ആ സിനിമയിലെ അഭിനയത്തിന് ജയറാമിന് മികച്ച നടനുള്ള അവാര്‍ഡ് കിട്ടുമെന്ന് ഞാന്‍ വളരെയധികം പ്രതീക്ഷിച്ചിരുന്നു: കമല്‍
Entertainment
ആ സിനിമയിലെ അഭിനയത്തിന് ജയറാമിന് മികച്ച നടനുള്ള അവാര്‍ഡ് കിട്ടുമെന്ന് ഞാന്‍ വളരെയധികം പ്രതീക്ഷിച്ചിരുന്നു: കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 5th July 2024, 7:39 pm

മലയാളികള്‍ക്ക് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് കമല്‍. അസിസ്റ്റന്റ് ഡയറക്ടറായി കരിയറാരംഭിച്ച കമല്‍ 1986ല്‍ പുറത്തിറങ്ങിയ മിഴിനീര്‍പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. 38 വര്‍ഷത്തെ കരിയറില്‍ അമ്പതോളം ചിത്രങ്ങള്‍ കമല്‍ സംവിധാനം ചെയ്തു. കമലിന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ സിനിമയാണ് നടന്‍.

ജയറാം നായകനായെത്തിയ ചിത്രം കേരളത്തിലെ നാടകസമിതികളുടെ കഥയാണ് പറഞ്ഞത്. പഴയകാല നാടകനടനായ ദേവദാസ് സര്‍ഗവേദി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിച്ചത്. മാറുന്ന കാലത്തിനൊപ്പം വിസ്മൃതിയിലാണ്ടുപോയ നാടകട്രൂപ്പിന്റെ നടത്തിപ്പുകാരനായി മികച്ച പ്രകടനമാണ് ജയറാം കാഴ്ചവെച്ചത്. ചിത്രത്തിലെ ജയറാമിന്റെ പെര്‍ഫോമന്‍സിനെക്കുറച്ച് സംസാരിക്കുകയാണ് സംവിധായകന്‍ കമല്‍.

ജയറാം എന്ന നടനിലെ പെര്‍ഫോമറെ പലപ്പോഴും മലയാളസിനിമ വിലകുറച്ചു കണ്ടിട്ടുണ്ടെന്നും എന്നാല്‍ അവര്‍ക്കെല്ലാമുള്ള മറുപടിയാണ് നടനിലെ പെര്‍ഫോമന്‍സെന്നും കമല്‍ പറഞ്ഞു. ചെറുപ്പക്കാരനായും വൃദ്ധനായും ജയറാം ഞെട്ടിച്ചുവെന്നും ആ വര്‍ഷത്തെ മികച്ച നടനുള്ള അവാര്‍ഡ് ജയറാമിന് ലഭിക്കുമെന്ന് താന്‍ കരുതിയെന്നും എന്നാല്‍ അത് നടക്കാതെ പോയെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഇക്കാര്യം പറഞ്ഞത്.

‘ജയറാം എന്ന നടനെ പലരും പലപ്പോഴും വിലകുറച്ചു കണ്ടിട്ടുണ്ട്. പക്ഷേ നടന്‍ എന്ന സിനിമയിലെ ജയറാമിന്റെ പെര്‍ഫോമന്‍സ് ഞാനടക്കം പലരെയും ഞെട്ടിച്ച ഒന്നായിരുന്നു. വാര്‍ധക്യത്തിലെത്തിയ ദേവദാസ് എന്ന കഥാപാത്രമായി ഗംഭീര പെര്‍ഫോമന്‍സാണ് ജയറാം കാഴ്ച വെച്ചത്. ആ വര്‍ഷത്തെ മികച്ച നടനുള്ള അവാര്‍ഡ് ജയറാമിന് കിട്ടുമെന്നാണ് ഞാന്‍ കരുതിയത്. നടന്‍, പിന്നെ ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത സ്വപാനം ഈ സിനിമകളിലെ ജയഫാമിന്റെ പെര്‍ഫോമന്‍സ് കണ്ട എല്ലവാരും പറഞ്ഞത് ജയറാമിന് തന്നെ അവാര്‍ഡ് കിട്ടുമെന്നാണ്.

പക്ഷേ എന്തോ നിര്‍ഭാഗ്യം കാരണം ജയറാമിന് അവാര്‍ഡ് കിട്ടിയില്ല. എന്താണ് കാരണമെന്ന് ഇപ്പോഴും എനിക്കറിയില്ല. അവാര്‍ഡിന്റെ കാര്യത്തില്‍ ജയറാമിന് പലപ്പോഴും ഇത്തരത്തില്‍ നിര്‍ഭാഗ്യം നേരിടേണ്ടി വന്നിട്ടുണ്ട്. അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാത്തത് കൊണ്ട് പിന്നീട് ജയറാം ഇത്തരം വേഷങ്ങള്‍ ചെയ്തിട്ടുമില്ല,’ കമല്‍ പറഞ്ഞു.

Content Highlight: Director Kamal about Jayaram’s performance in Nadan movie