പലരും ആ കണ്‍കെട്ടില്‍ വീണിരിക്കുകയാണ്, പ്രസ്താവനകള്‍ കാണുന്നുണ്ടല്ലോ; തിരിച്ചറിവിന്റെ കാലം വരും: കമല്‍
Movie Day
പലരും ആ കണ്‍കെട്ടില്‍ വീണിരിക്കുകയാണ്, പ്രസ്താവനകള്‍ കാണുന്നുണ്ടല്ലോ; തിരിച്ചറിവിന്റെ കാലം വരും: കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 19th January 2024, 1:42 pm

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ സുവര്‍ണകാലം ഇനി ഇന്ത്യയില്‍ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് സംവിധായകന്‍ കമല്‍. ഈ അവസ്ഥയെ കലാകാരന്‍മാര്‍ വളരെയധികം ഭയപ്പെടേണ്ടിയിരിക്കുന്നെന്നും കമല്‍ പറഞ്ഞു. മീഡിയവണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇങ്ങനെ തന്നെയാണ് ഇത് തുടരുന്നതെങ്കില്‍ ഇവിടെ നല്ല സിനിമകള്‍ ഉണ്ടാകില്ലെന്നും ആളുകള്‍ എന്ത് കാണണമെന്ന് ഭരണകൂടം തീരുമാനിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണെന്നും കമല്‍ പറഞ്ഞു.

‘ സംഘപരിവാറിന്റെ ആക്രമണം ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന ഒരാളാണ് ഞാന്‍. വിവേകാനന്ദന്‍ വൈറലാണ് എന്ന സിനിമ വരുമ്പോഴും പഴയ കാര്യങ്ങള്‍ പറഞ്ഞ് വേട്ടയാടാന്‍ വരുമെന്ന് അറിയാം. ഈ സൈബര്‍ യുഗത്തില്‍ നമ്മള്‍ അത് പ്രതീക്ഷിക്കുക തന്നെ വേണം. അത് ഇപ്പോഴത്തെ അവസ്ഥയാണ്.

ഈ അവസ്ഥയെ കലാകാരന്‍മാര്‍ വളരെയെധികം ഭയപ്പെടേണ്ടിയിരിക്കുന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തില്‍ നമുക്കുണ്ടായിരുന്ന ആ സുവര്‍ണകാലം ഇനി ഉണ്ടാകുമെന്ന് കരുതുന്നില്ല. എഴുത്തിലും ഒന്നിലും അതുണ്ടാവില്ല.

കലാകാരന്റെ സ്വാതന്ത്ര്യം എന്നത് ഒരു സ്വാതന്ത്ര്യപ്രഖ്യാപനമായിരുന്നു. ഇന്ത്യാ മഹാരാജ്യത്ത് നിന്ന് നമ്മള്‍ക്ക് ഇനി അത് പ്രതീക്ഷിക്കാമോ എന്ന് തോന്നുന്നില്ല.

കാര്യങ്ങള്‍ മാറിമറിഞ്ഞില്ലെങ്കില്‍, ഇനിയും ഇങ്ങനെ തന്നെയാണ് തുടരുന്നതെങ്കില്‍ അതിന്റെ തോത് കൂടും. കുറച്ചു കാലം കഴിഞ്ഞാല്‍ ഏകാധിപത്യ രാജ്യങ്ങളിലും മതരാഷ്ട്രങ്ങളിലും നമ്മള്‍ കാണുന്നതുപോലെ സിനിമ എങ്ങനെയാവണമെന്ന് ഭരണകൂടം തീരുമാനിക്കും.

ചില ഇസ്‌ലാമിക രാജ്യങ്ങളില്‍ നമ്മള്‍ കാണുന്നുണ്ടല്ലോ. അവിടെ നിന്ന സിനിമ ഉണ്ടാക്കാന്‍ പറ്റില്ല. അവര്‍ മറ്റ് വിദേശരാജ്യങ്ങൡ സിനിമ ഉണ്ടാക്കിയിട്ട് അവരുടെ രാജ്യത്തിന്റെ സിനിമയായിട്ട് ജനങ്ങളിലേക്ക് എത്തിക്കുകയാണ്. ഇത് പല ഏകാധിപത്യ രാജ്യങ്ങളിലും നടക്കുന്ന കാര്യമാണ്.

രാജ്യങ്ങളുടെ പേര് പറയുന്നില്ല. ഇന്ത്യയിലും ഇനി സംഭവിക്കാന്‍ പോകുന്നത് അതായിരിക്കും. ഇവിടുത്തെ ഭരണകൂടത്തിന് അരുചിയായി തോന്നുന്ന കാര്യങ്ങള്‍ സിനിമയില്‍ പറയാന്‍ പറ്റിയില്ലെങ്കില്‍ നമ്മുടെ ആവിഷ്‌കാര സ്വാതന്ത്ര്യം നമുക്ക് അനുഭവിക്കാന്‍ പറ്റില്ലെങ്കില്‍ എന്ത് ചെയ്യും.

ഒന്നുകില്‍ നിര്‍ത്തുക. അല്ലെങ്കില്‍ പുറത്ത് എവിടേയെങ്കിലും പോയി നമ്മുടെ ഭാഷയുടേയും ദേശത്തിന്റെയും സിനിമ ചെയ്യുക എന്ന രീതിയിലേക്ക് മാറുക. അല്ലെങ്കില്‍ ഈ ആക്രമണം നമ്മള്‍ സഹിക്കേണ്ടി വരും.

ഇവിടെ പെട്ടെന്നൊരു മാറ്റം ഞാന്‍ പ്രതീക്ഷിക്കുന്നില്ല. ഇവിടെ മതം എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നു. ഭരണകൂടം എല്ലാത്തിലും ഇടപെടുന്ന അവസ്ഥിലേക്ക് വരുന്നു. നിസ്സംഗമായി നോക്കിനില്‍ക്കേണ്ടി വരുന്നു.

എന്നാല്‍ ചലച്ചിത്ര മേഖലയില്‍ ഉള്ളവര്‍ക്കും അല്ലാത്തവര്‍ക്കുമൊക്കെ അത് മനസിലാകുന്നുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്. പല ആക്ടേഴ്‌സില്‍ നിന്നും വരുന്ന ചില പ്രസ്താവനകള്‍ നമ്മള്‍ കേള്‍ക്കുന്നുണ്ടല്ലോ. ഈ ദിവസങ്ങളില്‍ നമ്മള്‍ ചില കാര്യങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണല്ലോ. ചിലരൊക്കെ ആവേശം പൂണ്ടിരിക്കുകയാണ്. പലതും ശരിയാണെന്ന് ധരിച്ചുവെച്ചിരിക്കുകയാണ്. ആ കണ്‍കെട്ടില്‍ വീണുപോകുകയാണ്. അത് തിരിച്ചറിയുന്ന കാലം ഇതൊക്കെ മാറുമായിരിക്കും,’ കമല്‍ പറഞ്ഞു.

Content Highlight: Director Kamal About the present situation of india and Sensorship on Movies