മമ്മൂട്ടി- കമല്‍ കൂട്ടുകെട്ടില്‍ 2005ല്‍ പുറത്തിറങ്ങിയ സിനിമയാണ് രാപ്പകല്‍. ടി.എ. റസാഖിന്റെ തിരക്കഥയില്‍ പിറന്ന രാപ്പകല്‍ ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറി. തന്റെ കരിയറില്‍ ഏറ്റവും എന്‍ജോയ് ചെയ്തുകൊണ്ട് സംവിധാനം ചെയ്ത ചിത്രമാണ് രാപ്പകലെന്ന് കമല്‍ പറഞ്ഞു.
വളരെ കുറച്ച് ലൊക്കേഷനുകള്‍ മാത്രമുള്ളതിനാല്‍ അത്രയും ആര്‍ട്ടിസ്റ്റിനെ വെച്ച് സിനിമ ചെയ്യാന്‍ എളുപ്പമായിരുന്നെന്നും കമല്‍ പറഞ്ഞു.ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോള്‍ മമ്മൂട്ടിയുടെ മകള്‍ ഡെലിവറിയുമായി ബന്ധപ്പെട്ട് ആശുപത്രിയിലായിരുന്നെന്നും ഓരോ ഷോട്ട് കഴിയുമ്പോഴും ഫോണ്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുമായിരുന്നെന്നും കമല്‍ പറഞ്ഞു
. ഓരോ ഷോട്ടിന് അസിസ്റ്റന്റ് ഡയറക്ടര്‍ ചെന്ന് വിളിക്കുമ്പോള്‍ അവരോട് മമ്മൂട്ടി ദേഷ്യപ്പെടുമായിരുന്നെന്നും കമല്‍ പറഞ്ഞു. ചിത്രത്തിലെ ഏറ്റവും ഇമോഷണലായ ഇന്റര്‍വല്‍ സീന്‍ ഷൂട്ട് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് മകള്‍ പ്രസവിച്ചു എന്ന വാര്‍ത്ത മമ്മൂട്ടി അറിഞ്ഞതെന്നും ആരോടും പറയാതെ ആ സീനില്‍ കരഞ്ഞഭിനയിച്ചെന്നും കമല്‍ പറഞ്ഞു.
സന്തോഷത്തിന്റെ കൊടുമുടിയില്‍ നിന്നുകൊണ്ട് അത്രയും ഇമോഷണലാ സീന്‍ മമ്മൂട്ടി ചെയ്തുകഴിഞ്ഞപ്പോള്‍ സെറ്റിലുണ്ടായിരുന്ന എല്ലാവരും കൈയടിച്ചെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഇക്കാര്യം പറഞ്ഞത്.
‘രാപ്പകലിന്റെ ഷൂട്ട് നടക്കുന്ന സമയത്തായിരുന്നു മമ്മൂക്കയുടെ മകള്‍ സുറുമിയെ ഡെലിവെറിക്ക് വേണ്ടി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്. ആ സമയത്ത് സുറുമി അമേരിക്കയിലായിരുന്നു. ഓരോ ഷോട്ട് കഴിയുമ്പോഴും ഹോസ്പിറ്റലിലേക്ക് വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുമായിരുന്നു. അടുത്ത ഷോട്ടിന് അസിസ്റ്റന്റ് ചെന്ന് വിളിക്കുമ്പോള്‍ അവരോട് മമ്മൂക്ക ചൂടാകുമായിരുന്നു.
പുള്ളിക്ക് അത്രക്ക് ടെന്‍ഷനുണ്ടായിരുന്നു. ആ സിനിമയിലെ ഇന്റര്‍വല്‍ സീനെന്ന് പറയുന്നത്, ആ കുടുംബത്തിലെ മോഡേണായിട്ടുള്ള ഒരു പയ്യന്‍ കൃഷ്ണനെ എല്ലാവരുടെയും മുന്നില്‍ വെച്ച് അടിക്കുന്നുണ്ട്.
അത് കഴിഞ്ഞ് റൂമിലെത്തി ഒറ്റക്കിരുന്ന് കരയുന്ന സ്ഥലത്താണ് ഇന്റര്‍വല്‍ എന്ന് എഴുതുന്നത്. ആ സീന്‍ എടുക്കുന്നതിന്റെ മുന്നേ മമ്മൂക്കക്ക് ഒരു കോള്‍ വന്നു, സുറുമി പ്രസവിച്ചു എന്ന് പറഞ്ഞായിരുന്നു കോള്‍. പുള്ളി ഭയങ്കര ഹാപ്പിയായി. സെറ്റിലുള്ള ആരോടും ആ സമയം അത് പറഞ്ഞില്ല. സന്തോഷത്തിന്റെ കൊടുമുടിയില്‍ നിന്നുകൊണ്ട് ആ ഇമോഷണല്‍ സീന്‍ മമ്മൂക്ക ചെയ്തു. സെറ്റിലുള്ളവരെല്ലാം ആ ഷോട്ട് കണ്ട് കൈയടിച്ചു,’ കമല്‍ പറഞ്ഞു.
Content Highlight: Director Kamal about the interval scene of Rappakal movie