| Monday, 7th April 2025, 1:46 pm

വാത്സല്യവും അമരവുമെല്ലാം സ്ത്രീവിരുദ്ധം; മകള്‍ അച്ചൂട്ടിയുടെ സങ്കല്പത്തിനനുസരിച്ച് ജീവിക്കണമെന്ന് പറയുന്നതിനെ ചോദ്യം ചെയ്യാം: കമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമകള്‍ കാലഘട്ടത്തിന് അനുസരിച്ചാണെന്ന് സംവിധായകന്‍ കമല്‍ പറയുന്നു. ആവനാഴി എന്ന സിനിമയില്‍ മമ്മൂട്ടി സ്ത്രീ വിരുദ്ധതയും തെറിയുമെല്ലാം പറയുന്നുണ്ടെന്നും എന്നാല്‍ ഇന്നതിന് കഴിയില്ലെന്നും കമല്‍ പറഞ്ഞു. വാത്സല്യവും അമരവും പോലുള്ള ചിത്രങ്ങള്‍ അതിന് ഉദാഹരണങ്ങള്‍ ആണെന്നും വാത്സല്യത്തിന്റെ രാഘവന്‍ നായര്‍ പാട്രിയാര്‍ക്കിയുടെ ടിപ്പിക്കല്‍ രൂപമാണെന്നും കമല്‍ വ്യക്തമാക്കി.

അമരത്തിലെ അച്ചൂട്ടിയുടെ സങ്കല്പത്തിലെ പോലെ മകള്‍ പഠിക്കണമെന്നും അയാള്‍ക്ക് ഇഷ്ടമുള്ള പോലത്തെ ആളെ വിവാഹം ചെയ്യണം എന്നെല്ലാം പറയുന്നത് അന്നത്തെ കാലത്ത് ശരിയായിരുന്നുവെന്നും അതുകൊണ്ടാണ് എല്ലാവരും അച്ചൂട്ടിയുടെ കൂടെ നിന്നതെന്നും പറഞ്ഞ കമല്‍ ഇന്നാണ് അങ്ങനത്തെ സിനിമ ഇറങ്ങുന്നതെങ്കില്‍ അച്ചൂട്ടിയും ചിത്രവും ഒരുപാട് വിമര്‍ശനങ്ങള്‍ കേട്ടേനെയെന്നും കൂട്ടിച്ചേര്‍ത്തു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കമല്‍.

‘ആവനാഴി എന്ന ഐ.വി ശശിയുടെ സിനിമയില്‍ മമ്മൂട്ടി സ്ത്രീ വിരുദ്ധതയും തെറിയുമെല്ലാം പറയുന്നുണ്ട്. അന്നത്തെ കാലത്തെ സിനിമയില്‍ പറയാന്‍ പറ്റുന്ന തെറിയെല്ലാം അദ്ദേഹം പറഞ്ഞിട്ടുണ്ട്. സ്ത്രീയെ മുഖത്ത് നോക്കി ചീത്ത പറയുന്നുണ്ട്. ‘നീ വെറും പെണ്ണാണ്’ എന്നൊക്കെ മുഖത്ത് നോക്കി പറയുന്നുണ്ട്. അതൊന്നും ഇന്ന് പറയാന്‍ പറ്റില്ല.

പാട്രിയാര്‍ക്കിയുടെ ടിപ്പിക്കല്‍ രൂപമാണ് രാഘവന്‍ നായര്‍

വാത്സല്യമെല്ലാം അതിന് ഉദാഹരണങ്ങളാണ്. ‘ഒരു അടി തന്നാല്‍ ശരിയാകും’ എന്നെല്ലാം പറയുന്നത് വളരെ സ്ത്രീ വിരുദ്ധമായ ഡയലോഗുകളാണ്. പാട്രിയാര്‍ക്കിയുടെ ടിപ്പിക്കല്‍ രൂപമാണ് രാഘവന്‍ നായര്‍. പെങ്ങളോട് പെരുമാറുന്നത് മാത്രമല്ല, അമ്മയോട് പെരുമാറുന്നതും അനിയന്റെ ഭാര്യയോട് പെരുമാറുന്ന രീതിയുമെല്ലാം ഇപ്പോള്‍ ഭയങ്കരമായി വിമര്‍ശിക്കുന്നുണ്ട്. അന്ന് അയാളുടെ സെന്റിമെന്‍സിനായിരുന്നു പ്രാധാന്യം. കാരണം അയാള്‍ കുടുംബത്തിന് വേണ്ടി ത്യാഗം ചെയ്യുന്നുണ്ട്. അന്ന് അയാളോടൊപ്പമായിരുന്നു.

ഇന്ന് ആ സിനിമ ഇറങ്ങിയെങ്കില്‍ അച്ചൂട്ടിയും ആ സിനിമയും ഒരുപാട് വിമര്‍ശനങ്ങള്‍ കേട്ടിട്ടുണ്ടാകും

അതുപോലൊരു സിനിമയായിരുന്നു അമരം. അദ്ദേഹത്തിന്റെ മകള്‍ എന്ത് തെറ്റ് ചെയ്തിട്ടുണ്ടെന്ന് ഇപ്പോള്‍ നമുക്ക് ചോദിക്കാന്‍ കഴിയും. കാരണം അയാളുടെ സങ്കല്പത്തിന് അനുസരിച്ച് മകള്‍ പഠിച്ച് ഡോക്ടര്‍ ആകണം, അയാളുടെ സങ്കല്പത്തിനനുസരിച്ച ഒരാളെ വിവാഹം കഴിക്കണം എന്നെല്ലാം പറയുന്നത് അന്നത്തെ കാലഘട്ടത്തില്‍ ശരിയായിരുന്നു. അതുകൊണ്ട് അച്ചൂട്ടിയെ നമ്മള്‍ ഭയങ്കരമായി ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് ആ സിനിമ ഇറങ്ങിയെങ്കില്‍ അച്ചൂട്ടിയും ആ സിനിമയും ഒരുപാട് വിമര്‍ശനങ്ങള്‍ കേട്ടിട്ടുണ്ടാകും. ഇങ്ങനെയുള്ള മാറ്റങ്ങള്‍ കാലഘട്ടത്തിനനുസരിച്ച് മാറിയിട്ടുണ്ട്,’ കമല്‍ പറയുന്നു.

Content Highlight: Director Kamal Says Films Are Based On Period

We use cookies to give you the best possible experience. Learn more