| Saturday, 22nd June 2024, 10:55 am

സാര്‍ എന്നെ മൊത്തത്തില്‍ അങ്ങ് പൂട്ടുകയാണല്ലേ എന്ന് പൃഥ്വി; അങ്ങനെയെങ്കില്‍ അങ്ങനെ എന്ന് ഞാനും: കമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജെ.സി ഡാനിയേലിന്റെ കഥ പറയുന്ന ഒരു സിനിമ എടുക്കണമെന്ന് ആലോചിച്ചപ്പോള്‍ തന്നെ തന്റെ മനസില്‍ വന്ന ആദ്യരൂപം നടന്‍ പൃഥ്വിരാജിന്റേതായിരുന്നെന്ന് സംവിധായകന്‍ കമല്‍. സെല്ലുലോയ്ഡ് എന്ന പേരില്‍ ഒരു സിനിമയെടുക്കുകയാണെങ്കില്‍ നായകന്‍ പൃഥ്വി തന്നെ ആകണമെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നെന്നാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ പറയുന്നത്.

‘ഈ സിനിമയുടെ കഥ മനസില്‍ ആലോചിച്ചപ്പോള്‍ തന്നെ ജെ.സി ഡാനിയേലായി ഞാന്‍ ആദ്യം മനസില്‍ കണ്ടത് പൃഥ്വിരാജിനെ തന്നെയായിരുന്നു. കഥയെ കുറിച്ചൊക്കെ ഏകദേശം ധാരണയിലെത്തി. അങ്ങനെ ബഡ്ജറ്റ് ഇട്ടു നോക്കുമ്പോള്‍ അത്യാവശ്യം നല്ല പൈസ വേണം ഈ സിനിമ ചെയ്യാനെന്ന് മനസിലായി.

എന്റെ മനസില്‍ ജെ.സി ഡാനിയേല്‍ ആയിട്ട് പൃഥ്വിയാണ് വന്നത്. എനിക്ക് ജെ.സി ഡാനിയലിന്റെ രൂപം കണ്ടപ്പോഴും അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത അറിഞ്ഞപ്പോഴുമൊക്കെയാണ് അത് തോന്നിയത്. അദ്ദേഹം നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന സോഫിസ്റ്റിക്കേറ്റഡായി ഡ്രസ് ചെയ്യുന്ന ഒരാളായിരുന്നു.

അങ്ങനെ ഞാന്‍ പൃഥ്വിരാജിനെ ഫോണില്‍ വിളിച്ചു. മലയാള സിനിമയുടെ പിതാവ് ജെ.സി ഡാനിയേലിനെ കുറിച്ച് ഞാനൊരു ബയോപ്പിക്ക് ചെയ്യാന്‍ ആലോചിക്കുന്നുണ്ട്. നിങ്ങള്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കണമെന്നാണ് എന്റെ ആഗ്രഹം എന്ന് പറഞ്ഞു. അയ്യോ എനിക്ക് അദ്ദേഹത്തെ കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു പൃഥ്വിരാജിന്റെ ആദ്യ മറുപടി.

അതൊന്നും കുഴപ്പമില്ല. ഞാന്‍ സ്‌ക്രിപ്റ്റുമായി വരാമെന്ന് പറഞ്ഞു. സ്‌ക്രിപ്റ്റ് വായിച്ചു കഴിഞ്ഞതും ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ ഇത്രമാത്രം സംഭവങ്ങളൊക്കെ ഉണ്ടോ, അങ്ങനെ ഒരാളായിരുന്നോ അദ്ദേഹം എന്ന് പൃഥ്വി ചോദിച്ചു.

അതെ, സിനിമയിലുള്ള ഒരാളായിട്ട് നമുക്ക് പോലും അത് അറിയില്ലായിരുന്നല്ലോ എന്ന് ഞാന്‍ പറഞ്ഞു. അതുകൊണ്ട് തന്നെ സാധാരണക്കാര്‍ക്കും അദ്ദേഹത്തെ കുറിച്ച് അറിയാന്‍ വഴിയില്ലെന്നും സിനിമയാക്കിയാല്‍ ആളുകള്‍ക്ക് ഇഷ്ടപ്പെടുമെന്നും ഞാന്‍ പറഞ്ഞു.

ഞാനിത് ചെയ്താല്‍ ശരിയാകുമോ എന്നായി പൃഥ്വി. നിങ്ങള്‍ ചെയ്താലേ ശരിയാകൂ എന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം സിനിമ എടുക്കുമ്പോള്‍ 28 വയസേയുള്ളൂ. അതുകൊണ്ട് തന്നെ രാജുവിനെപ്പോലുള്ള ചെറുപ്പക്കാരന്‍ തന്നെ വേണം ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എന്നു പറഞ്ഞു.

തിരുവനന്തപുരം ഭാഷ അതുപോലെ തന്നെ പറയാന്‍ പറ്റുന്ന ആള്‍ വേണം. ഇതൊക്കെ എനിക്ക് നിര്‍ബന്ധമായിട്ടുള്ള കാര്യമാണ് എന്ന് പറഞ്ഞു. പൃഥ്വിരാജ് അന്നും നല്ല പ്രതിഫലം വാങ്ങുന്ന ആളാണ്. വലിയ ഹീറോയായി കഴിഞ്ഞിരിക്കുന്നു. രാജു ഇപ്പോള്‍ വാങ്ങിച്ചുകൊണ്ടിരിക്കുന്ന പൈസ തരാന്‍ എന്റെ കയ്യില്‍ ഇല്ലെന്നും ഞാന്‍ തന്നെയാണ് നിര്‍മാതാവെന്നും വേറെ നിര്‍മാതാവില്ലെന്നും ഞാന്‍ പറഞ്ഞു.

ഞാന്‍ തരുന്ന പണം വാങ്ങണം അതിന് തയ്യാറാണോ എന്ന് ചോദിച്ചു. പുള്ളി കുറേ ചിരിച്ചു എന്നിട്ട് പറഞ്ഞു സാര്‍ മൊത്തത്തില്‍ എന്നെ പൂട്ടുകയാണല്ലോ എന്ന്. (ചിരി). പൂട്ടുക എന്ന അര്‍ത്ഥത്തില്‍ ആണെങ്കില്‍ അങ്ങനെ തന്നെ കരുതിക്കോളൂ എന്ന് ഞാനും പറഞ്ഞു.

ഡാനിയേല്‍ ആയി നിങ്ങള്‍ അഭിനയിക്കുക എന്നത് എന്റെ ഡ്രീം ആണ്. മറ്റ് കാര്യങ്ങളൊക്കെ രാജു എങ്ങനെ തീരുമാനിക്കുന്നു അതിന് അനുസരിച്ച് ചെയ്യാമെന്ന് പറഞ്ഞു.

സാര്‍ തീരുാനിച്ചോളൂ എന്നായി പൃഥ്വി. പക്ഷേ സമയം തരണമെന്ന് പറഞ്ഞു. പുള്ളി ഒരു ഹിന്ദി സിനിമ ചെയ്യുകയാണ്. അതുകൊണ്ട് തന്നെ ഡേറ്റിന്റെ പ്രശ്‌നമുണ്ടെന്ന് പറഞ്ഞു. നിങ്ങള്‍ എപ്പോള്‍ ചെയ്യണമെന്ന് പറഞ്ഞാലും അപ്പോള്‍ ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു.

രണ്ട് ഷെഡ്യൂള്‍ ആയി ചെയ്യാമോ എന്ന് പൃഥ്വി ചോദിച്ചു. ബഡ്ജറ്റ് താങ്ങുമോ എന്നറില്ല, ശ്രമിക്കാമെന്നായി ഞാന്‍. പിന്നെ സ്‌ക്രിപ്റ്റ് വെച്ച് ചാര്‍ട്ട് ചെയ്തപ്പോള്‍ കുറേ ഭാഗം തിരുവനന്തുപുരം സെറ്റിട്ട് ചെയ്യണമെന്ന് മനസിലായി. 1920 ല്‍ നടക്കുന്ന കഥയാണ്. ലൊക്കേഷന്‍ മൈസൂരിലാണ് കണ്ടെത്തിയത്. കുറേ ഉള്ളിലേക്ക് പോയിട്ടാണ് ലൊക്കേഷന്‍ കണ്ടത്. മൈസൂരില്‍ പഴയ കെട്ടിടങ്ങളൊക്കെയുണ്ട്. അവിടെ വേറെ ഷെഡ്യൂളായി ചെയ്താല്‍ കുഴപ്പമില്ല. ഇവിടെ സെറ്റും ബാക്കിയുള്ള കാര്യങ്ങള്‍ മൈസൂരിലും ചെയ്യാമെന്ന് തീരുമാനിച്ചു. അങ്ങനെ ജെ.സി ഡാനിയേലായി പൃഥ്വി എത്തി.

Content Highlight: Director Kamal About Celluloid Movie and Prithviraj Remmunaration

Latest Stories

We use cookies to give you the best possible experience. Learn more