നിറം അന്ന് വലിയ ഹിറ്റായി; എന്നാല്‍ അടുത്തത് ആ സിനിമ പോലെയാകരുതെന്ന നിര്‍ബന്ധം എനിക്കുണ്ടായി: കമല്‍
Film News
നിറം അന്ന് വലിയ ഹിറ്റായി; എന്നാല്‍ അടുത്തത് ആ സിനിമ പോലെയാകരുതെന്ന നിര്‍ബന്ധം എനിക്കുണ്ടായി: കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 6th December 2024, 1:20 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു ജോഡിയാണ് കുഞ്ചാക്കോ ബോബന്റേതും ശാലിനിയുടേയും. ഇരുവരും ഒന്നിച്ച നാലാമത്തെയും അവസാനത്തെയും ചിത്രമായിരുന്നു നിറം. സൗഹൃദവും പ്രണയവും വിഷയമാക്കി 1999ല്‍ പുറത്തിറങ്ങിയ ഈ സിനിമ കമലായിരുന്നു സംവിധാനം ചെയ്തത്.

നിറം ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നായി മാറിയിരുന്നു. എന്നാല്‍ അതിനുശേഷം ഇറങ്ങുന്ന സിനിമ ഒരിക്കലും നിറം എന്ന സിനിമ പോലെയുള്ളത് ആകരുതെന്ന് തനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നുവെന്ന് പറയുകയാണ് സംവിധായകന്‍ കമല്‍.

കമല്‍ എന്ന സംവിധായകന്റെ സിനിമകള്‍ എങ്ങനെയാകണമെന്ന മുന്‍ ധാരണകള്‍ എന്നെങ്കിലും സ്വാധീനിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ഫിലിമിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘ഒരു സിനിമ സംവിധാനം ചെയ്താല്‍ പിന്നീട് അടുത്തതായി ചെയ്യുന്ന സിനിമ ഒരിക്കലും മുമ്പത്തെ സിനിമ പോലെയാകരുത്. പണ്ട് മുതല്‍ക്കേ തന്നെ ഞാന്‍ ആഗ്രഹിക്കുകയും പറയുകയും ചെയ്യുന്ന കാര്യമാണ് അത്. അതുകൊണ്ട് ഞാന്‍ ഓരോ സിനിമ ചെയ്യുമ്പോഴും അതില്‍ ശ്രദ്ധിക്കാറുണ്ട് എന്നതാണ് സത്യം.

എന്റെ സിനിമകള്‍ പരിശോധിച്ചാല്‍ മനസിലാകുന്ന ഒരു കാര്യമുണ്ട്. സ്ഥിരം പറ്റേണിലുള്ള സിനിമകള്‍ എനിക്ക് ഉണ്ടായിട്ടില്ല. ഓരോ സംവിധായകര്‍ക്കും അവരുടേതായ ഒരു ശൈലിയുണ്ടാകുമല്ലോ. എപ്പോഴും അവര്‍ ബ്രാന്‍ഡ് ചെയ്യപ്പെട്ട ചില സിനിമകളുണ്ടാകും.

എന്നാല്‍ എന്റെ കാര്യം അങ്ങനെയല്ല. എപ്പോഴും ഞാന്‍ അത്തരം ബ്രാന്‍ഡില്‍ നിന്നും പുറത്തുകടക്കാനാണ് ശ്രമിക്കാറുള്ളത്. അതുകൊണ്ട് നിറം സിനിമ ഇറങ്ങിയപ്പോള്‍ എനിക്ക് ഒരു ആഗ്രഹമുണ്ടായിരുന്നു. നിറം ഇറങ്ങിയതും വലിയ ഹിറ്റായി. എന്നാല്‍ അടുത്ത സിനിമ നിറം പോലെയുള്ളത് ആകരുതെന്ന നിര്‍ബന്ധം എനിക്ക് ഉണ്ടായിരുന്നു,’ കമല്‍ പറഞ്ഞു.

Content Highlight: Director Kamal Talks About His Film Pattern