മലയാളികള്‍ക്ക് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് കമല്‍. അസിസ്റ്റന്റ് ഡയറക്ടറായി കരിയറാരംഭിച്ച കമല്‍ 1986ല്‍ പുറത്തിറങ്ങിയ മിഴിനീര്‍പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. 38 വര്‍ഷത്തെ കരിയറില്‍ അമ്പതോളം ചിത്രങ്ങള്‍ കമല്‍ സംവിധാനം ചെയ്തു.
ശ്രീനിവാസന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത് 1998ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അയാള്‍ കഥയെഴുതുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് കമല്‍. സാഗര്‍ കോട്ടപ്പുറം എന്ന കഥാപാത്രത്തെക്കുറിച്ച് മോഹന്‍ലാലിനോട് പറഞ്ഞപ്പോള്‍ എത്രത്തോളം അലമ്പായി പെര്‍ഫോം ചെയ്യാമോ അത്രയും അലമ്പായിക്കോ എന്നാണ് നിര്‍ദേശിച്ചതെന്ന് കമല്‍ പറഞ്ഞു.
മോഹന്‍ലാല്‍ അതിനനുസരിച്ച് അലമ്പായെന്നും എന്നാല്‍ മോണിറ്റര്‍ ഇല്ലാത്തതുകൊണ്ട് ആ പെര്‍ഫോമന്‍സ് ഓക്കെയാണോ അല്ലയോ എന്ന് പറയാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും കമല്‍ പറഞ്ഞു.
പിന്നീട് ചിത്രത്തിന്റെ റഷസ് കണ്ട ശേഷമാണ് ലാല്‍ എത്ര ഗംഭീരമായിട്ടാണ് പെര്‍ഫോം ചെയ്തതെന്ന് മനസിലായതെന്നും പിന്നീട് ആ മീറ്ററില്‍ തന്നെ സാഗര്‍ കോട്ടപ്പുറം എന്ന കഥാപാത്രമായി ലാല്‍ പെര്‍ഫോം ചെയ്‌തെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. റഷസ് കാണുന്നതിന് മുന്നേ പെര്‍ഫോമന്‍സ് ഓക്കെയല്ല എന്ന് ലാലിനോട് പറയാത്തത് നന്നായെന്നും കമല്‍ പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു കമല്‍.
‘സാഗര്‍ കോട്ടപ്പുറം എന്ന ക്യാരക്ടറിനെപ്പറ്റി ലാലിനോട് സംസാരിച്ച സമയത്ത് എത്രത്തോളം അലമ്പാകാമോ അത്രയും അലമ്പാകാനാണ് പറഞ്ഞത്. ലാല്‍ അതുപോലെ കേട്ടു. വഴി ചോദിക്കുന്ന സീനിലെല്ലാം ഗേറ്റിലൊക്കെ ചവിട്ടി ബഹളം വെച്ചാണ് പെര്‍ഫോം ചെയ്യുന്നത്. അന്ന് മോണിറ്റര്‍ ഒന്നുമില്ലായിരുന്നു. ഷോട്ട് കഴിഞ്ഞ് ലാല്‍ എന്നോട് ‘ഓക്കെയാണോ’ എന്ന് ചോദിച്ചു. ഇത് എങ്ങനെ വന്നിട്ടുണ്ട് എന്ന് പറയാന്‍ എനിക്കും പറ്റാത്ത അവസ്ഥയായി.
ഓക്കെയാണോ എന്ന് ചോദിച്ചാല്‍ ആണ്, അല്ലേ എന്ന് ചോദിച്ചാല്‍ അല്ല എന്ന് ഞാന്‍ ലാലിനോട് പറഞ്ഞു. പിന്നീട് ഷൂട്ട് ചെയ്ത ഫിലിം പ്രോസസ്സ് ചെയ്ത് റഷസ് കണ്ടു. അതേ മീറ്റര്‍ പിടിച്ചാല്‍ മതിയെന്ന് റഷസ് കണ്ട ശേഷം ഞാന്‍ ലാലിനോട് പറഞ്ഞു. ഒരുപക്ഷേ ആദ്യേ ഓക്കെയല്ല എന്ന് പറഞ്ഞിരുന്നെങ്കില്‍ ലാലിന്റെ ഇത്രയും ഗംഭീരമായിട്ടുള്ള പെര്‍ഫോമന്‍സ് കിട്ടില്ലായിരുന്നു,’ കമല്‍ പറഞ്ഞു.
Content Highlight: Director Kamal about Mohanlal’s perfomance in Ayal Kadhayezhuthukayanu