Movie Day
കാലംതെറ്റി വന്നതാണ് എന്റെ ആ സിനിമ; ഇന്നായിരുന്നെങ്കില്‍ എത്രയോ മികച്ചതാക്കാമായിരുന്നു: കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 25, 05:37 am
Tuesday, 25th June 2024, 11:07 am

ഒരുപിടി മികച്ച സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് കമല്‍. ജയറാം, മുകേഷ്, സായ് കുമാര്‍, ഇന്നസെന്റ്, മാധു എന്നിവരെ പ്രധാനകഥാപാത്രമാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ആയുഷ്‌ക്കാലം. ഹൃദയശസ്ത്രക്രിയക്ക് വിധേയനായ ഒരാളെ ഹൃദയം കൊടുത്തയാളുടെ പ്രേതം പിന്തുടരുന്നതെന്നും അയാളുടെ മരണത്തിന് കാരണമായവരോട് പ്രതികാരം തീര്‍ക്കുന്നതുമായിരുന്നു കഥ. സിനിമാ ആസ്വാദകരെ സംബന്ധിച്ച് തികച്ചും പുതിയൊരു പ്രമേയം കൂടിയായിരുന്നു ഇത്. തിയേറ്ററില്‍ സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍.

കാലംതെറ്റിവന്ന ഒരു സിനിമ എന്നാണ് ആയുഷ്‌ക്കാലത്തെ കുറിച്ച് കമല്‍ പറയുന്നത്. ‘മലയാളത്തില്‍ ഇതുവരെ ഇങ്ങനെ ഒരു സിനിമ വന്നിരുന്നില്ല. ഇന്നാണ് ആയുഷ്‌ക്കാലം ചെയ്യുന്നതെങ്കില്‍ വളരെ ഈസിയായിട്ടുള്ള ഒരുപാട് കാര്യങ്ങള്‍ ആ സിനിമയില്‍ തനിക്ക് ചെയ്യാമായിരുന്നു. പ്രധാനമായും ഗ്രാഫിക്‌സിന്റെ കാര്യത്തില്‍.

അന്ന് സി.ജി ഒന്നും ഇല്ലല്ലോ. വി.എഫ്.എക്‌സും ഇല്ല. സിനിമയില്‍ കാണിച്ചിരിക്കുന്ന ടെക്‌നിക്‌സിന് ഒന്നും വി.എഫ്.എക്‌സുമായി ബന്ധപ്പമില്ല. പഴയകാലത്തെ മിച്ചല്‍ ക്യാമറ വെച്ചാണ് അത്തരം രംഗങ്ങളൊക്കെ ഷൂട്ട് ചെയ്തത്. ഹോളിവുഡിലൊക്കെ 1920 കളിലും 1940 വരെയൊക്കെ ഇത്തരം സിനിമകള്‍ ഷൂട്ട് ചെയ്തിരുന്ന ക്യാമറയായിരുന്നു അത്.

ചെന്നൈയില്‍ 50 കളിലൊക്കെ മിച്ചല്‍ ക്യാമറയിലാണ് തമിഴ്, തെലുങ്ക് പ്രേത സിനിമകളൊക്കെ ഷൂട്ട് ചെയ്തിരുന്നത്. അതിന്റെ ഭാരം ഭയങ്കരമാണ്. മൂന്നോ നാലോ പേരില്ലാതെ ഒരു സ്ഥലത്ത് നിന്ന് വേറെ സ്ഥലത്തേക്ക് എടുത്ത് വെക്കാന്‍ പറ്റില്ല. ഫിലിം റോള്‍ 1000 ഫീറ്റിന്റെ വലിയ കാനാണ്.

Also Read: ടിക്കറ്റെടുത്ത് കണ്ടവരെല്ലാം ഹാപ്പിയാണല്ലോ, ഫ്രീയായിട്ട് കണ്ടവര്‍ക്കാണ് കുഴപ്പം: വര്‍ഷങ്ങള്‍ക്കു ശേഷം ട്രോളുകള്‍ക്കെതിരെ എഡിറ്റര്‍ രഞ്ജന്‍ എബ്രഹാം

ആ ക്യാമറ വെച്ചിട്ടാണ് ട്രിക്ക് ഫോട്ടോഗ്രഫി നടത്തിയത്. സിനിമയില്‍ ചില ടെക്‌നിക്‌സ് ചെയ്തത്. ഒരാളുടെ ശരീരത്തിലേക്ക് കൈ പോകുക ഡോറിന്റെ ഉള്ളിലൂടെ അകത്തേക്ക് കടക്കുക ഇതൊക്കെ അങ്ങനെ ഷൂട്ട് ചെയ്തതാണ്.

ആ ലിമിറ്റേഷന്‍ സിനിമ ചെയ്യുമ്പോള്‍ വല്ലാതെ ഉണ്ടായിരുന്നു. നമ്മള്‍ മനസില്‍ ഉദ്ദേശിച്ച പല കാര്യങ്ങളും അതേപോലെ ചെയ്യാന്‍ പറ്റിയില്ല. ആ സിനിമ കണ്ടപ്പോള്‍ ചില നിരൂപകര്‍ എഴുതിയ കാര്യവും ചിലര്‍ ഇപ്പോള്‍ കാണുമ്പോള്‍ പറയുന്ന ഒരു കാര്യവുമുണ്ട്. അതിലൊന്ന് പ്രേതത്തിന് നിഴലുണ്ടോ എന്നതാണ്.

അന്നൊക്കെ ഞാന്‍ കൊടുത്ത മറുപടി എന്റെ പ്രേതത്തിന് നിഴലുണ്ടാകും. നിങ്ങള്‍ ഇതിന് മുന്‍പ് പ്രേതത്തിനെ കണ്ടിട്ടില്ലല്ലോ എന്നായിരുന്നു. പകല്‍ സൂര്യവെളിച്ചത്തില്‍ നടക്കുമ്പോള്‍ എന്റെ പ്രേതത്തിന് നിഴലുണ്ട്. അത് സ്വാഭാവികമാണ് എന്ന് പറഞ്ഞാണ് ഞാന്‍ ആര്‍ഗ്യൂ ചെയ്തത്.

സത്യം പറഞ്ഞാല്‍ സിനിമ സണ്‍ ലൈറ്റില്‍ ഷൂട്ട് ചെയ്യുകയാണ്. ജയറാമിന്റേയും മുകേഷിന്റേയും കഥാപാത്രങ്ങള്‍ റോഡിലൂടെ വര്‍ത്താനം പറഞ്ഞ് നടന്നുപോകുമ്പോള്‍ ആര്‍ടിഫിഷ്യല്‍ ലൈറ്റാണെങ്കില്‍ നമുക്ക് കട്ട് ചെയ്യാം. എന്നാല്‍ ആകാശത്ത് നില്‍ക്കുന്ന സൂര്യനെ എന്ത് വെച്ച് കട്ട് ചെയ്യും. ഉറപ്പായും നിഴല്‍ വരും. ഇന്നാണെങ്കില്‍ സി.ജിയില്‍ ഈസിയായി മായ്ച്ചുകളയാം.

സി.ജിയും പരിപാടിയും ഇല്ലെങ്കില്‍ ഇപ്പോഴത്തെ സിനിമാതാരങ്ങള്‍ എങ്ങനെയാണ് പറന്നടിക്കുന്നത്. വിജയ് 200 പേരെ അടിച്ച് പറത്തുന്നത് സിനിമയില്‍ കാണിക്കുന്നത് സി.ജി അല്ലേ. അന്ന് സി.ജി ഉണ്ടായിരുന്നെങ്കില്‍ ഇതിനെ ഈസിയായി മായ്ച്ചുകളയുമായിരുന്നു. അത് പറ്റാത്തതുതൊണ്ട് എന്റെ പ്രേതത്തിന് നിഴലുണ്ടെന്ന് പറഞ്ഞ് ഞാന്‍ വിമര്‍ശകരോട് തര്‍ക്കിച്ചു,’ കമല്‍ പറയുന്നു.

Content Highlight: Director Kamal About Aayushkalam Movie and CG