ശ്രീനിവാസന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത് 1998ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അയാള്‍ കഥയെഴുതുകയാണ്. സംവിധായകന്‍ സിദ്ദിഖിന്റെ കഥയെ അടിസ്ഥാനമാക്കിയായിരുന്നു ഈ സിനിമയുടെ തിരക്കഥ ഒരുങ്ങിയത്. ഇതില്‍ സാഗര്‍ കോട്ടപ്പുറം എന്ന കഥാപാത്രമായി എത്തിയത് മോഹന്‍ലാല്‍ ആയിരുന്നു.
ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന കഥാപാത്രമാണ് സാഗർ കോട്ടപ്പുറം. ചിത്രത്തിൽ മോഹൻലാൽ ഷോക്കേറ്റ് വീഴുന്ന ഒരു കോമഡി രംഗമുണ്ട്. പ്രേക്ഷകർ ഇപ്പോഴും ഓർത്തോർത്ത് ചിരിക്കുന്ന രംഗമാണത്.
എന്നാൽ മോഹൻലാൽ ഷോക്കേറ്റ് വീണപ്പോൾ ചിരി കാരണം കട്ട് വിളിക്കാൻ താൻ മറന്ന് പോയെന്നും ആ സമയത്ത് മോഹൻലാൽ കയ്യിൽ നിന്നിട്ടതാണ് വീണ് കിടക്കുമ്പോഴുള്ള ആ കുടച്ചിലെന്നും കമൽ പറഞ്ഞു. പിന്നീട് ആ രംഗം സിനിമയിൽ ഉൾപ്പെടുത്തിയെന്നും തിയേറ്ററിൽ ഏറ്റവും ചിരി വന്ന ഭാഗം അതായിരുന്നുവെന്നും കമൽ പറഞ്ഞു. കൗമുദി മുവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാൻ ആക്ഷൻ പറഞ്ഞപ്പോൾ ലാൽ നടന്ന് വന്നു. ആ സീനിൽ കോളിങ് ബെല്ലടിച്ചിട്ട് ലാലിന്റെ ഒരു വീഴ്ചയുണ്ട്. എന്നിട്ടൊരു കുടച്ചിലുണ്ട്. ആ താഴെ വീഴലും കുടച്ചിലും കണ്ടിട്ട് ഞാനാകെ ചിരിച്ചുപോയി സത്യത്തിൽ.
ഞാൻ നോക്കുമ്പോൾ തൊട്ടടുത്തുള്ള ക്യാമറമാൻ വ്യൂ പോയിന്ററിലൂടെ നോക്കിയിട്ട് നല്ല ചിരിയാണ്. എനിക്കാണെങ്കിൽ ആ ചിരിക്കുന്ന സമയത്ത് കട്ട് പറയാൻ പറ്റിയില്ല. ശരിക്കും അവിടെ അത്രയേ ഉണ്ടായിരുന്നുള്ളൂ.
ഞാൻ കട്ട് പറയാത്തത് കൊണ്ട്, ഒരു സെക്കന്റ് അങ്ങനെ കിടന്നിട്ട് അടുത്ത നിമിഷം ലാലിന്റെ ഒരു കുടച്ചിലുണ്ട്. അതുംകൂടെ കണ്ടപ്പോഴാണ് ഞാൻ കുറെ നേരം കട്ട് പറയാതെ അങ്ങനെ നിന്ന് പോയത്.
ഷോട്ട് കഴിഞ്ഞ ശേഷം ലാൽ വന്നിട്ട് ചോദിച്ചു, എന്താണ് കട്ട് പറയാഞ്ഞതെന്ന്. ഞാൻ പറഞ്ഞു, നിങ്ങൾ ഇങ്ങനെ വീണുകഴിഞ്ഞാൽ എങ്ങനെയാണ് ചിരിക്കാതിരിക്കുക. എങ്ങനെയാണ് കട്ട് പറയാൻ തോന്നുകയെന്ന്. അതുകൊണ്ട് തന്നെ ലാൽ താഴെ വീണ് പിന്നെയുള്ള രണ്ടാമത്തെ കുടച്ചിൽ ഞാൻ അങ്ങനെ തന്നെ സിനിമയിൽ ഉൾപ്പെടുത്തി. അത് തിയേറ്ററിൽ വലിയ ചിരിയുണ്ടാക്കി എന്നതാണ് സത്യം,’കമൽ പറയുന്നു.
Content Highlight: Director Kamal Talk About Performance Of Mohanlal In Ayal Kadhayezhuthukayan