മലയാളികള്‍ക്ക് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് കമല്‍. അസിസ്റ്റന്റ് ഡയറക്ടറായി കരിയറാരംഭിച്ച കമല്‍ 1986ല്‍ പുറത്തിറങ്ങിയ മിഴിനീര്‍പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. 38 വര്‍ഷത്തെ കരിയറില്‍ അമ്പതോളം ചിത്രങ്ങള്‍ കമല്‍ സംവിധാനം ചെയ്തു. കമലിന്റെ സംവിധാനത്തില്‍ 1990ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തൂവല്‍ സ്പര്‍ശം. ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് കമല്‍.
ഫ്‌ളാറ്റ് സംസ്‌കാരം മലയാളികള്‍ക്ക് അധികം പരിചയമല്ലാത്ത കാലത്താണ് തൂവല്‍ സ്പര്‍ശം ചെയ്തതെന്നും അതുവരെയുള്ള മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ ആര്‍ട്ടിസ്റ്റിനെ വെച്ച് ചെയ്ത സിനിമയാണ് തൂവല്‍ സ്പര്‍ശമെന്നും കമല്‍ പറഞ്ഞു. ആ സിനിമയെല പ്രധാന കഥാപാത്രമായ കുട്ടിക്ക് ആറ് മാസം മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂവെന്നും അതിന്റെ ചിത്രീകരണം വളരെ രസകരമായിരുന്നെന്നും കമല്‍ പറഞ്ഞു.
കുട്ടി ഉറങ്ങുന്ന സമയത്ത് ഷോട്ടുകള്‍ എടുക്കേണ്ടി വന്നിട്ടുണ്ടെന്നും കുട്ടിയെ ഉണര്‍ത്താതിരിക്കാന്‍ ശബ്ദമുണ്ടാക്കാതെയാണ് ആ ഷോട്ടുകളെല്ലാം എടുത്തതെന്നും കമല്‍ പറഞ്ഞു. ആ സീനുകളിലെല്ലാം ജയറാമും മുകേഷും സായ് കുമാറും ശബ്ദമില്ലാതെ മൈമിലൂടെയാണ് ഡയലോഗ് പറഞ്ഞതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഇക്കാര്യം പറഞ്ഞത്.
‘എന്റെ കരിയറില്‍ ചെയ്ത സിനിമകളില്‍ ഒരുപാട് രസകരമായ ഓര്‍മകളുള്ള സിനിമയാണ് തൂവല്‍ സ്പര്‍ശം. എന്റെ അഭിപ്രായത്തില്‍ ആ സമയത്ത് മലയാള സിനിമയില്‍ അഭിനയിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞ ആര്‍ട്ടിസ്റ്റ് ആ സിനിമയിലായിരുന്നു. അതിലെ പ്രധാന കഥാപാത്രമായ കുട്ടിക്ക് വെറും ആറ് മാസം പ്രായമേ ഉണ്ടായിരുന്നുള്ളൂ. അത്രയും ചെറിയ കുട്ടിയെ വെച്ച് സിനിമ ചെയ്തപ്പോള്‍ അതിന്റേതായ ബുദ്ധിമുട്ടുകളുമുണ്ടായിരുന്നു.
ഏറ്റവും പ്രധാന പ്രശ്‌നം കുട്ടി ഉറങ്ങുന്ന സമയത്തെ ഷോട്ടുകളെടുക്കാനായിരുന്നു. കാരണം, ചെറിയൊരു സൗണ്ട് കേട്ടാല്‍ കുട്ടി ഉണരും. പിന്നെ ആ സീന്‍ എടുക്കാന്‍ പറ്റില്ല. അപ്പോള്‍ യൂണിറ്റ് മുഴുവന്‍ ശബ്ദമുണ്ടാക്കാതെ ആ സീന്‍ എടുക്കാന്‍ തീരുമാനിച്ചു. ജയറാമും, മുകേഷും, സായ് കുമാറും മൈമിലൂടെ ഡയലോഗ് പറയും. ആക്ഷനും കട്ടുമെല്ലാം ആംഗ്യ ഭാഷയിലൂടെ കമ്മ്യൂണിക്കേറ്റ് ചെയ്യും. അത്തരം രസകരമായ പല ഓര്‍മകളും ആ സിനിമയുടെ ഷൂട്ടിനിടെ ഉണ്ടായിട്ടുണ്ട്,’ കമല്‍ പറഞ്ഞു.
Content Highlight: Director Kamal shares the memories of Thooval Sparsham movie