ഒരുത്തനും ഓര്‍ത്തില്ല, സുകുമാരന്‍ കാരണമാണ് ഇന്ന് പെന്‍ഷനെങ്കിലും വാങ്ങുന്നത്: കല്ലയം കൃഷ്ണദാസ്
Entertainment news
ഒരുത്തനും ഓര്‍ത്തില്ല, സുകുമാരന്‍ കാരണമാണ് ഇന്ന് പെന്‍ഷനെങ്കിലും വാങ്ങുന്നത്: കല്ലയം കൃഷ്ണദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 25th June 2023, 8:47 pm

തനിക്ക് കെ.എസ്.എഫ്.ഡി.സിയുടെ പെന്‍ഷന്‍ ശരിയാക്കിത്തന്നത് സുകമാരനാണെന്ന് പഴയകാല സംവിധായകന്‍ കല്ലയം കൃഷ്ണദാസ്. സുകുമാരന്‍ കെ.എസ്.എഫ്.ഡി.സിയുടെ ചെയര്‍മാനായ കാലത്താണ് തന്നെ അദ്ദേഹത്തിനടുത്തേക്ക് വിളിപ്പിച്ച് നേരിട്ട് ഫോമുകള്‍ തന്നതെന്നും അദ്ദേഹം പറഞ്ഞു. മാസ്റ്റര്‍ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുകുമാരനെ പോലെ നന്ദിയുള്ള ഒരു നടന്‍ മലയാളെ സിനിമയില്‍ വേറെയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘വര്‍ഷങ്ങള്‍ കഴിഞ്ഞ് സുകുമാരന്‍ സൂപ്പര്‍ സ്റ്റാറായി നില്‍ക്കുന്ന കാലമായിരുന്നു അത്. മമ്മൂട്ടിയേക്കാള്‍ മുകളിലായിരുന്നു അന്ന്. ഒരു ദിവസം അദ്ദേഹം എന്നെ വിളിപ്പിച്ചു. അത്രയും തിളങ്ങിനില്‍ക്കുന്ന അദ്ദേഹം എന്നെ എന്തിന് വിളിക്കണമെന്ന് ഞാന്‍ ആലോചിച്ചു.

എങ്കിലും, വീട്ടിലെത്തി ഞാന്‍ ഭാര്യയുടെ അടുത്ത് സുകുമാരന്‍ വിളിക്കുന്നണ്ടെന്നും ഞാന്‍ പോകുകയാണെന്നും പറഞ്ഞു. ഉടന്‍ തന്നെ അവളും വരുന്നുണ്ടെന്ന് പറഞ്ഞു. അവളും മല്ലികയും തമ്മില്‍ സുഹൃത്തുക്കളുമായിരുന്നു.

ഞങ്ങള്‍ രണ്ട് പേരും എത്തിയപ്പോള്‍ പഴയ അതേപോലെ സുകുമാരന്‍ ഞങ്ങളെ സ്വീകരിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് എങ്ങനെ കണ്ടോ അതേ പോലെ തന്നായായിരുന്നു അന്നും. ഒരു മാറ്റവുമുണ്ടായിരുന്നില്ല.

 

കുറെ നേരം സംസാരിച്ചിരുന്നതിന് ശേഷം അദ്ദേഹം പറഞ്ഞു,’ എന്റെ കൈയില്‍ രണ്ട് ഫോമുകളുണ്ട്, രണ്ട് പേരും അതിലൊപ്പിടണമെന്ന് പറഞ്ഞു, ഞാന്‍ ഒരു സംഭവമുണ്ടാക്കുകയാണ്,:’ അദ്ദേഹം അന്ന് കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ക്ക് പെന്‍ഷന്‍ ശരിയാക്കാന്‍ വേണ്ടിയുള്ള ഫോമായിരുന്നു അത്. അന്ന് 400 രൂപയെ ഉണ്ടായിരുന്നുള്ളൂ എങ്കിലും അത് ചെയ്ത് തരാന്‍ അദ്ദേഹത്തിന് തോന്നി.

എന്നെ ഓര്‍ക്കേണ്ട ഒരു കാര്യവും അദ്ദേഹത്തിനില്ല. ഒരുത്തനും ഓര്‍ത്തിട്ടുമില്ല. ഇതിനേക്കാള്‍ വലിയ കാര്യങ്ങള്‍ ചെയ്ത് നല്‍കിയിട്ടും ഒരാളും ഓര്‍ത്തിട്ടില്ല. കുറച്ച് മുടക്കമുണ്ടെങ്കിലും സുകുമാരന്‍ ശരിയാക്കി തന്ന ആ പെന്‍ഷനാണ് എനിക്ക് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്,’ കല്ലയം കൃഷ്ണദാസ് പറഞ്ഞു.

content highlights: director Kalayam Krishnadas about Sukumaran