ചോയ്ച്ച് ചോയ്ച്ച് പോവാമെന്ന ഡയലോഗിന്റെ സൃഷ്ടാവ് അയാളാണ്: കമല്‍
Entertainment
ചോയ്ച്ച് ചോയ്ച്ച് പോവാമെന്ന ഡയലോഗിന്റെ സൃഷ്ടാവ് അയാളാണ്: കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 27th July 2024, 3:53 pm

മലയാളികള്‍ക്ക് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് കമല്‍. അസിസ്റ്റന്റ് ഡയറക്ടറായി കരിയറാരംഭിച്ച കമല്‍ 1986ല്‍ പുറത്തിറങ്ങിയ മിഴിനീര്‍പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. 38 വര്‍ഷത്തെ കരിയറില്‍ അമ്പതോളം ചിത്രങ്ങള്‍ കമല്‍ സംവിധാനം ചെയ്തു. ശ്രീനിവാസന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത് 1998ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അയാള്‍ കഥയെഴുതുകയാണ്.

മോഹന്‍ലാല്‍ അവതരിപ്പിച്ച സാഗര്‍ കോട്ടപ്പുറത്തിന്റെ ഐക്കോണിക് ഡയലോഗായ ചോയ്ച്ച് ചോയ്ച്ച് പോവാം എന്ന ഡയലോഗിന്റെ ഉത്ഭവത്തെപ്പറ്റി സംസാരിക്കുകയാണ് കമല്‍. ഇങ്ങനെയൊരു കഥയുണ്ടെന്ന് തന്നോട് പറഞ്ഞത് സംവിധായകന്‍ സിദ്ദിഖ് ആണെന്നും ശ്രീനിവാസനെക്കൊണ്ട് സ്‌ക്രിപ്റ്റ് എഴുതിക്കാമെന്ന് പറഞ്ഞത് സിദ്ദിഖാണെന്നും കമല്‍ പറഞ്ഞു.

വേറെ ഒരാളുടെ കഥക്ക് ശ്രീനിവാസന്‍ സ്‌ക്രിപ്റ്റ് എഴുതുമോ എന്ന സംശയം തനിക്കും സിദ്ദിഖിനും ഉണ്ടായിരുന്നെന്ന് കമല്‍ പറഞ്ഞു. എന്നാല്‍ മോഹന്‍ലാല്‍ ഒരു പൈങ്കിളി നോവലിസ്റ്റാണ് എന്നറിഞ്ഞപ്പോള്‍ ശ്രീനി അതിന് സമ്മതിച്ചുവെന്നും കമല്‍ പറഞ്ഞു. ഡിസ്‌കഷന്‍ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് സിദ്ദിഖാണ് ചോയ്ച്ച് ചോയ്ച്ച് പോവാമെന്ന ഡയലോഗ് പറഞ്ഞതെന്നും അത് കേട്ടപ്പോള്‍ തന്നെ തനിക്ക് ഇഷ്ടമായെന്നും കമല്‍ പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അയാള്‍ കഥയെഴുതുകയാണ് എന്ന സിനിമയുടെ കഥ എന്നോട് ആദ്യം പറഞ്ഞത് സംവിധായകന്‍ സിദ്ദിഖാണ്. രു പൈങ്കിളി നോവലിസ്റ്റിന്റെ കഥ എന്ന പറഞ്ഞപ്പോള്‍ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. മോഹന്‍ലാല്‍ ആ ക്യാരക്ടര്‍ ചെയ്താല്‍ നന്നാകുമെന്ന് ഞാന്‍ പറഞ്ഞു. സ്‌ക്രിപ്റ്റ് ശ്രീനിയെക്കൊണ്ട് എഴുതിക്കാമെന്ന് സിദ്ദിഖാണ് നിര്‍ദേശിച്ചത്.

വേറൊരാളുടെ കഥയില്‍ ശ്രീനി സ്‌ക്രിപ്റ്റ് എഴുതുമോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. ശ്രീനിയോട് ഈ കഥ പറഞ്ഞപ്പോള്‍ ലാലിനെയാണ് നോവലിസ്റ്റായി ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞു. അതോടെ ശ്രീനി സ്‌ക്രിപ്‌റ്റെഴുതാമെന്ന് സമ്മതിച്ചു. ഡിസ്‌കഷന്റെ സമയത്ത് ഓരോ കോമഡി ഡയലോഗ് ശ്രീനിയും സിദ്ദിഖും പറയുമായിരുന്നു. ‘ചോയ്ച്ച് ചോയ്ച്ച് പോവാം’ എന്ന ഡയലോഗ് സിദ്ദിഖിന്റെ കോണ്‍ട്രിബ്യൂഷനായിരുന്നു. ആദ്യം കേട്ടപ്പോള്‍ തന്നെ എനിക്ക് അത് ഇഷ്ടപ്പെട്ടു,’ കമല്‍ പറഞ്ഞു.

Content Highlight: Director Kamal about the hit dialogue in Ayal Kadhayezhuthukayanu movie