മമ്മൂട്ടി, ശാരദ, നയൻതാര, ഗീതു മോഹൻ ദാസ് തുടങ്ങിയ വമ്പൻ താരനിര ഒന്നിച്ച സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു രാപ്പകൽ. കമൽ സംവിധാനം ചെയ്ത ചിത്രത്തിൽ അഭിനേതാക്കളുടെ ഗംഭീര പ്രകടനവും പ്രേക്ഷകർ കണ്ടിരുന്നു.
ചിത്രത്തിന്റെ ഷൂട്ട് നടക്കുന്ന സമയത്ത് മമ്മൂട്ടിയുടെ മകൾ സുറുമി പ്രെഗ്നന്റ് ആയിരുന്നുവെന്നും മമ്മൂട്ടി അതിന്റെ ടെൻഷനിലായിരുന്നുവെന്നും കമൽ പറയുന്നു. പലപ്പോഴും ഷോട്ടിന് വിളിക്കുമ്പോൾ മമ്മൂട്ടി ദേഷ്യപ്പെടുമായിരുന്നുവെന്നും കമൽ പറയുന്നു.
എന്നാൽ മകളുടെ ഡെലിവറി കഴിഞ്ഞ ശേഷം മമ്മൂട്ടി നല്ല സന്തോഷത്തിലാണ് അഭിനയിച്ചതെന്നും മമ്മൂട്ടി കരയുന്നത് കണ്ട് എല്ലാവരും അത്ഭുതപ്പെട്ടെന്നും കമൽ പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാപ്പകൽ സിനിമയിൽ മോഡേൺ ആയ ഒരു പയ്യൻ വന്നിട്ട് മമ്മൂക്ക അവതരിപ്പിക്കുന്ന കൃഷ്ണൻ എന്ന കഥാപാത്രത്തെ അടിക്കുന്ന ഒരു സീനുണ്ട്. അതിന് ശേഷം കൃഷ്ണൻ വരാന്തയിൽ വന്നിരുന്നിട്ട് കരയുന്നുണ്ട്.
ആ ഷൂട്ടൊക്കെ നടക്കുന്ന സമയത്ത് മമ്മൂക്കയുടെ മകൾ സുറുമി പ്രെഗ്നന്റ് ആയിരുന്നു. ഡെലിവറിയുടെ ഡേറ്റ് അടുത്തിട്ടുണ്ടായിരുന്നു. അമേരിക്കയിലാണ് സുറുമി ഉള്ളത്. ആ ദിവസങ്ങളിൽ മമ്മൂക്ക വലിയ ടെൻഷനിലായിരുന്നു.
മിക്കവാറും ദിവസങ്ങളിൽ മമ്മൂക്ക ലൊക്കേഷനിൽ ഫോണിലായിരിക്കും. ഷോട്ടിന് വിളിച്ച് കഴിഞ്ഞാൽ ചില സമയങ്ങളിൽ സഹ സംവിധായകരോട് അദ്ദേഹം ചൂടാവും. ആ സമയത്ത് എനിക്ക് വരാൻ കഴിയില്ല എന്നൊക്കെ മമ്മൂക്ക പറയും.
മമ്മൂക്കയോട് ടെൻഷൻ ആവണ്ട നമുക്ക് പാക്കപ്പ് ചെയ്തിട്ട് നാളെയെടുക്കാം എന്ന് ഞാൻ പറയും. അത് കുഴപ്പമില്ല ഞാൻ വന്നോളാം എന്ന് പറഞ്ഞ് മമ്മൂക്ക റെഡിയാവും. ഒരു പത്ത് മിനിറ്റ് കഴിഞ്ഞു മമ്മൂക്ക നല്ല ഹാപ്പിയായി എഴുന്നേറ്റ് വന്നു.
കാരണം മകളുടെ ഡെലിവറി കഴിഞ്ഞു. ഇനി ഇപ്പോൾ ഏത് ഷോട്ടിനും റെഡിയാണെന്നും പുള്ളി പറഞ്ഞു. അങ്ങനെ ഒറ്റ ഷോട്ടിൽ തന്നെ മമ്മൂക്ക കരഞ്ഞപ്പോൾ സത്യം പറഞ്ഞാൽ എന്റെ കണ്ണൊക്കെ നിറഞ്ഞു.
ഷോട്ട് കട്ട് ചെയ്ത ഉടനെ ഞാനും റസാക്കും കൂടെ ക്ലാപ്പ് ചെയ്തു. ഈ കരച്ചിലാണ് രാപ്പകൽ എന്ന പടത്തിന്റെ ഇന്റർവെൽ. ആ ഇന്റർവെൽ എന്ന് എഴുതി കാണിച്ചപ്പോൾ ആളുകൾ വലിയ കയ്യടിയായിരുന്നു,’കമൽ പറയുന്നു.
Content Highlight: Director Kamal Talk About Mammooty’s Performance In rappakal