| Monday, 6th January 2025, 12:10 pm

മമ്മൂട്ടി, മോഹൻലാൽ എന്നീ നടന്മാരെപ്പോലെ നമ്മളെ വിസ്മയിപ്പിച്ച ഒരു നായിക ആ നടിയാണ്: കമൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുന്ദര്‍ ദാസ് സംവിധാനം ചെയ്ത സല്ലാപത്തിലൂടെ അഭിനയജീവിതം ആരംഭിച്ച മഞ്ജു വാര്യർ വളരെ ചെറിയ കാലത്തിനുള്ളില്‍ മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളായി മാറി.

1999ല്‍ റിലീസായ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന് ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത മഞ്ജു 2014ല്‍ റിലീസായ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തി. പിന്നീട് മികച്ച സിനിമകള്‍ മാത്രം തെരഞ്ഞെടുത്ത് പഴയ സ്ഥാനം മഞ്ജു വീണ്ടെടുത്തു. ഇന്ന് മലയാളം പോലെ അന്യഭാഷയിലും തിരക്കുള്ള നടിയാണ് മഞ്ജു.

കരിയറിന്റെ തുടക്കത്തിൽ തന്നെ സത്യൻ അന്തിക്കാട്, ലോഹിതദാസ്, കമൽ തുടങ്ങിയ സംവിധായകരോടോപ്പം സിനിമ ചെയ്യാൻ മഞ്ജുവിന് സാധിച്ചിട്ടുണ്ട്. മഞ്ജുവിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ കമൽ. ഈ പുഴയും കടന്ന്, കൃഷ്ണ‌ഗുഡിയിൽ ഒരു പ്രണയ കാലത്ത് തുടങ്ങിയ സിനിമകളിലെല്ലാം ഇരുവരും ഒന്നിച്ചിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ എന്നീ നടന്മാരെപ്പോലെ ഒരു നായിക നമ്മെ വിസ്‌മയിപ്പിച്ചിട്ടുണ്ടെങ്കിൽ അത് മഞ്ജുവാര്യരാണെന്ന് പറയുകയാണ് കമൽ.

വർഷങ്ങൾക്കിപ്പുറം അതിലും വലിയ ജനപ്രീതിയോടെ മഞ്ജു നിലനിൽക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം ആത്മസമർപ്പണമാണെന്നും മോഹൻലാലിനെക്കുറിച്ച് എല്ലാവരും പറയുന്ന പോലെ മഞ്ജുവും സംവിധായകരുടെ അഭിനേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘നമ്മൾ ജീവിച്ചകാലത്ത് മമ്മൂട്ടി, മോഹൻലാൽ എന്നീ നടന്മാരെപ്പോലെ ഒരു നായിക നമ്മെ വിസ്‌മയിപ്പിച്ചിട്ടുണ്ടെങ്കിൽ അത് മഞ്ജുവാര്യരാണ്.

ശോഭന, ഉർവശി എന്നീ മികച്ച നായികമാർക്കുശേഷമാണ് മഞ്ജു വരുന്നത്. എന്നാൽ ഇപ്പോൾ വർഷങ്ങൾക്കിപ്പുറം അതിലും വലിയ ജനപ്രീതിയോടെ മഞ്ജു അതിലും ശക്തയായി നിലനിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണം ആത്മസമർപ്പണം തന്നെയാണ്.

മഞ്ജുവിനെക്കുറിച്ച് ഇതുവരെ ഏത് സംവിധായകനും പരാതി പറയുന്നത് ഞാൻ കേട്ടിട്ടില്ല. ആരെക്കുറിച്ചും മഞ്ജു ഒരിക്കലും പരാതിയോ പരിഭവമോ പറഞ്ഞിട്ടില്ല.

അത് നല്ലൊരു അഭിനേത്രിക്ക് മാത്രം സാധിക്കുന്ന കാര്യമാണ്. മോഹൻലാലിനെക്കുറിച്ച് എല്ലാവരും പറയുന്ന ഒരു കാര്യമാണ് ഡയറക്ടേഴ്‌സ് ആക്ടർ എന്നത്. അതായത് ഒരു പാത്രത്തിൽ വെള്ളമൊഴിച്ചാൽ അതിന്റെ രൂപത്തിലേക്ക് വെള്ളം മാറുന്നതുപോലെ മഞ്ജു വാര്യരും അത്തരത്തിൽ തന്നെയാണ്,’കമൽ പറയുന്നു.

Content Highlight: Director Kamal About Acting Skill Of Manju Warrior

We use cookies to give you the best possible experience. Learn more