എന്നെക്കാള്‍ വലിയ റോള്‍ ആ നടിക്കാണല്ലോയെന്ന് ഒരിക്കല്‍ പോലും അവര്‍ ചോദിച്ചിട്ടില്ല: ബഹുമാനമാണ് അവരോട്: കമല്‍
Movie Day
എന്നെക്കാള്‍ വലിയ റോള്‍ ആ നടിക്കാണല്ലോയെന്ന് ഒരിക്കല്‍ പോലും അവര്‍ ചോദിച്ചിട്ടില്ല: ബഹുമാനമാണ് അവരോട്: കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 8th June 2024, 2:40 pm

 

തന്റെ സിനിമകളില്‍ നായകനൊപ്പം തന്നെ പ്രാധാന്യമുള്ള നായികമാരെ കൂടി സൃഷ്ടിക്കുന്ന സംവിധായകനാണ് കമല്‍. കമലിന്റെ മിക്ക സിനിമകളിലും ഇത്തരമൊരു ബാലന്‍സിങ് കാണാം.

തന്റെ സിനിമകളിലെ നായകന് തുല്യമായ സ്ഥാനം നടിമാര്‍ക്ക് കൂടി നല്‍കാന്‍ കമല്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. നായികമാരായി ഒന്നിലേറെ പേര്‍ വരുന്ന നിരവധി ചിത്രങ്ങള്‍ കമല്‍ സംവിധാനം ചെയ്തിട്ടുമുണ്ട്. അക്കൂട്ടത്തില്‍ ഒരു ചിത്രമാണ് മഴയെത്തുംമുന്‍പേ.

ആനിയും ശോഭനയും ഒന്നിച്ചെത്തിയ ചിത്രത്തില്‍ രണ്ട് പേരും അവരുടെ കഥാപാത്രത്തെ മികവുറ്റതാക്കിയിരുന്നു. തന്റെ നായികമാരില്‍ തനിക്ക് ഏറ്റവും ബഹുമാനം തോന്നിയ ഒരാളെ കുറിച്ച് സംസാരിക്കുകയാണ് കമല്‍.

ശോഭനയെ കുറിച്ചാണ് കമല്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നത്. തന്റെ രണ്ട് സിനിമകളില്‍ മാത്രമാണ് ശോഭന അഭിനയിച്ചതെന്നും രണ്ട് സിനിമകളിലും ശോഭനയല്ലാതെ മറ്റൊരു നായിക കൂടി ഉണ്ടായിരുന്നെന്നും കമല്‍ പറയുന്നു.

എന്നാല്‍ തന്നേക്കാള്‍ പ്രാധാന്യമുള്ള മറ്റൊരു റോളുണ്ടായിട്ടും ആ സിനിമകളില്‍ അഭിനയിക്കാന്‍ ശോഭന തയ്യാറായിട്ടുണ്ടെന്നാണ് കമല്‍ പറയുന്നത്. അത് അവരില്‍ അവര്‍ക്കുള്ള കോണ്‍ഫിഡന്‍സിനെയാണ് കാണിക്കുന്നതെന്നും കമല്‍ പറഞ്ഞു.

‘ എന്റെ രണ്ട് സിനിമകളില്‍ മാത്രമാണ് ശോഭന അഭിനയിച്ചിട്ടുള്ളത്. ഒന്ന് ഉള്ളടക്കം, ഒന്ന് മഴയെത്തും മുന്‍പേ. ഈ രണ്ട് സിനിമകളിലും ഏറ്റവും പ്രധാനപ്പെട്ട ഫീമെയില്‍ ക്യാരക്ടര്‍ ശോഭന ആയിരുന്നില്ല. മഴയെത്തും മുന്‍പെയില്‍ ആനിയാണ്. ഉള്ളടക്കത്തില്‍ അമലയാണ് അതിലെ സെന്‍ട്രല്‍ ഫീമെയില്‍ ക്യാരക്ടര്‍.

ഈ റോളിന് വേണ്ടി ശോഭനയെ വിളിക്കുമ്പോഴോ ലെക്കേഷനില്‍ വന്നപ്പോഴോ തന്റെ റോളിനേക്കാള്‍ വലുത് മറ്റേ കുട്ടിയുടേതാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ആര്‍ടിസ്റ്റിന്റെ മഹത്വമാണ് അത്. അതിന് കാരണം അവര്‍ക്ക് അവരിലുള്ള കോണ്‍ഫിഡന്‍സാണ്. തനിക്ക് രണ്ട് സീനായാലും അതില്‍ തന്റെ പെര്‍ഫോമന്‍സ് എങ്ങനെയായിരിക്കും എന്ന കോണ്‍ഫിഡന്‍സ് ശോഭനയ്ക്കുണ്ട്.

അതുകൊണ്ട് തന്നെ അക്കാര്യത്തില്‍ എനിക്ക് അവരോട് ബഹുമാനമാണ്. ചെറിയ റോളല്ല അവരുടേത്. നല്ല ക്യാരക്ടര്‍ തന്നെയാണ്. എന്നാല്‍ പോലും കംപയര്‍ ചെയ്യുമ്പോള്‍ മറ്റേ കഥാപാത്രത്തിനാണല്ലോ അവസാനമെത്തുമ്പോള്‍ പ്രാധാന്യമുണ്ടാവുക.

ശോഭന മാത്രമല്ല അക്കാലഘട്ടത്തിലെ മിക്കവര്‍ക്കും അവരിലുള്ള കോണ്‍ഫിഡന്‍സ് കൊണ്ടാകും ഇത്തരം കാര്യങ്ങളിലൊന്നും ഒരു ഇന്റര്‍ഫിയറന്‍സും ഉണ്ടാവില്ല. നമുക്ക് ടെന്‍ഷന്‍ തരില്ല. വരുന്നു, അഭിനയിക്കുന്നു, പോകുന്നു എന്നതായിരുന്നു രീതി.

ആനിയും അങ്ങനെ തന്നെ. അമ്മയാണെ സത്യം കഴിഞ്ഞിട്ട് രണ്ടാമത്തെ സിനിമയില്‍ മമ്മൂക്കയുടെ കൂടെയാണ് അഭിനയിക്കുന്നത്. ആദ്യത്തെ ഒന്ന് രണ്ട് ദിവസം ആനിയുടെ മാത്രം സീനായിരുന്നു എടുത്തത്. മമ്മൂക്ക ജോയിന്‍ ചെയ്യുന്ന ദിവസം ആനി ഭയങ്കര ടെന്‍ഷനിലായിരുന്നു. മമ്മൂക്ക കുഴപ്പക്കാരനല്ല എന്നൊക്കെ പറഞ്ഞ് ഞാന്‍ സമാധാനിപ്പിച്ചു.

മമ്മൂക്കയോട് ഞാന്‍ ഇത് പറഞ്ഞപ്പോള്‍ മമ്മൂക്ക അവരെ അടുത്ത് വിളിച്ച് കുറേയേറെ സംസാരിച്ചു. ഹാപ്പിയായിട്ടാണ് പിന്നീട് അവര്‍ സിനിമ ചെയ്തത്. പിന്നീട് മമ്മൂക്കയുമൊക്കെയായി അവര്‍ നല്ല കമ്പനിയായി. ആനി വളരെ മനോഹരമായി അഭിനയിച്ച സിനിമ കൂടിയാണ് മഴയെത്തുംമുന്‍പേ.

സാധാരണ അക്കാലത്ത് നായികമാര്‍ക്ക് വേണ്ടി ഡബ്ബിങ് ആര്‍ടിസ്റ്റുകളെ ഉപയോഗിക്കും. ആനിയുടെ ശബ്ദം അല്‍പ്പം പരുക്കനാണ്. അതുകൊണ്ട് ആനി തന്നെയാണ് പടത്തില്‍ ഡബ്ബ് ചെയ്തത്. അതിന് ആ ഫ്രഷ്‌നെസും ഉണ്ടായിരുന്നു.

Content Highlight: Director Kamal About the actress he respect