| Thursday, 11th January 2024, 8:09 am

മോഹൻലാലിന്റെ ഫോട്ടോ കണ്ടപ്പോൾ ഇവനിൽ ഒരു നടനുണ്ടെന്ന് അദ്ദേഹം, അന്ന് ലാലിന്റെ ആദ്യ സിനിമ പോലും ഇറങ്ങിയിട്ടില്ല: കമൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാലങ്ങളായി മലയാള സിനിമയുടെ ഭാഗമാണ് സംവിധായകൻ കമൽ. കമൽ അദ്ദേഹത്തിന്റെ കരിയറിന്റെ തുടക്കകാലത്തെ ഒരു അനുഭവം പങ്കുവെക്കുകയാണ്.

അന്ന് സംവിധായകനായ പി. എൻ മേനോനോടൊപ്പം സഹ സംവിധായകനായി പ്രവർത്തിക്കുമ്പോൾ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമയുടെ അണിയറ പ്രവർത്തകർ തങ്ങളെ കാണാൻ വന്നെന്നും സിനിമയുടെ പോസ്റ്റർ ഡിസൈൻ ചെയ്യാൻ പറഞ്ഞെന്നും കമൽ പറയുന്നു.

അന്ന് ചിത്രത്തിന്റെ ആൽബത്തിൽ മോഹൻലാലിന്റെ ചിത്രം കണ്ടപ്പോൾ, ഇയാളിൽ ഒരു നടൻ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞെന്നും സിനിമയുടെ ഒരു ഭാഗവും കാണാതെയാണ് അദ്ദേഹം അത് പറഞ്ഞതെന്നും കമൽ പറഞ്ഞു. കൗമുദി മൂവീസിനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാനും പി. എൻ മേനോൻസാറും കഥ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു ദിവസം ഒരു കാർ വന്ന് നിർത്തി. അതിൽ നിന്ന് നവോദയ ജിജോ, പ്രൊഡക്ഷൻ കൺട്രോളറായ ആനന്ദ് ഇവർ വന്നിറങ്ങി. അവരുടെ കൈയിൽ ഒരു ആൽബമുണ്ട്. അവർ മേനോൻ സാറോട് പോസ്റ്റർ ഡിസൈൻ ചെയ്യണമെന്ന് പറഞ്ഞു.

അദ്ദേഹം കുറേ കാലം മുമ്പ് പോസ്റ്ററൊക്കെ ചെയ്യുമായിരുന്നു. പക്ഷെ അദ്ദേഹം അന്ന് ചെയ്യാൻ പറ്റില്ല എന്ന് തന്നെ പറഞ്ഞു. നവോദയ അപ്പച്ചൻ പറഞ്ഞിട്ട് വന്നതാണ്, നിങ്ങൾ ഇത്‌ ചെയ്തേ പറ്റു എന്ന് പറഞ്ഞ് ആൽബം അവർ അദ്ദേഹത്തെ ഏല്പിച്ചു.

അവർ പോയതിന് ശേഷം അദ്ദേഹം ആൽബം മറച്ചു നോക്കി. അത് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയുടെ ആൽബം ആയിരുന്നു. അദ്ദേഹം അത് മറച്ച് നോക്കിയിട്ട് പറഞ്ഞു, ഇത്‌ പുതിയ ആളുകളുടെ സിനിമയാണ്. ആൽബം നോക്കി കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു നമുക്ക് ഇത്‌ ചെയ്യാമെന്ന്. ആൽബം മറച്ച് നോക്കുന്നതിനിടയിൽ തന്നെ മോഹൻലാലിന്റെ സ്റ്റിൽ കണ്ടിട്ട് അദ്ദേഹം പറഞ്ഞത് ഇപ്പോഴും ഞാൻ ഓർക്കുന്നുണ്ട്. ഈ നായകനേക്കാൾ എന്റെ ശ്രദ്ധ ആകർഷിച്ചത് വില്ലനായി അഭിനയിച്ച ആളാണ്, എന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്. മേനോൻ സാറിന്റെ ദീർഘ വീക്ഷണമായിരുന്നു അത്.

ഇവനിൽ ഒരു നടനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മേനോൻ സാർ പടവും കണ്ടിട്ടില്ല മോഹൻലാലിനെയും കണ്ടിട്ടില്ല. വെറും ഫോട്ടോഗ്രാഫ് കണ്ടിട്ടാണ് അദ്ദേഹം അത് പറഞ്ഞത്.

മോഹൻലാലിന്റെയൊക്കെ പോസ്റ്റർ അദ്ദേഹം ചെയ്തത് കാണാൻ എനിക്ക് ഭാഗ്യം ലഭിച്ചു. പിന്നീട് യാദൃശ്ചികമായി ഞാൻ ലാലിനെ പരിചയപ്പെടുകയും ചെയ്തു,’കമൽ പറയുന്നു.

Content Highlight: Director Kamal Shares A  Memory About Mohanlal

We use cookies to give you the best possible experience. Learn more