| Wednesday, 17th February 2021, 11:02 am

ഷാജി എന്‍ കരുണിനെ ഒരുപാട് തവണ ക്ഷണിച്ചതാണ്, ഓര്‍മ്മപ്പിശകാണെങ്കില്‍ ഒന്നും പറയാനില്ല; വേദനിപ്പിച്ചെങ്കില്‍ മാപ്പ്: കമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രോല്‍സവ വേദിയില്‍ അവഗണന നേരിട്ടെന്ന ചലച്ചിത്രകാരന്‍ ഷാജി എന്‍. കരുണിന്റെ വാദം തള്ളി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍.

സംസ്ഥാന സിനിമാ അവാര്‍ഡിന്റെ ചടങ്ങിനും ഐ.എഫ്.എഫ്.കെയുടെ ഉദ്ഘാടന ചടങ്ങിനും നേരിട്ടു പോയി അദ്ദേഹത്തെ ക്ഷണിച്ചതാണെന്നും സാറിന്റെ സാന്നിധ്യം വേദിയില്‍ ഉണ്ടായിരിക്കണമെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നതായും കമല്‍ പറഞ്ഞു.

ചലച്ചിത്ര അക്കാദമിയുടെ ആദ്യത്തെ ചെയര്‍മാന്‍ അദ്ദേഹമാണ്. ഉദ്ഘാടന ദിവസം അടക്കം ആറു പ്രാവശ്യം ഷാജി എന്‍. കരുണിനെ ഫോണ്‍ ചെയ്തിരുന്നു. സ്റ്റേറ്റ് അവാര്‍ഡിന്റെ ദിവസം അദ്ദേഹം തനിക്ക് വ്യക്തിപരമായി ഒരു മെയില്‍ അയച്ചിരുന്നു.

അതില്‍ ചലച്ചിത്ര അക്കാദമിയിലെ ചിലരുമായി അഭിപ്രായവ്യത്യാസമുണ്ടെന്നും അതിനാല്‍ ചലച്ചിത്ര അക്കാദമിയിലെ പരിപാടിയില്‍ പങ്കെടുക്കില്ല എന്നുമായിരുന്നു കത്തില്‍ സൂചിപ്പിച്ചിരുന്നത്.

ഇതിന് ശേഷം ഐ.എഫ്.എഫ്.കെ ഇത് 25ാം വര്‍ഷമാണെന്നും, ഇതില്‍ എങ്കിലും പങ്കെടുക്കണമെന്നും ഷാജി എന്‍. കരുണിനോട് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് ഓര്‍മ്മപ്പിശകാണെങ്കില്‍ തനിക്ക് ഒന്നും പറയാനില്ല.

അദ്ദേഹത്തെ ഒരുപാട് ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളാണ് ഞാന്‍. ആരെങ്കിലുമായും പ്രശ്നമുണ്ടെങ്കില്‍ മൊത്തത്തില്‍ ചലച്ചിത്ര അക്കാദമിയുടെ പ്രശ്നമാണെന്ന് പറയുന്നത് എത്രമാത്രം ശരിയാണെന്ന് അറിയില്ല.

എന്തായാലും അദ്ദേഹത്തിന് വേദനിച്ചിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നു. അദ്ദേഹത്തെ സദസ്സില്‍ ഇരുത്തും എന്നു പറഞ്ഞത് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ആളുടെ മനോഗതിയായിരിക്കും. ഷാജി എന്‍ കരുണിനെപ്പോലെ ഒരാളെ ചലച്ചിത്ര അക്കാദമിയുടെ പരിപാടിയില്‍ സദസ്സില്‍ ഇരുത്തും എന്നു വിശ്വസിക്കാനുള്ള മൗഢ്യം എന്തായാലും ജനങ്ങള്‍ക്കുണ്ടാവില്ലെന്ന് കമല്‍ പറഞ്ഞു.

സംസ്ഥാനത്തൊട്ടാകെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ചലച്ചിത്ര അക്കാദമിക്ക് പ്രത്യേക വാന്‍ സജ്ജീകരിച്ചിട്ടുണ്ട്. വാനിന്റെ പുറത്ത് പ്രമുഖ സിനിമകളുടെ പേരു പെയ്ന്റ് ചെയ്തിരുന്നു. എന്നാല്‍ ചലച്ചിത്ര അക്കാദമിയിലെ ചില ആളുകള്‍ ഇടപെട്ട് ഷാജിയുടെ പിറവി സിനിമയുടെ പേര് മായിച്ചു കളഞ്ഞുവെന്ന ആക്ഷേപവും ഇതിനിടെ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ മലയാള സിനിമയുടെ ചരിത്രം തന്നെ അക്കാദമിയിലെ ചിലര്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ് ഷാജി എന്‍.കരുണ്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ചലച്ചിത്ര അക്കാദമിയുടെ വാഹനത്തില്‍ നിന്നും പിറവി സിനിമ ഒഴിവാക്കിയതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നായിരുന്നു കമല്‍ പറഞ്ഞത്.

ടൂറിംഗ് ടാക്കീസ് വണ്ടിയില്‍ നിന്നും താന്‍ വന്നതിന് ശേഷം സിനിമ ഒഴിവാക്കിയിട്ടില്ല. ഇതിന് മുമ്പ് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ ഇപ്പോഴത്തെ ഭരണസമിതി ഉത്തരവാദികളാണെന്ന് പറയുന്നത് ശരിയല്ല. ചരിത്രത്തില്‍ നിന്നും ഷാജി കരുണ്‍ എന്ന ചലച്ചിത്രകാരനെ ഒഴിവാക്കാന്‍ പറ്റുമോ? ഏതെങ്കിലും ഒരു കുബുദ്ധി വിചാരിച്ചാല്‍ അത് നടക്കുമോ എന്നും കമല്‍ ചോദിച്ചു.

സലിം കുമാറുമായി ഇന്നലെയും താന്‍ അരമണിക്കൂറോളം സംസാരിച്ചിരുന്നെന്നും സലിംകുമാര്‍ വീണ്ടും വിവാദത്തില്‍ ഉറച്ചുനില്‍ക്കുന്നത് എന്തെങ്കിലും രാഷ്ട്രീയ ഉദ്ദേശമുള്ളതുകൊണ്ടാകുമെന്നും ഒരിക്കലും അദ്ദേഹത്തെ ഒഴിവാക്കിയിട്ടില്ലെന്നും കമല്‍ ആവര്‍ത്തിച്ചു.

ഇവിടുത്തെ സംഘാടക സമിതിയാണ് ക്ഷണിച്ചത്. തിരുവനന്തപുരത്ത് യോഗം ചേര്‍ന്നിട്ടില്ല. കൊച്ചിയില്‍ നടക്കുന്ന മേളയ്ക്ക് കൊച്ചിയില്‍ സംഘാടക സമിതിയുണ്ട്. ഇവിടുത്തെ ചലച്ചിത്ര പ്രവര്‍ത്തകരും സലിംകുമാരിന്റെ സുഹൃത്തുക്കളുമൊക്കെ തന്നെയാണ് പേരുകളൊക്കെ തയ്യാറാക്കിയത്. അദ്ദേഹത്തെ വിളിച്ചിരുന്നുവെന്നും, വളരെ മോശമായാണ് പ്രതികരിച്ചതെന്നും ഇവിടുത്തെ സംഘാടകസമിതിയിലുണ്ടായിരുന്നവര്‍ പറഞ്ഞതായും കമല്‍ അറിയിച്ചു.

അതേസമയം ഐ.എഫ്.എഫ്.കെ കൊച്ചി ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് സലിംകുമാര്‍ വ്യക്തമാക്കി. കോടതി പിരിഞ്ഞിട്ട് വിധി പറഞ്ഞിട്ട് കാര്യമില്ലല്ലോയെന്നായിരുന്നു സലിംകുമാറിന്റെ പ്രതികരണം. തന്നെ മാറ്റി നിര്‍ത്തിയപ്പോള്‍ ചിലരുടെ താത്പര്യം സംരക്ഷിക്കപ്പെട്ടു. കാര്യങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുമെന്നും സലിംകുമാര്‍ പറഞ്ഞു.

കൊവിഡ് പശ്ചാത്തലത്തില്‍ 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരള രാജ്യാന്തര ചലച്ചിത്ര മേള കൊച്ചിയിലെത്തുന്നത്. കൊച്ചി മേഖല ഉദ്ഘാടനം ഇന്ന് നടക്കാനിരിക്കെ ആദ്യം ചര്‍ച്ചയായത് മേളയിലെ സലിംകുമാറിന്റെ അസാന്നിദ്ധ്യമായിരുന്നു. 25ാമത് മേളയുടെ പ്രതീകമായി സംവിധായകന്‍ കെ. ജി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ 25 ചലച്ചിത്ര പ്രവര്‍ത്തകര്‍ തിരി തെളിയിച്ചാണ് ഉദ്ഘാടനം നടക്കുക.

എന്നാല്‍ ഇതില്‍ എറണാകുളം പറവൂര്‍ സ്വദേശിയും, ദേശീയ പുരസ്‌കാര ജേതാവുമായ സലിംകുമാറിന്റെ പേരുണ്ടായിരുന്നില്ല. തന്റെ പ്രായവും രാഷ്ട്രീയവുമാണ് തന്നെ ഒഴിവാക്കിയതിന് കാരണമെന്നായിരുന്നു സലിം കുമാറിന്റെ പ്രതികരണം.

സംഭവം വിവാദമായതോടെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. കൊച്ചിയിലെ സംഘാടക സമിതിയാണ് അതിഥികളുടെ പട്ടിക തയ്യാറാക്കിയത്. ചലച്ചിത്ര അക്കാദമിക്ക് ഇതുമായി ബന്ധമില്ലെന്നായിരുന്നു കമലിന്റെ വിശദീകരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Director Kamal About Shaji N Karun Controversy

We use cookies to give you the best possible experience. Learn more