| Wednesday, 3rd July 2024, 6:33 pm

ആ കുട്ടിയുടെ ചെവിയില്‍ ജയറാം എന്തോ പറഞ്ഞതും കുട്ടി നിര്‍ത്താതെ കരയാന്‍ തുടങ്ങി: കമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് കമല്‍. അസിസ്റ്റന്റ് ഡയറക്ടറായി കരിയറാരംഭിച്ച കമല്‍ 1986ല്‍ പുറത്തിറങ്ങിയ മിഴിനീര്‍പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. 38 വര്‍ഷത്തെ കരിയറില്‍ അമ്പതോളം ചിത്രങ്ങള്‍ കമല്‍ സംവിധാനം ചെയ്തു.

കമലിന്റെ സംവിധാനത്തില്‍ 1990ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തൂവല്‍ സ്പര്‍ശം. ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് കമല്‍. സിനിമയിലെ പ്രധാന കഥാപാത്രം ഒരു ചെറിയ കുട്ടിയായിരുന്നു. വെറും ആറ് മാസം പ്രായമുള്ള കുട്ടിയെക്കൊണ്ട് അഭിനയിപ്പിച്ചത് വലയ അധ്വാനമായിരുന്നെന്നും യൂണിറ്റ് മുഴുവന്‍ കുട്ടിയുടെ മൂഡിനനുസരിച്ച് ഷൂട്ടിങിന് സെറ്റാക്കിയെന്നും കമല്‍ പറഞ്ഞു.

ഏറ്റവും പ്രയാസപ്പെട്ടത് കുട്ടി കരയുന്ന ഷോട്ടുകളെടുക്കാനായിരുന്നെന്നും കമല്‍ പറഞ്ഞു. ഷോട്ടിനുള്ള എല്ലാം സെറ്റ് ചെയ്ത് വരുമ്പോള്‍ കുട്ടി കരച്ചില്‍ നിര്‍ത്തുമെന്നും പിന്നീട് ആ ഷോട്ട് എടുക്കാതെ ഉപേക്ഷിക്കുമെന്നും  കമല്‍ പറഞ്ഞു.

എന്നാല്‍ ഒരു സീന്‍ ചെയ്യുന്ന സമയത്ത് കുട്ടിയെ കരയിക്കാന്‍ ജയറാം ഒരു ട്രിക്ക് ഉപയോഗിച്ചുവെന്നും യൂണിറ്റിലെ ആര്‍ക്കും അത് മനസിലായില്ലെന്നും കമല്‍ പറഞ്ഞു. ഷോട്ടിന് തൊട്ടുമുമ്പ് കുട്ടിയുടെ അടുത്ത് ചെന്ന ജയറാം ചെവിയില്‍ എന്തോ പറഞ്ഞെന്നും പിന്നീട് ആ കുട്ടി നിര്‍ത്താതെ കരഞ്ഞുവെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഇക്കാര്യം പറഞ്ഞത്.

‘തൂവല്‍സ്പര്‍ശം എന്ന സിനിമയിലെ ഏറ്റവും വലിയ ടാസ്‌ക് ആറ് മാസം പ്രായമുള്ള കുട്ടിയെ വെച്ച് അഭിനയിപ്പിക്കുക എന്നതായിരുന്നു. ആക്ഷനും കട്ടുമൊന്നും ആ കുട്ടിക്ക് പറഞ്ഞാല്‍ മനസിലാകാത്തതുകൊണ്ട് കുട്ടിയുടെ മൂഡിനനുസരിച്ച് ഞങ്ങള്‍ ഓരോ സീനും എടുക്കാന്‍ തീരുമാനിച്ചു. കുട്ടി ഹാപ്പിയായിട്ടിരിക്കുമ്പോള്‍ അതിന് പറ്റിയ സീനും കരയുമ്പോള്‍ അതിന് വേണ്ട സീനുമായിരുന്നു ഷൂട്ട് ചെയ്തത്.

ഒരു ഷോട്ട് എടുക്കാന്‍ നേരം എന്ത് ചെയ്തിട്ടും കുട്ടി കരയുന്നില്ല. ഇനി എന്ത് ചെയ്യുമെന്ന് വിചാരിച്ച് ഇരുന്നപ്പോള്‍ ജയറാം പറഞ്ഞു, ‘ഞാനാ കുട്ടിയോട് ഒരു കാര്യം പറഞ്ഞ് കരയിക്കാം. പക്ഷേ എന്താണ് പറഞ്ഞതെന്ന് എന്നോട് ചോദിക്കരുത്’ എന്ന്. ഞാന്‍ അതിന് സമ്മതിച്ചു. ജയറാം ആ കുട്ടിയുടെ അടുത്ത് ചെന്ന് ചെവിയില്‍ എന്തോ പറഞ്ഞതും കുട്ടി കരയാന്‍ തുടങ്ങി.

ആ സമയത്ത് തന്നെ ഷോട്ട് എടുത്തു. ഷോട്ടെടുത്ത് കഴിഞ്ഞിട്ടും കുട്ടി കരച്ചില്‍ നിര്‍ത്തിയില്ല. ഇങ്ങനെ കരയാന്‍ എന്താണ് പറഞ്ഞതെന്ന് ഞങ്ങള്‍ക്കാര്‍ക്കും ഒരു പിടിയുമില്ല. ഏറ്റവും ലാസ്റ്റ് സിനിമയിലെ പാട്ടിന്റെ റെക്കോഡിങ് കഴിഞ്ഞപ്പോള്‍ ജയറാം എന്നോട് പറഞ്ഞു, ‘അന്ന് ആ കുട്ടിയുടെ ചെവിയില്‍ ഞാന്‍ ഒന്നും പറഞ്ഞില്ല.

ആ സമയത്ത് കുട്ടിയെ നുള്ളിയതാണ്. എല്ലാവരുടെയും ശ്രദ്ധ തെറ്റിക്കാന്‍ വേണ്ടി ചെവിയില്‍ പറഞ്ഞതുപോലെ ആക്ട് ചെയ്തതാണ്’ എന്നാണ് ജയറാം പറഞ്ഞത്. അത്രയും നാളത്തെ എന്റെ സംശയം അപ്പോള്‍ ഇല്ലാതായി,’ കമല്‍ പറഞ്ഞു.

Content Highlight: Director Kamal about the shooting experience of Thoovalsparsham movie and Jayaram

We use cookies to give you the best possible experience. Learn more