| Sunday, 18th February 2024, 9:05 am

ആ സിനിമയുടെ സമയത്ത് അവര്‍ പ്രണയിച്ചു തുടങ്ങി; അതിന്റെ ഗുണം അടുത്ത സിനിമക്കുണ്ടായി: കമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് കമല്‍. 1986ല്‍ പുറത്തിറങ്ങിയ മിഴിനീര്‍പ്പൂവുകള്‍ എന്ന ചിത്രത്തിലൂടെയാണ് കമല്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.

തന്റെ സിനിമകളിലൂടെ നിരവധി ദേശീയ ചലച്ചിത്ര അവാര്‍ഡുകളും സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും നേടാന്‍ കമലിന് സാധിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് 2000ത്തില്‍ പുറത്തിറങ്ങിയ മധുരനൊമ്പരക്കാറ്റും 2001ല്‍ തിയേറ്ററിലെത്തിയ മേഘമല്‍ഹാറും. ഇരുചിത്രങ്ങളിലും അഭിനയിച്ചിരുന്നത് സംയുക്ത വര്‍മയും ബിജു മേനോനുമായിരുന്നു.

ഇരുവരുടെയും പ്രണയത്തെ കുറിച്ച് പറയുകയാണ് കമല്‍. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഘമല്‍ഹാറിന് ശേഷമാണ് മധുരനൊമ്പരക്കാറ്റ് സിനിമ വരുന്നതെന്നും താന്‍ അടുപ്പിച്ച് ചെയ്ത സിനിമകളായിരുന്നു അതെന്നും കമല്‍ പറയുന്നു.

ആദ്യം മധുരനൊമ്പരക്കാറ്റിന്റെ ഷൂട്ടിങ്ങാണ് നടന്നതെന്നും അതിന് ശേഷമാണ് മേഘമല്‍ഹാര്‍ സിനിമ ഷൂട്ട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മധുരനൊമ്പരക്കാറ്റിന്റെ സമയത്താണ് സംയുക്തയുടെയും ബിജു മേനോന്റെയും പ്രണയം തുടങ്ങുന്നതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

‘മേഘമല്‍ഹാറിന് ശേഷമാണ് മധുരനൊമ്പരക്കാറ്റ് സിനിമ വരുന്നത്. ഞാന്‍ അടുപ്പിച്ച് ചെയ്ത സിനിമകളായിരുന്നു അത്. മധുരനൊമ്പരക്കാറ്റില്‍ ബിജു മേനോനും സംയുക്തയുമാണ്. മേഘമല്‍ഹാറിലും അവര് തന്നെയാണ്.

മധുരനൊമ്പരക്കാറ്റാണ് നമ്മള്‍ ആദ്യം ഷൂട്ട് ചെയ്യുന്നത്. അതിന് ശേഷമാണ് മേഘമല്‍ഹാര്‍ ഷൂട്ട് ചെയ്തത്. മധുരനൊമ്പരക്കാറ്റിന്റെ സമയത്താണ് ബിജുവിന്റെയും സംയുക്തയുടെയും പ്രണയം തുടങ്ങുന്നത്. അതിന്റെ തുടര്‍ച്ചയാണ് അടുത്ത ചിത്രത്തില്‍.

മേഘമല്‍ഹാറില്‍ അഭിനയിക്കുമ്പോള്‍ അവരും ഉള്ളില്‍ പ്രണയിച്ചു കൊണ്ടിരിക്കുകയാണ് എന്നതാണ് സത്യം. അതിന്റെ ഗുണം ആ സിനിമക്ക് ഉണ്ടായിരിക്കണം. ഉള്ളിന്റെ ഉള്ളില്‍ ആ കഥാപാത്രമാകാന്‍ അവര്‍ക്ക് കൂടുതല്‍ കഴിഞ്ഞിട്ടുണ്ടാകണം,’ കമല്‍ പറഞ്ഞു.


Content Highlight: Director Kamal Talks About Biju Menon And Samyuktha Varma

We use cookies to give you the best possible experience. Learn more