| Saturday, 27th July 2024, 8:19 am

ഒന്നാന്തരം സ്ത്രീവിരുദ്ധനാണ് മോഹന്‍ലാലിന്റെ ആ കഥാപാത്രം, പക്ഷേ ആ സിനിമ കണ്ടാല്‍ അത് മുഴച്ചുനില്‍ക്കുന്നതായി തോന്നില്ല: കമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് കമല്‍. അസിസ്റ്റന്റ് ഡയറക്ടറായി കരിയറാരംഭിച്ച കമല്‍ 1986ല്‍ പുറത്തിറങ്ങിയ മിഴിനീര്‍പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. 38 വര്‍ഷത്തെ കരിയറില്‍ അമ്പതോളം ചിത്രങ്ങള്‍ കമല്‍ സംവിധാനം ചെയ്തു. ശ്രീനിവാസന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത് 1998ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അയാള്‍ കഥയെഴുതുകയാണ്.

സാഗര്‍ കോട്ടപ്പുറം എന്ന നോവലിസ്റ്റായി മോഹന്‍ലാല്‍ ഗംഭീര പെര്‍ഫോമന്‍സ് കാഴ്ചവെച്ച സിനിമയായിരുന്നു ഇത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ കമല്‍. എപ്പോഴും മദ്യപിച്ച് അലമ്പ് കാണിച്ചു നടക്കുന്ന കഥാപാത്രമാണെന്ന് മോഹന്‍ലാലിനോട് പറഞ്ഞിരുന്നുവെന്ന് കമല്‍ കൂട്ടിച്ചേര്‍ത്തു.

എത്ര വരെ അലമ്പാകമെന്ന് ചോദിച്ചപ്പോള്‍ മാക്‌സിമം അലമ്പകാനാണ് താന്‍ നിര്‍ദേശിച്ചതെന്ന് കമല്‍ പറഞ്ഞു. സദാസമയവും മദ്യപിച്ച് നടക്കുന്ന, അടിമുടി സ്ത്രീവിരുദ്ധനായ കഥാപാത്രമാണ് മോഹന്‍ലാലിന്റേതെന്നും എന്നാല്‍ ആ സിനിമ ഇപ്പോള്‍ കാണുമ്പോള്‍ പോലും അത് മുഴച്ചുനില്‍ക്കുന്നതായി തോന്നില്ലെന്നും കമല്‍ പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു കമല്‍.

‘ശ്രീനിവാസനും ഞാനും കുറെകാലത്തിന് ശേഷം ഒന്നിച്ച സിനിമയായിരുന്നു അയാള്‍ കഥയെഴുതുകയാണ്. സാഗര്‍ കോട്ടപ്പുറം എന്ന പൈങ്കിളി നോവലിസ്റ്റായിട്ടാണ് ലാല്‍ ഈ പടത്തില്‍ അഭിനയിച്ചത്. എപ്പോഴും മദ്യപിച്ച് അലമ്പായി നടക്കുന്ന ഒരാളാണ് സാഗറെന്ന് ഞാന്‍ ലാലിനോട് പറഞ്ഞിരുന്നു. കഥ കേട്ടിട്ട് മോഹന്‍ലാല്‍ എന്നോട് ചോദിച്ചത് ‘ഏത് ലെവല്‍ വരെ അലമ്പാകണം’ എന്നാണ്.

എത്രത്തോളം അലമ്പാകാമോ അത്രയും ആയിക്കോ എന്നാണ് ഞാന്‍ ലാലിനോട് പറഞ്ഞത്. ഞാന്‍ പ്രതീക്ഷിച്ചതിലും അധികം മോഹന്‍ലാല്‍ ആ ക്യാരക്ടറിനെ പ്രസന്റ് ചെയ്തു. ‘അവളെ ഞാന്‍ ബലാത്സംഗം ചെയ്യും’ എന്നൊക്ക് ലാലിന്റെ കഥാപാത്രം പറയുന്നുണ്ട്. ഒന്നാന്തരം സ്ത്രീവിരുദ്ധനായ ക്യാരക്ടറനെയാണ് ലാല്‍ അവതരിപ്പിച്ചത്. പക്ഷേ ഇന്നും ആ സിനിമ കാണുമ്പോള്‍ ആ കാര്യം മുഴച്ചുനില്‍ക്കുന്നതായി തോന്നില്ല. അതുപോലെയാണ് ലാല്‍ അത് ചെയ്തുവെച്ചിരിക്കുന്നത്,’ കമല്‍ പറഞ്ഞു.

Content Highlight: Director Kamal about Mohanlal’s perfomance in Ayal Kadahyezhuthukayanu

We use cookies to give you the best possible experience. Learn more