താന്‍ മോഹന്‍ലാലിനെ വെച്ചല്ലേ പടം ചെയ്യൂ, നമ്മളെയൊന്നും വിളിക്കില്ലല്ലോയെന്ന് മമ്മൂക്ക; അടുത്ത പടം അദ്ദേഹത്തെ വെച്ച് സൂപ്പര്‍ഹിറ്റാക്കി: കമല്‍
Movie Day
താന്‍ മോഹന്‍ലാലിനെ വെച്ചല്ലേ പടം ചെയ്യൂ, നമ്മളെയൊന്നും വിളിക്കില്ലല്ലോയെന്ന് മമ്മൂക്ക; അടുത്ത പടം അദ്ദേഹത്തെ വെച്ച് സൂപ്പര്‍ഹിറ്റാക്കി: കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 8th June 2024, 11:37 am

അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്യുന്ന കാലം ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്തത് മമ്മൂട്ടിക്കൊപ്പമായിരുന്നെങ്കിലും സ്വതന്ത്ര സംവിധായകനായി സിനിമ ചെയ്യാന്‍ തുടങ്ങിയ ശേഷം ഏറ്റവും വൈകി മാത്രമാണ് മമ്മൂട്ടിയുടെ കൂടെ ഒരു സിനിമ ചെയ്യാനായത് എന്ന് പറയുകയാണ് സംവിധായകന്‍ കമല്‍. ഒരിക്കല്‍ മമ്മൂട്ടിയുടെ അടുത്ത് സിനിമയുടെ ഡേറ്റിന് വേണ്ടി താന്‍ പോയപ്പോള്‍ അദ്ദേഹം തന്നോട് തിരിച്ചു ചോദിച്ച ഒരു ചോദ്യം കേട്ട് ഞെട്ടിയെന്നുമാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ പറയുന്നത്.

‘ ഞാന്‍ സഹസംവിധായകനായിട്ട് ഏറ്റവും കൂടുതല്‍ വര്‍ക്ക് ചെയ്തിട്ടുള്ളത് മമ്മൂക്കയുമായിട്ടാണ്. ഞാനും മമ്മൂക്കയും ആ കാലഘട്ടത്തില്‍ ഒരേ സമയത്ത് സിനിമയില്‍ വന്നവരാണെന്ന് വേണമെങ്കില്‍ പറയാം.

ഏകദേശം പതിനൊന്നോളം പടത്തില്‍ മമ്മൂക്കയോടൊപ്പം എ.ഡിയായി വര്‍ക്ക് ചെയ്തിട്ടുണ്ട് പല സംവിധായകരുടെ കൂടെ. പക്ഷേ ഞാന്‍ സംവിധായകനായതിന് ശേഷം മമ്മൂക്കയെ വെച്ച് സിനിമ ചെയ്യാന്‍ ഒരുപാട് ലേറ്റ് ആയി എന്നുള്ളതാണ്.

ആദ്യകാലത്തെ എല്ലാ സിനിമയിലും മോഹന്‍ലാലായിരുന്നു നായകന്‍. മൂന്നാല് പടം കഴിഞ്ഞപ്പോള്‍ ഞാനൊരിക്കല്‍ മമ്മൂക്കയെ കണ്ടു. മമ്മൂക്ക എനിക്കൊരു ഡേറ്റ് തരണം ഒരു പടം ചെയ്യണം, കഥയുമായി വരട്ടേയെന്ന് ചോദിച്ചപ്പോള്‍, താന്‍ മോഹന്‍ലാലിനെ വെച്ചല്ലേ പടം ചെയ്യൂ നമ്മളെയൊന്നും വിളിക്കില്ലല്ലോ എന്ന് അദ്ദേഹം തമാശയായി പറഞ്ഞു.

ഞാന്‍ ചമ്പക്കുളം തച്ചന്‍ ചെയ്ത് അത് നല്ല സക്‌സസ് ആയി ഇരിക്കുന്ന സമയമാണ്. അതിന് ശേഷമാണ് ശ്രീനിവാസനും ഞാനും മാധവന്‍ നായരും കൂടി അടുത്ത പടം മമ്മൂക്കയെ വെച്ച് ചെയ്യണമെന്ന് ആലോചിക്കുന്നത്.

അങ്ങനെ ശ്രീനി മമ്മൂക്കയെ വിളിക്കുകയാണ്. നമുക്ക് ഇങ്ങനെ ഒരു പടം ചെയ്യണമെന്ന് പറഞ്ഞു. അതിനെന്താ നിങ്ങള്‍ സ്‌ക്രിപ്റ്റ് ആലോചിക്കൂ എന്ന് പറഞ്ഞു. അങ്ങനെയാണ് മഴയെത്തും മുന്‍പേയിലേക്ക് എത്തുന്നത്.

തമാശയെന്തെന്നാല്‍ മമ്മൂക്കയ്ക്ക് വേണ്ടി ആദ്യം ഒരു കഥ ആലോചിച്ചപ്പോള്‍ എനിക്കും ശ്രീനിക്കും അത്ര കോണ്‍ഫിഡന്‍സ് തോന്നിയില്ല എന്നതാണ്. മമ്മൂക്കയെ വെച്ച് ചെയ്യുമ്പോള്‍ കുറച്ചുകൂടി ഡെപ്ത്തുള്ള സിനിമ വേണം എന്നുള്ളതുകൊണ്ട് അത് മാറ്റി വേറൊരു സബ്ജക്ട് ആലോചിച്ചു.

ആ സമയത്ത് പക്ഷേ ശ്രീനി ബ്ലാങ്ക് ആയി. അദ്ദേഹത്തിന് ഒന്നും ആലോചിക്കാന്‍ പറ്റുന്നില്ല. ഒന്നും എഴുതാന്‍ പറ്റാത്ത അവസ്ഥ. റൈറ്റേഴ്‌സ് ബ്ലോക്ക് എന്ന് പറയില്ലേ. ചില സമയത്ത് എല്ലാവര്‍ക്കും ഉണ്ടാകുന്ന പ്രശ്‌നമാണ്. പല സ്ഥലത്തായി പല സമയങ്ങളില്‍ പല ഹോട്ടലുകളില്‍ കഥകള്‍ക്ക് വേണ്ടി ഇരുന്നു.

തേന്മാവിന്‍ കൊമ്പത്തിന്റെ ഷൂട്ട് നടക്കുമ്പോള്‍ പൊള്ളാച്ചിയില്‍ പോയി. ഒരു വര്‍ഷമായിട്ടും നടന്നില്ല. ഞാന്‍ പറഞ്ഞ കഥകളും ശ്രീനിക്ക് വര്‍ക്കായില്ല. അങ്ങനെ യാദൃശ്ചികമായി ഒരു ദിവസം വിമണ്‍സ് കോളേജില് പഠിപ്പിക്കുന്ന അധ്യാപകന്റെ കഥയായല്ലോ എന്ന് ചോദിച്ചു. അവിടെ പുരുഷനായി ഒറ്റ അധ്യാപകനേയുള്ളൂ, ബാക്കിയെല്ലാം പെണ്‍കുട്ടികളാണല്ലോ മമ്മൂക്കയ്ക്ക് ഇഷ്ടമാകുമെന്ന് ഞാന്‍ തമാശയായി പറഞ്ഞു.

അങ്ങനെ ശ്രീനി മമ്മൂക്കയെ വിളിച്ച് വണ്‍ലൈന്‍ പറഞ്ഞു. ഇത് കേട്ടപ്പോള്‍ കൊള്ളാവുന്ന ഐഡിയായാണെന്നും അതില്‍ എഴുതാന്‍ തുടങ്ങാനും മമ്മൂക്ക പറഞ്ഞു. അങ്ങനെയാണ് ആ സിനിമ ഉണ്ടാകുന്നത്,’ കമല്‍ പറഞ്ഞു.

Content Highlight: Director Kamal About Mammootty and Mazhayethum munpe movie