| Tuesday, 24th August 2021, 1:23 pm

മമ്മൂക്ക വരെ എന്ത് ചെയ്യുമെന്ന് എനിക്ക് ഊഹിക്കാം, പക്ഷെ ഈ നടനാണ് ക്യാമറക്ക് മുന്നില്‍ എന്നെ ഏറ്റവും വിസ്മയിപ്പിച്ചത്: കമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ മോഹന്‍ലാലിനെ കുറിച്ച് സംവിധായകന്‍ കമല്‍ പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ഒരിക്കല്‍ കൂടി ചര്‍ച്ചയാകുന്നത്. തന്നെ ഏറ്റവും കൂടുതല്‍ വിസ്മയിപ്പിച്ച നടന്‍ മോഹന്‍ലാലാണെന്നാണ് കൗമുദിക്ക് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ കമല്‍ പറയുന്നത്.

2017 ല്‍ വന്ന ഈ അഭിമുഖത്തിലെ ചില ഭാഗങ്ങള്‍ ഫാന്‍ പേജുകള്‍ ഇന്‍സ്റ്റഗ്രാം റീല്‍സിലിട്ടതോടെയാണ് വീഡിയോ വീണ്ടും ചര്‍ച്ചയായത്. രഞ്ജിനി ഹരിദാസ് നടത്തുന്ന ഈ അഭിമുഖത്തില്‍ നടന്‍ ജയറാമും കമലിനൊപ്പം പങ്കെടുക്കുന്നുണ്ട്.

സിനിമ ഷൂട്ട് ചെയ്യുന്നതിനിടയില്‍ ഏതെങ്കിലും അഭിനേതാവിന്റെ പ്രകടനം കണ്ട് വിസ്മയിച്ചു പോയിട്ടുണ്ടോയെന്നായിരുന്നു രഞ്ജിനി ഹരിദാസിന്റെ ചോദ്യം.

അത്തരത്തിലുള്ള ഒരുപാട് പേരുണ്ടെന്നും ശങ്കരാടിയും കുതിരവട്ടം പപ്പുവും ഇന്നസെന്റും ഒടുവില്‍ ഉണ്ണികൃഷ്ണനുമെല്ലാം അത്തരത്തില്‍ വിസ്മയിപ്പിച്ച നടന്മാരാണെന്നുമാണ് കമല്‍ ചോദ്യത്തിന് മറുപടിയായി ആദ്യം പറയുന്നത്.

തന്റെ സിനിമകളില്‍ ഹീറോയായി എത്തിയ എല്ലാവരും വിസ്മയിപ്പിച്ച ഷോട്ടുകള്‍ നല്‍കിയവരാണെന്നും എന്നാല്‍ മോഹന്‍ലാലാണ് ഇപ്പറഞ്ഞ എല്ലാവരേക്കാളും തന്നെ വിസ്മയിപ്പിച്ച നടനെന്നും കമല്‍ പറയുന്നു.

‘ജയറാമിനെ മുന്‍പിലിരുത്തിക്കൊണ്ട് തന്നെ പറയുകയാണ്, അത്തരത്തില്‍ അത്ഭുതപ്പെടുത്തിയ നടന്‍ മോഹന്‍ലാലാണ്. എല്ലാവരും പറയുന്ന കാര്യമാണത്. അദ്ദേഹം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ആര്‍ക്കും പറയാനാവില്ല.

ഒരുപാട് പടങ്ങള്‍ ജയറാമിനോടൊപ്പം ചെയ്തതുകൊണ്ട് തന്നെ ജയറാം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് എനിക്ക് ഊഹിക്കാം. മമ്മൂക്കയുടെ കാര്യത്തിലും അങ്ങനെ ഒരു പരിധിവരെ എനിക്ക് ഊഹിക്കാന്‍ കഴിയും. പക്ഷെ മോഹന്‍ലാല്‍ എന്താണ് ക്യാമറയുടെ മുന്‍പില്‍ ചെയ്യാന്‍ പോകുന്നതെന്ന് എനിക്ക് ഊഹിക്കാന്‍ പറ്റാറില്ല,’ എന്നാണ് കമലിന്റെ വാക്കുകള്‍.


അഭിമുഖത്തിലെ മിനിറ്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ ഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്നാണ് വീഡിയോക്ക് വരുന്ന കമന്റുകളില്‍ ഭൂരിഭാഗവും.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 ആണ് അവസാനമിറങ്ങിയ മോഹന്‍ലാല്‍ ചിത്രം. ആറാട്ട്, മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളാണ് ഇറങ്ങാനുള്ളത്.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ ബ്രോ ഡാഡിയിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ജീത്തു ജോസഫിന്റെ പുതിയ ചിത്രമായ 12th മെന്‍ ആണ് ഷൂട്ടിംഗ് ആരംഭിച്ച അടുത്ത ചിത്രം. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ഷൂട്ടിംഗ് കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം നീട്ടിവെച്ചിരിക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Director Kamal praises Mohanlal over Mammootty and Jayaram, viral video

Latest Stories

We use cookies to give you the best possible experience. Learn more