| Saturday, 8th June 2024, 1:20 pm

നായികയായി ശോഭന വേണ്ടെന്ന് മമ്മൂക്ക, അതിന് അദ്ദേഹം ഒരു കാരണവും പറഞ്ഞു: കമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുടെ കരിയര്‍ ഹിറ്റുകളില്‍ പ്രേക്ഷകര്‍ എന്നും ഓര്‍ക്കുന്ന സിനിമയാണ് കമല്‍ സംവിധാനം ചെയ്ത മഴയെത്തും മുന്‍പേ. ശോഭന, മമ്മൂട്ടി, ആനി, ശ്രീനിവാസന്‍ എന്നിവര്‍ എത്തിയ ചിത്രം അന്നത്തെ കാലത്ത് സൂപ്പര്‍ഹിറ്റായി മാറിയിരുന്നു.

മമ്മൂട്ടിയുടെ അക്കാലത്തെ ഹിറ്റു സിനിമകളിലെ എല്ലാ ഫോര്‍മുലയും ഒത്തുചേര്‍ന്ന ഒരു ചിത്രമായിരുന്നു മഴയെത്തും മുന്‍പേ. ശക്തമായ ഒരു കുടുംബ കഥ പറയുമ്പോള്‍ തന്നെ കോളേജും ലേഡീസ് ഹോസ്റ്റലുമൊക്കെയായി യുവതലമുറയ്ക്ക് കൂടി കണക്ടാവുന്ന തരത്തിലായിരുന്നു ചിത്രം ഒരുക്കിയത്.

കഥയുടെ വണ്‍ ലൈന്‍ കേട്ടപ്പോള്‍ തന്നെ ആ സിനിമ ചെയ്യാന്‍ മമ്മൂക്ക തയ്യാറായിരുന്നെന്നും എന്നാല്‍ നായിക ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങള്‍ ആരൊക്കെ ചെയ്യുമെന്ന കാര്യത്തില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നെന്ന് പറയുകയാണ് കമല്‍. നായികയായി ശോഭന വേണ്ട എന്ന് മമ്മൂക്ക പറഞ്ഞിരുന്നെന്നും അതിന് അദ്ദേഹം ഒരു കാരണവും പറഞ്ഞിരുന്നെന്നും കമല്‍ പറയുന്നു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ മൊത്തം കഥ ശ്രീനി മമ്മൂക്കയോട് ഫോണിലാണ് പറഞ്ഞത്. ഇന്നത്തെ പോയി നേരിട്ട് പോയി കഥ പറയുന്ന രീതിയൊന്നും അന്നില്ല. പറഞ്ഞു കഴിഞ്ഞപ്പോള്‍ തന്നെ മമ്മൂക്കയ്ക്ക് ഇഷ്ടമായി. ഫാമിലിയേയും യൂത്തിനേയും പിടിക്കുന്ന സിനിമയായിരിക്കുമെന്ന് മമ്മൂക്ക പറഞ്ഞു. കോളേജിലേയും ഹോസ്റ്റലിലേയുമൊക്കെ തമാശകള്‍ ആളുകള്‍ക്ക് ഇഷ്ടമാകുമെന്ന് പറഞ്ഞു.

അതുപോലെ ഇമോഷണല്‍ ട്രാക്ക്. അന്നത്തെ മമ്മൂക്കയുടെ സിനിമകളിലെ ഏറ്റവും വലിയ വിജയം അത്തരം ഇമോഷണല്‍ ട്രാക്കുകളായിരുന്നു. അതിലെ മമ്മൂക്കയുടെ പെര്‍ഫോമന്‍സുമൊക്കെ ആളുകള്‍ക്ക് ഇഷ്ടമായിരുന്നു.

സ്‌ക്രിപ്റ്റ് ഓക്കെ ആയപ്പോള്‍ പിന്നെ കാസ്റ്റിങ് ആയിരുന്നു പ്രശ്‌നം. ശ്രീനിവാസന്റേയും മമ്മൂക്കയുടേയും വേഷം ആദ്യമേ തീരുമാനിച്ചു. ശോഭനയെയാണ് ആദ്യം തന്നെ നായികയുടെ റോളിലേക്ക് ഞങ്ങള്‍ പരിഗണിച്ചത്. എന്നാല്‍ ശോഭനയെ മാറ്റാന്‍ പറ്റുമോ എന്നായി മമ്മൂക്ക.

ഞാനും ശോഭനയും കുറേ പടത്തില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇനി വരാനിരിക്കുന്ന ചില സിനിമകളിലും ശോഭന തന്നെയാണ് നായിക. വേറെ ഏതെങ്കിലും നടിമാരെ ഇടാന്‍ പറ്റുമോ എന്ന് ചോദിച്ചു. കുറച്ചു നടിമാരുടെ പേര് അദ്ദേഹം നിര്‍ദേശിച്ചു.

പക്ഷേ ശോഭനയല്ലാതെ ആ കഥപാത്രത്തിലേക്ക് മറ്റൊരാളെ പരിഗണിക്കാന്‍ ഞങ്ങള്‍ക്കാവുമായിരുന്നില്ല. കാരണം ഈ കഥാപാത്രം ഒരു ഡാന്‍സറാണ്. എക്‌സ്‌പേര്‍ട്ട് ഡാന്‍സറാണ്. മാത്രമല്ല നൃത്തം ചെയ്യുന്ന ഒരാള്‍ അവരുടെ ശരീരം തളര്‍ന്നുപോകുന്ന പോലെയുള്ള അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട്. ശോഭന ചെയ്യുമ്പോള്‍ അത് ആളുകള്‍ക്ക് പെട്ടെന്ന് ഐഡന്റിഫൈ ചെയ്യാന്‍ പറ്റും. എന്നാല്‍ മമ്മൂക്കയ്ക്ക് അത് അത്രയും തൃപ്തിയുണ്ടായിരുന്നില്ല. പക്ഷേ ഒടുവില്‍ ശോഭനയെ തന്നെ തീരുമാനിച്ചു.

പിന്നെ ആനിയുടെ കാര്യം പറഞ്ഞു. ഇയാളുടെ പിറകെ നടക്കുന്ന ഒരു പെണ്‍കുട്ടിയാണ്. ആനി അന്ന് അമ്മയാണെ സത്യം എന്ന ബാലചന്ദ്രമേനോന്റെ പടത്തിലാണ് ആദ്യമായി അഭിനയിച്ചത്. അതിന് ശേഷം വേറെ പടത്തിലൊന്നും അഭിനയിച്ചില്ല. എനിക്ക് ആ സിനിമ കണ്ടപ്പോള്‍ തന്നെ ആനിയുടെ അഭിനയം ഇഷ്ടപ്പെട്ടു.

അങ്ങനെയാണ് ആനിയുടെ കാര്യം പറയുന്നത്. മമ്മൂക്ക ആദ്യം പറഞ്ഞത് ആ പെണ്ണിനെ കണ്ടുകഴിഞ്ഞാല്‍ ആണാണെന്നല്ലേ തോന്നുക എന്നായിരുന്നു. തമാശയായി പറഞ്ഞതാണ്. അങ്ങനത്തെ ഒരു പെണ്‍കുട്ടിയെ എങ്ങനെ ഈ കഥാപാത്രത്തിലേക്ക് പറ്റുമെന്ന് ചോദിച്ചു.

നമുക്കും ആണത്തമുള്ള ഒരു പെണ്ണിനെയാണ് വേണ്ടതെന്ന് ഞാന്‍ പറഞ്ഞു. ഇന്ന് അത് പറയുന്നത് പൊളിറ്റിക്കലി ഇന്‍കറക്ടാണ്. പക്ഷേ അന്ന് ഞാന്‍ അങ്ങനെയാണ് പറഞ്ഞത്. അങ്ങനെയാണ് ആനിയിലേക്ക് എത്തുന്നത്. ആനിയുടെ രണ്ടാമത്തെ സിനിമയായിരുന്നു മഴയെത്തുംമുന്‍പേ.
പിന്നീട് ശങ്കരാടി ചേട്ടന്‍, എന്‍.എഫ് വര്‍ഗീസ് തുടങ്ങി ഒരുപാട് ആര്‍ടിസ്റ്റുകള്‍ ആ സിനിമയുടെ ഭാഗമായി,’ കമല്‍ പറഞ്ഞു.

Content Highlight: Director kamal About Mammoottys Comment about Shobhana

We use cookies to give you the best possible experience. Learn more