സംവിധായകന്‍ കമലിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘വിവേകാനന്ദന്‍ വൈറലാണ്’. കമല്‍ തന്നെ രചനയും സംവിധാനവും ചെയ്ത ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയാണ് കേന്ദ്രകഥാപാത്രമായി എത്തുന്നത്.
ഷൈന്‍ ടോം ചാക്കോക്ക് പുറമെ സ്വാസിക, ഗ്രേസ് ആന്റണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടയില്‍ തന്റെ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് കമല്‍.
തന്നെ സംബന്ധിച്ചിടത്തോളം ‘വിവേകാനന്ദന്‍ വൈറലാണ്’ എന്ന സിനിമക്ക് വളരെയധികം പ്രത്യേകതയുണ്ടെന്നും താന്‍ നാല് വര്‍ഷത്തിന് ശേഷമാണ് ഒരു സിനിമ സംവിധാനം ചെയ്യുന്നതെന്നും തന്റെ സിനിമാ ജീവിതത്തില്‍ ആദ്യമായാണ് ഇത്ര വലിയ ഒരു ഇടവേള വരുന്നതെന്നും കമല്‍ പറഞ്ഞു.
സംവിധായകനായി മുപ്പത്തിയെട്ട് വര്‍ഷത്തിനിടയില്‍ നാല്‍പ്പത്തിയെട്ട് സിനിമകള്‍ ചെയ്തിട്ടുണ്ടെന്നും തന്റെ നാല്‍പ്പത്തിയെട്ടാമത്തെ സിനിമയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എന്നെ സംബന്ധിച്ചിടത്തോളം ഈ സിനിമക്ക് വളരെയധികം പ്രത്യേകതയുണ്ട്. ഞാന്‍ ഏകദ്ദേശം നാല് വര്‍ഷത്തിന് ശേഷമാണ് ഒരു സിനിമ ചെയ്യുന്നത്. എന്റെ സിനിമാ ജീവിതത്തില്‍ ആദ്യമായാണ് ഇത്ര വലിയ ഒരു ഗ്യാപ് വരുന്നത്.
ഞാന്‍ സംവിധായകനായിട്ട് മുപ്പത്തിയെട്ട് വര്‍ഷമായി. അതിനിടയില്‍ നാല്‍പ്പത്തിയെട്ട് സിനിമകള്‍ ചെയ്തു. എന്റെ നാല്‍പ്പത്തിയെട്ടാമത്തെ സിനിമയാണ് ‘വിവേകാനന്ദന്‍ വൈറലാണ്’. ഇന്നത്തെ കാലത്ത് ഒരു സിനിമ ചെയ്യുന്നത് തന്നെ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. നമുക്കറിയാം പുതിയ തലമുറയിലെ കുട്ടികള്‍ ഒരു സിനിമ ചെയ്തു കഴിഞ്ഞാല്‍ പിന്നെ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അടുത്ത സിനിമ ചെയ്യുന്നത്.
ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ ഗ്യാപ് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഞാന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായ കാലത്ത് സിനിമയെ കുറിച്ച് മറന്നുപോയി എന്നുള്ളതാണ് സത്യം. സിനിമയെടുക്കേണ്ടത് എങ്ങനെയാണെന്ന് പോലും ഞാന്‍ മറന്നു. ആ ഗ്യാപില്‍ മലയാള സിനിമ ഒരുപാട് മാറിരുന്നു. പിന്നെ കൊവിഡ് വന്നു. അത് സിനിമയെ വീണ്ടും ഒത്തിരി മാറ്റി,’ കമല്‍ പറഞ്ഞു.
Content Highlight: Director Kamal Talks About His Career Gap In Direction