ജീവിതത്തില്‍ ആദ്യമായി യേശുദാസിന്റെ പാട്ടിന് തിയേറ്ററില്‍ ആളുകള്‍ കൂവുന്നത് കണ്ടു: കമല്‍
Entertainment
ജീവിതത്തില്‍ ആദ്യമായി യേശുദാസിന്റെ പാട്ടിന് തിയേറ്ററില്‍ ആളുകള്‍ കൂവുന്നത് കണ്ടു: കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 22nd June 2024, 9:16 pm

മലയാളികള്‍ക്ക് ഒരുപാട് നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് കമല്‍. 1986ല്‍ മിഴിനീര്‍പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് കമല്‍ സ്വതന്ത്ര സംവിധായകനായത്. 35 വര്‍ഷത്തെ സിനിമാ കരിയറില്‍ 50ഓളം ചിത്രങ്ങള്‍ കമല്‍ സംവിധാനം ചെയ്തു. കമലിന്റെ സംവിധാനത്തില്‍ 2003ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സ്വപ്‌നക്കൂട്. അന്നത്തെ പ്രധാന യുവതാരങ്ങളായ പൃഥ്വിരാജും, ജയസൂര്യയും, കുഞ്ചാക്കോ ബോബനുമായിരുന്നു ചിത്രത്തിലെ നായകന്മാര്‍.

ചിത്രത്തില്‍ അഞ്ച് പാട്ടുകള്‍ ഉണ്ടായിരുന്നെന്നും അതില്‍ ഒരു പാട്ട് പാടിയത് യേശുദാസായിരുന്നെന്നും കമല്‍ പറഞ്ഞു. ചിത്രത്തിന്റെ ക്ലൈമാക്‌സിന് തൊട്ടുമുമ്പുള്ള പാട്ടാണ് യേശുദാസ് പാടിയതെന്നും എന്നാല്‍ ആ പാട്ട് തിയേറ്ററില്‍ കേട്ടപ്പോള്‍ ആദ്യത്തെ രണ്ട് ദിവസം ആളുകള്‍ നിര്‍ത്താതെ കൂവുകയായിരുന്നുവെന്ന് കമല്‍ പറഞ്ഞു. ആ പാട്ടില്‍ യേശുദാസിന്റെ പിച്ചില്‍ ചെറിയൊരു പ്രശ്‌നമുണ്ടായത് മിക്‌സിങ്ങില്‍ ശരിയാക്കിയിരുന്നുവെന്നും കമല്‍ പറഞ്ഞു.

എന്നാല്‍ സൗണ്ട് മിക്‌സിങ്ങില്‍ വന്ന ഡിസ്ട്രാക്ഷന്‍ കാരണമാണ് തിയേറ്ററില്‍ ആളുകള്‍ കൂവിയതെന്ന് പിന്നീട് മനസിലായെന്നും ദാസേട്ടനെപ്പോലെ ഒരു ലെജന്‍ഡിന്റെ പാട്ടിന് കൂവല്‍ കിട്ടിയത് സഹിച്ചില്ലെന്നും കമല്‍ പറഞ്ഞു. മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ചെന്നൈയില്‍ പോയി എല്ലാം ശരിയാക്കി കൊണ്ടുവന്നെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. കൗമുദി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഇക്കാര്യം പറഞ്ഞത്.

‘സ്വപ്‌നക്കൂടില്‍ അഞ്ച് പാട്ടുകളാണ് ഉണ്ടായിരുന്നത്. അതില്‍ രണ്ട് പാട്ട് ഷൂട്ട് ചെയ്തത് ഓസ്ട്രിയയിലും സ്വിറ്റ്‌സര്‍ലണ്ടിലുമായിരുന്നു. ആ സിനിമയിലെ ഒരു പാട്ട് പാടിയത് ദാസേട്ടനായിരുന്നു. ക്ലൈമാക്‌സിന് മുമ്പുള്ള പാട്ടായിരുന്നു ദാസേട്ടന്‍ പാടിയത്. ആ പാട്ട് പാടിയ സമയത്ത് ദാസേട്ടന്റെ പിച്ചിന് ചെറിയൊരു പ്രശ്‌നമുണ്ടായിരുന്നു. ഞങ്ങള്‍ അത് മിക്‌സിങ്ങിന്റെ സമയത്ത് ശരിയാക്കി.

പക്ഷേ തിയേറ്ററില്‍ ഈ പാട്ട് വന്നപ്പോള്‍ ആളുകള്‍ കൂവാന്‍ തുടങ്ങി. ഇന്നത്തെപ്പോലെ അറ്റ്‌മോസും കാര്യങ്ങളുമൊന്നും അന്ന് ഇല്ലായിരുന്നു. അപ്പോള്‍ ദാസേട്ടന്റെ ഹമ്മിങ് വരുന്ന ഭാഗത്ത് എന്തോ ഒരു പ്രശ്‌നം ഉണ്ടായി. ആദ്യത്തെ മൂന്ന് ദിവസം തിയേറ്ററില്‍ വലിയ കൂവലായിരുന്നു ആ പാട്ടിന്. ഇത്രയും വലിയൊരു ലെജന്‍ഡിന്റെ പാട്ടിന് ആളുകള്‍ കൂവുന്നത് ഞങ്ങളില്‍ ആര്‍ക്കും സഹിച്ചില്ല. മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ചെന്നൈയില്‍ പോയി ആ പ്രശ്‌നം പരിഹരിച്ച് കൊണ്ടുവന്നു,’ കമല്‍ പറഞ്ഞു.

Content Highlight: Director Kamal about the theater experience of a song in Swapnakoodu movie