്നസെന്റ് എന്ന നടന്റെ കഴിവാണെന്ന് പറയുകയാണ് കമല്‍. കൗമുദി മൂവീസില്‍ സംസാരിക്കുകയാണ് അദ്ദേഹം.

‘കരയോഗം പ്രസിഡന്റിനെ അഭിനയിപ്പിക്കാനായിട്ട് തീരുമാനിച്ച് ഇയാള്‍ അഭിനയിക്കാന്‍ വരുന്നു. അയാള്‍ കാറില്‍ വന്ന് ഇറങ്ങുന്നത് തന്നെ നല്ല രാസമായിട്ടാണല്ലോ. വന്നിട്ട് ഒരു ഡയലോഗ് പറയണം, തോന്നയ്ക്കല്‍ പഞ്ചായത്തിലെ എല്ലാ വീടും അരിച്ച് പെറുക്കി എന്നുള്ളതാണ് കറക്റ്റ് ഡയലോഗ്.

ഇത് അപ്പോള്‍ ശ്രീനി ലൊക്കേഷനില്‍ ഇരുന്ന് എഴുതിയ ഡയലോഗ് ആണ്. ഇത് വെറുതെ ഒരു സാധാരണ ഡയലോഗ് പറയുന്ന രീതിയില്‍ പറഞ്ഞാല്‍ മതി എന്നുള്ളതാണ് ആദ്യം ആലോചിക്കുന്നത്. പക്ഷെ അത് ഇന്നസെന്റ് ഇമ്പ്രോവൈസ് ചെയ്തത് പറഞ്ഞു വന്നപ്പോള്‍ ഉണ്ടാക്കിയ ഒരു ചിരി ഉണ്ടല്ലോ.

ക്ലാപ് അടിക്കാന്‍ വരുന്നത് കാണുമ്പോള്‍ അയാള്‍ക്കുണ്ടാകുന്ന ആ വെപ്രാളം ഒക്കെ ഒരുപാട് സിനിമകളില്‍ നേരിട്ട് ഞങ്ങള്‍ കണ്ടിട്ടുള്ളതാണ്. പുതിയതായിട്ട് അഭിനയിക്കാന്‍ വരുന്ന ആള്‍ക്കാരുടെ ക്യാമറ കണ്ടുകഴിഞ്ഞാലും ചുറ്റും കൂടി നില്‍ക്കുന്ന ആളുകളെ കണ്ടാലും ഉണ്ടാകുന്ന ഒരു വെപ്രാളം ഉണ്ടല്ലോ, അത് കറക്റ്റ് ആയിട്ട് കാണിക്കാന്‍ ഇന്നസെന്റിന് കഴിഞ്ഞു.

ഇപ്പോഴാണെങ്കില്‍ അരിപെറുക്കുക എന്ന് പറയുന്നത് ഒരു ഫ്രെയ്‌സ് ആയിട്ട് മാറിയിട്ടുണ്ട്. സിനിമയിലൊക്കെ ഒരാള്‍ ഡയലോഗ് തെറ്റിച്ച് കഴിഞ്ഞാല്‍ പറയും അയാള്‍ അവിടെ കിടന്ന് അരി പെറുക്കുകയാണെന്ന്. അങ്ങനെ ഫ്രെയ്‌സ് ആയി മാറുന്ന രീതിയില്‍ ആ ഡയലോഗ് വന്നു എന്നുള്ളതാണ്,’ കമല്‍ പറയുന്നു.

Content  Highlight: Director Kamal Talks About Innocent In Azhakiya Ravanan