| Saturday, 22nd July 2023, 3:30 pm

നക്‌സലിസത്തെ കുറിച്ചുള്ള എന്റെ ചിന്തകള്‍ മാറ്റിയത് ദാവീദേട്ടനായിരുന്നു: കമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നക്‌സലിസത്തെ കുറിച്ചുള്ള തന്റെ ചിന്തകള്‍ക്ക് മാറ്റം വരുത്തിയത് നാട്ടിലെ ലൈബ്രേറിയനും പിതാവിന്റെ സുഹൃത്തുമായിരുന്ന ദാവീദ് എന്നയാളായിരുന്നു എന്ന് സംവിധായകന്‍ കമല്‍. തന്നെ വായിക്കാന്‍ പ്രേരിപ്പിച്ചതും പുല്‍പള്ളി വെടിവെപ്പും, കെ അജിതയും, കോങ്ങാട് സംഭവവും അടക്കമുള്ള നക്‌സലിസത്തെ കുറിച്ചുള്ള വിവരങ്ങള്‍ പറഞ്ഞുതന്നതും അദ്ദേഹമായിരുന്നു എന്നും കമല്‍ പറഞ്ഞു.

നക്‌സലൈറ്റുകള്‍ അത്യാവശ്യം ഭൂസ്വത്തുള്ള തന്റെ പിതാവിന്റെയും തലവെട്ടുമോ എന്നുള്ള ഭയം പിതാവിനുണ്ടായിരുന്നു എന്നും അതുണ്ടാകില്ല എന്ന് തന്നോട് പറഞ്ഞതും ദാവീദായിരുന്നു എന്നും കമല്‍ പറഞ്ഞു. സഫാരി ടി.വിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കമല്‍.

‘കെ.അജിതയെ കുറിച്ചും നക്‌സലിസത്തെ കുറിച്ചും എനിക്ക് വീട്ടില്‍ നിന്ന് കിട്ടിയിരുന്ന ചിത്രം ഭീകരമായിരുന്നു. എന്നാല്‍ ദാവീദേട്ടനാണ് പിന്നീട് എന്നോട് നക്‌സലിസത്തെ കുറിച്ച് പറയുന്നത്. കെ.അജിതയെ പൊലീസ് സ്റ്റേഷനിലെ മേശയില്‍ കയറ്റി നിര്‍ത്തി ആ ഫോട്ടോ ആദ്യമായി കാണിക്കുന്നതും അജിത ആരാണെന്ന് പറഞ്ഞതും അദ്ദേഹമായിരുന്നു.

വീട്ടില്‍ നിന്ന് കേട്ടതല്ല യാഥാര്‍ത്ഥ്യമെന്ന് അപ്പോഴാണ് ഞാന്‍ മനസിലാക്കുന്നത്. നക്‌സലിസത്തിന് മറ്റൊരു വശമുണ്ടെന്നും ചില പ്രത്യേക കാരണങ്ങള്‍ കൊണ്ടാണ് സായുധ വിപ്ലവം സംഭവിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ചെഗുവേരയെ കുറിച്ചും കാസ്‌ട്രോയെ കുറിച്ചുമൊക്കെ അദ്ദേഹം എനിക്ക് പറഞ്ഞു തന്നിരുന്നു.

എന്റെ സ്‌കൂള്‍ കാലഘട്ടത്തിലാണ് പുല്‍പള്ളി കേസും കോങ്ങാട് നാരായണന്‍ നായരുടെ തലവെട്ടുന്നതുമൊക്കെ സംഭവിക്കുന്നത്. ഈ സമയത്ത് എന്റെ പിതാവും അദ്ദേഹത്തിന്റെ സഹോദരനുമൊക്കെ ചിന്തിച്ചിരുന്നത് അത്യാവശ്യം ഭൂസ്വത്തൊക്കെ ഉണ്ടായിരുന്നത് കൊണ്ട് നക്‌സലൈറ്റുകള്‍ തങ്ങളെയും ഉപദ്രവിക്കുമെന്നായിരുന്നു. വീട്ടില്‍ ഭക്ഷണം കഴിക്കുമ്പോഴൊക്കെ ഇത് സംബന്ധിച്ച ചര്‍ച്ചകളുണ്ടായിരുന്നു.

പാവങ്ങളെ ഉപദ്രവിക്കുന്നരുടെയും ദ്രോഹം ചെയ്യുന്നവരുടെയും തലയാണ് വെട്ടുന്നത് എന്നായിരുന്നു ഉമ്മ പറഞ്ഞിരുന്നത്. ആളുമാറി ചെയ്താലോ എന്ന ആശങ്കയും പിതാവടക്കമുള്ളവര്‍ പങ്കുവെച്ചിരുന്നു. ഇതെല്ലാം കേട്ട് എന്നിലുണ്ടായ സംശയങ്ങളെല്ലാം ഞാന്‍ ദാവീദേട്ടനോട് പോയി ചോദിക്കും. പാവപ്പെട്ടവരെ മര്‍ദ്ദിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നവരെയാണ് നക്‌സലൈറ്റുകള്‍ ദ്രോഹിക്കുക എന്നായിരുന്നു ദാവീദേട്ടന്റെ മറുപടി,’ കമല്‍ പറഞ്ഞു.

CONTENT HIGHLIGHTS: Director Kamal talks about how he changed his thinking about Naxalism

We use cookies to give you the best possible experience. Learn more