| Thursday, 25th July 2019, 5:42 pm

ബി. ഗോപാലകൃഷ്ണനെയൊക്കെ രാഷ്ട്രീയക്കാരനെന്ന് എങ്ങനെ വിളിക്കാന്‍ പറ്റും, ഇവരൊക്കെ ക്രിമനല്‍സും രാജ്യദ്രോഹികളുമാണ്: സംവിധായകന്‍ കമല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മലയാള സിനിമാ ലോകം. ലോകം ആദരിക്കുന്ന അടൂരിനെ പോലെയുള്ള വ്യക്തികള്‍ക്കെതിരായ നീക്കം എന്ത് വില കൊടുത്തും എതിര്‍ക്കുമെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു.

”പാകിസ്താനില്‍ ആളുകള്‍ നിറഞ്ഞെന്നാണ് തോന്നുന്നത്. കാരണം ഞങ്ങളൊക്കെ പാകിസ്താനിലാണല്ലോ. അടൂര്‍ സര്‍ ഫാല്‍ക്കെ അവാര്‍ഡും പത്മഭൂഷണും ഒക്കെ നേടിയിട്ടുള്ള ആളായത് കൊണ്ടാകും അല്‍പം കൂടെ ഉയരത്തില്‍ ചന്ദ്രനിലേക്ക് പോകട്ടെയെന്ന് വിചാരിച്ചിട്ടുണ്ടാവുക.

ഇന്ത്യയിലെയും ലോകത്തിലെയും ചലചിത്ര പ്രേമികള്‍ ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ആളോടാണ് ഇങ്ങനെ പറയുന്നതെന്ന് ഈ ബി.ജെ.പി നേതാവ് ആലോചിക്കണ്ടേ. സര്‍ക്കാരില്‍ നിന്ന് എന്തോ കിട്ടാന്‍ ആഗ്രഹിച്ചാണ് അടൂര്‍ കത്തെഴുതിയതെന്നാണ് ഈ ബി.ജെ.പി നേതാവ് പറയുന്നത്. എല്ലാ മനുഷ്യരെയും ഇങ്ങനെയാണോ കാണുന്നത്. ഒരു മലയാളി ഇങ്ങനെ പറയുമ്പോള്‍ ലജ്ജ തോന്നുകയാണ്. ഈ മനുഷ്യനെയൊക്കെ രാഷ്ട്രീയക്കാരനെന്ന് എങ്ങനെ വിളിക്കാന്‍ പറ്റും. ഇവരൊക്കെ ക്രിമിനല്‍സും രാജ്യദ്രോഹികളുമാണ്. ഇവരെ എങ്ങനെയാണ് കാണേണ്ടതെന്ന് മലയാളികള്‍ ആലോചിക്കണം.

അടൂരിനെ പോലുള്ള വ്യക്തികളെ അധിക്ഷേപിച്ച് സംസാരിച്ചത് പ്രശസ്തിക്ക് വേണ്ടിയാകാം. ഓരോ ഘട്ടത്തില്‍ ഓരോ വ്യക്തികളെ സംഘപരിവാര്‍ കടന്നാക്രമിച്ച് കൊണ്ടിരിക്കുകയാണ്. കേരളത്തിലെ സാംസ്‌ക്കാരിക പ്രവര്‍ത്തകരെല്ലാം വ്യക്തമായ കാഴ്ചപ്പാടും നിലപാടും ഉള്ളവരാണ്. ” കമല്‍ പറഞ്ഞു.

ഇന്ത്യക്കാരന്‍ എന്ന നിലയില്‍ നമ്മുടെ നിലനില്‍പും ജീവിതവും ദുസ്സഹമാക്കി കൊണ്ടിരിക്കുന്ന ഒരു പരിതസ്ഥിതിയിലാണ് നമ്മള്‍ കഴിയുന്നതെന്ന് സംവിധായകന്‍ ടിവി ചന്ദ്രന്‍ പറഞ്ഞു. അതിന് പിന്തുണയായി വലിയ രീതിയിലുള്ള രണ്ടാം വരവ് മോദി സര്‍ക്കാരിന് ലഭിച്ചിരിക്കുകയാണ്. അതിന്റെയൊക്കെ ധാര്‍ഷ്ട്യമാണിത്. ഇത് കൂടുതല്‍ കൂടുതല്‍ വഷളായിരിക്കുകയാണെന്നും ടിവി ചന്ദ്രന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more