നാടകത്തിലെ അവരുടെ പ്രകടനം കണ്ട് ഞാന്‍ ഞെട്ടി; സിനിമയില്‍ അഭിനയിപ്പിച്ചത് അങ്ങനെ: കമല്‍
Movie Day
നാടകത്തിലെ അവരുടെ പ്രകടനം കണ്ട് ഞാന്‍ ഞെട്ടി; സിനിമയില്‍ അഭിനയിപ്പിച്ചത് അങ്ങനെ: കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th August 2024, 6:07 pm

1986 ല്‍ മിഴിനീര്‍പ്പൂവുകള്‍ എന്ന ചലച്ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച സംവിധായകനാണ് കമല്‍. മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലൂടെ ഒട്ടനവധി മികച്ച ചിത്രങ്ങളാണ് കമല്‍ മലയാളി സിനിമ പ്രേക്ഷകര്‍ക്ക് നല്‍കിയിരിക്കുന്നത് .

ഒരുപിടി നല്ല കലാകാരന്മാരെയും അദ്ദേഹം മലയാള സിനിമക്ക് സമ്മാനിച്ചിട്ടുണ്ട്. അതില്‍ പ്രധാനിയാണ് കുളപ്പുള്ളി ലീല. അയാള്‍ കഥ എഴുതുകയാണ് എന്ന സിനിമയിലൂടെ 1998 ല്‍ കമല്‍ മലയാള സിനിമക്ക് പരിചയപ്പെടുത്തിയ നടിയാണ് കുളപ്പുള്ളി ലീല.

സിനിമയിലേക്ക് വരുന്നതിനു മുന്‍പ് സജീവമായ നാടക നടിയായിരുന്നു അവര്‍. അയാള്‍ കഥ എഴുതുകയാണ് എന്ന സിനിമയുടെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുന്ന സമയത്ത് ചാലക്കുടിയില്‍ സുഹൃത്തിന്റെ നാടകം ഉദ്ഘാടനം ചെയ്യാന്‍ പോയ കമലും ശ്രീനിവാസനും അന്ന് നാടകത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച നടിയുടെ പെര്‍ഫോമന്‍സ് കണ്ട് ഇഷ്ടപ്പെട്ട് അവരെ സിനിമയിലേക്ക് എടുക്കുകയായിരുന്നു. ആ നടിയാണ് കുളപ്പുള്ളി ലീല എന്ന് കമല്‍ കൗമുദി മൂവിസില്‍ പറയുന്നു.

‘നാടകത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് നാടകം കണ്ടുകൊണ്ടിരിക്കുകയായിരുന്നു ഞാനും ശ്രീനിയും. അപ്പോള്‍ നാടകത്തിലെ പ്രധാന കഥാപാത്രം ചെയ്യുന്ന ഉയരം കുറഞ്ഞ ഒരു സ്ത്രീ ഗംഭീരമായി സ്റ്റേജ് നിറഞ്ഞുനിന്ന് പെര്‍ഫോം ചെയ്യുന്നത് കണ്ടു. അപ്പോള്‍ തന്നെ അവരെ സിനിമയിലേക്ക് ക്ഷണിച്ചു. ആദ്യ സിനിമയായിരുന്നിട്ട് പോലും കുളപ്പുള്ളി ലീല ആദ്യ ഷോട്ടില്‍ തന്നെ ഓക്കേ ആക്കി.’കമല്‍ പറയുന്നു.

അയാള്‍ കഥ എഴുതുകയാണ് മുതല്‍ അഭിനയരംഗത്ത് സജീവമായ ലീല ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധേയയായത്. ഇരുന്നൂറിലധികം ചലച്ചിത്രങ്ങളില്‍ കുളപ്പുള്ളി ലീല അഭിനയിച്ചിട്ടുണ്ട്.

മലയാളത്തില്‍ ഇറങ്ങിയ മികച്ച ഡാര്‍ക്ക് കോമഡി ജോണറില്‍ ഒന്നാണ് കമല്‍ സംവിധാനം ചെയ്ത അയാള്‍ കഥ എഴുതുകയാണ്. സിദ്ദിഖിന്റെ കഥയെ അടിസ്ഥാനമാക്കി ശ്രീനിവാസന്‍ ആണ് സിനിമക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാലും ശ്രീനിവാസനും നന്ദിനിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സാഗര്‍ കോട്ടപ്പുറം എന്ന ഒരു പൈങ്കിളി നോവല്‍ എഴുത്തുകാരനായാണ് മോഹന്‍ലാല്‍ വേഷമിട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ സുഹൃത്ത് രാമകൃഷ്ണനായി ശ്രീനിവാസനും തഹസില്‍ദാര്‍ പ്രിയദര്‍ശിനിയായി നന്ദിനിയും വേഷമിട്ടിരിക്കുന്നു. രവീന്ദ്രന്‍ മാഷ് ചെയ്ത ഈ സിനിമയിലെ ഗാനങ്ങളെല്ലാം തന്നെ സൂപ്പര്‍ഹിറ്റ് ആയിരുന്നു.

Content Highlight: Director kamal about Kulappully Leela and Ayal Kadhayezhuthukayanu Movie