സ്വകാര്യ സംഭാഷണങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകും, അന്നത്തെ സാഹചര്യം കൂടി ശ്രീനിവാസന്‍ ആലോചിക്കണമായിരുന്നു; മോഹന്‍ലാലിനെതിരായ പരാമര്‍ശത്തില്‍ കമല്‍
Entertainment news
സ്വകാര്യ സംഭാഷണങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകും, അന്നത്തെ സാഹചര്യം കൂടി ശ്രീനിവാസന്‍ ആലോചിക്കണമായിരുന്നു; മോഹന്‍ലാലിനെതിരായ പരാമര്‍ശത്തില്‍ കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 16th April 2023, 8:20 am

മോഹന്‍ലാലിനെതിരായ ശ്രീനിവാസന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി സംവിധായകന്‍ കമല്‍. സ്വകാര്യമായി മോഹന്‍ലാല്‍ നടത്തിയ പരാമര്‍ശങ്ങള്‍ പുറത്ത് പറയുമ്പോള്‍ അന്നത്തെ സാഹചര്യം കൂടി ശ്രീനിവാസന്‍ ആലോചിക്കണമായിരുന്നുവെന്ന് കമല്‍ പറഞ്ഞു. മോഹന്‍ലാലിനെ തനിക്ക് അടുത്തറിയാമെന്നും അദ്ദേഹം കാപട്യമുള്ള വ്യക്തിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും ‘ചോദ്യം ശരിയല്ല’ എന്ന പരിപാടിയില്‍ കമല്‍ പറഞ്ഞു.

‘ശ്രീനിവാസന്റെ ഇന്റര്‍വ്യൂ ഞാനും കണ്ടിരുന്നു. ശ്രീനിവാസന്‍ ഇപ്പോഴും എന്റെ നല്ല സുഹൃത്താണ്. വ്യക്തിപരമായി അദ്ദേഹത്തേയും അദ്ദേഹത്തിന്റെ സിനിമകളേയും ഇഷ്ടമാണ്. മോഹന്‍ലാലിന് കാപട്യമുണ്ടോ എന്നുള്ളത് വേറെ വിഷയമാണ്. അത് വേറെ ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്. എല്ലാവര്‍ക്കും അവരവരുടേതായ പേഴ്‌സണല്‍ സ്‌പേസ് ഉണ്ടാവും, കാപട്യവുമുണ്ടാവും. ലാല്‍ എന്നോട് സംസാരിക്കുന്നത് പോലെയായിരിക്കില്ല മറ്റൊരാളോട് സംസാരിക്കുന്നത്. പബ്ലിക്കിന്റെ മുമ്പില്‍ മറ്റൊരു രീതിയിലായിരിക്കും സംസാരിക്കുന്നത്.

ഇതൊക്കെ മാറ്റിവെച്ചുകൊണ്ട് നമ്മള്‍ സുഹൃത്തുക്കളോട് ചില കാര്യങ്ങള്‍ പറയും. ഏറ്റവും അടുത്ത സുഹൃത്തിനോട് ഞാന്‍ പറയുന്ന കാര്യങ്ങള്‍ ഏത് സാഹചര്യത്തിലാണ് പറയുന്നതെന്ന് കൂടി ആലോചിക്കണം. ചിലപ്പോള്‍ വളരെ കാഷ്വലായി പറഞ്ഞതായിരിക്കാം. അല്ലെങ്കില്‍ എന്തെങ്കിലും ലക്ഷ്യത്തോടെ പറഞ്ഞതായിരിക്കാം. പക്ഷേ കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് അത് പുറത്ത് പറയുമ്പോള്‍ അന്ന് ഏത് സാഹചര്യത്തില്‍ പറഞ്ഞതാണെന്ന് ആലോചിക്കണമായിരുന്നു എന്നതാണ് എനിക്ക് ശ്രീനിവാസനോടുള്ള വിയോജിപ്പ്.

അദ്ദേഹത്തിന് പറയാനുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ട്. എല്ലാവര്‍ക്കും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അത് ഉള്‍ക്കൊള്ളുന്ന ആളാണ് മോഹന്‍ലാല്‍. അതുകൊണ്ടായിരിക്കാം ശ്രീനിവാസന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് മോഹന്‍ലാല്‍ മറുപടി പറയാതിരുന്നത്. പറയേണ്ട ആവശ്യവുമില്ല. ചിലപ്പോള്‍ ഒരു സുഹൃത്തിനോട് മനസ് തുറന്നിട്ടുണ്ടാവാം. നസീര്‍ സാറിന്റെ സിനിമയില്‍ അഭിനയിക്കില്ലെന്ന് മനപ്പൂര്‍വം പറഞ്ഞതായിരിക്കണമെന്നുമില്ല. ആ സമയത്ത് അങ്ങനെ പറയാന്‍ തോന്നിയിട്ടുണ്ടാവാം.

അങ്ങനെയുള്ള സ്വകാര്യ സംഭാഷണങ്ങള്‍ സുഹൃത്തുക്കള്‍ക്കിടയില്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്. ശ്രീനി അതിനെ അങ്ങനെ കാണണമായിരുന്നു. ഇക്കാര്യത്തില്‍ മോഹന്‍ലാല്‍ ഒരു ഹിപ്പോക്രാറ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ലാലിനെ അടുത്തറിയാവുന്ന ഒരാളെന്ന നിലയില്‍ പറയുകയാണ്, ചില കാര്യങ്ങളെങ്കിലും സത്യസന്ധമായി മറ്റുള്ളവരോട് സംസാരിക്കുകയും ഇടപഴകുകയും ചെയ്യുന്ന ആളാണ് അദ്ദേഹം,’ കമല്‍ പറഞ്ഞു.

Content Highlight: director kamal about sreenivasan’s statements about mohanlal