നന്മയുള്ള ചെറുപ്പക്കാരും ഈ നാട്ടിലുണ്ട്, കാറില്‍ വണ്ടിയിടിച്ച ആള്‍ തേടിയെത്തിയെന്ന് ജൂഡ്; മറ്റുള്ളവരുടെ വിഷമം ആഘോഷമാക്കുന്നവരോട് ഒന്നും പറയാനില്ലെന്നും സംവിധായകന്‍
Malayalam Cinema
നന്മയുള്ള ചെറുപ്പക്കാരും ഈ നാട്ടിലുണ്ട്, കാറില്‍ വണ്ടിയിടിച്ച ആള്‍ തേടിയെത്തിയെന്ന് ജൂഡ്; മറ്റുള്ളവരുടെ വിഷമം ആഘോഷമാക്കുന്നവരോട് ഒന്നും പറയാനില്ലെന്നും സംവിധായകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th April 2021, 5:12 pm

കോട്ടയം: റോഡരികില്‍ പാര്‍ക്ക് ചെയ്ത തന്റെ വണ്ടിയില്‍ ഇടിച്ച ആളെ അന്വേഷിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് പിന്നാലെ സംവിധായകന്‍ ജൂഡ് ആന്റണിയെ തേടിയെത്തി യുവാവ്.

രോഹിത്ത് എന്ന യുവാവ് ഇന്ന് രാവിലെ തന്റെ വീട്ടിലെത്തിയെന്നും അര്‍ധരാത്രി പൂച്ച കുറകെ ചാടിയപ്പോള്‍ വണ്ടിയില്‍ ഇടിച്ചതാണെന്നും അര്‍ധരാത്രിയായതുകൊണ്ടും പെട്ടെന്ന് ഭയന്നുപോയതുകൊണ്ടും കാര്യം അറിയിക്കാതെ പോയതാണെന്ന് രോഹിത്ത് പറഞ്ഞതായി ജൂഡ് ആന്റണി പറഞ്ഞു.

വണ്ടിയിടിക്കുക എന്നത് ആരുടേയും തെറ്റല്ലെന്നും എന്നാല്‍ തെറ്റ് അംഗീകരിക്കാന്‍ നമ്മള്‍ തയ്യാറാകണമെന്നും അത്തരത്തില്‍ തന്നെ തേടിയെത്തിയ രോഹിത്തിന് നന്ദിയെന്നും ജൂഡ് ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു.

അതിനൊപ്പം തന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ തെറിപറഞ്ഞ് എത്തിയവര്‍ക്കും ജൂഡ് മറുപടി നല്‍കുന്നുണ്ട്.

രാത്രി സമയത്ത് വാഹനങ്ങള്‍ അധികം പോകാത്ത റോഡാണ് അതെന്നും മാത്രമല്ല വെള്ള വരയുടെ അപ്പുറത്താണ് താന്‍ പാര്‍ക്ക് ചെയ്തിരുന്നതെന്നും ജൂഡ് പറയുന്നു.

മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിനോക്കാനും അവരുടെ ചെറിയ ചെറിയ വിഷമങ്ങള്‍ പോലും ആഘോഷമാക്കാനും തയ്യാറാവുന്നവരോട് സംസാരിച്ചിട്ട് കാര്യമില്ല.

എന്റെ വണ്ടിയാണ് ഇടിച്ചതെന്ന് മാന്യമായി രോഹിത്ത് വന്നു പറഞ്ഞു. എന്റെ ഭാര്യ വീടിന്റെ അടുത്ത് തന്നെയാണ് രോഹിത്തിന്റെ വീട്. ഞങ്ങള്‍ കാര്യങ്ങള്‍ സംസാരിച്ച് തീരുമാനത്തിലെത്തി. ഇനിയും പ്രശ്‌നങ്ങള്‍ തീരാത്ത ഞരമ്പുരോഗികള്‍ക്ക് വേണമെങ്കില്‍ ഇവിടെ തന്നെ കൂടാം. ഞാന്‍ ഉദ്ദേശിച്ച കാര്യത്തില്‍ തീരുമാനം ഉണ്ടായിട്ടുണ്ട്. ഈ നാട്ടില്‍ നന്മയുള്ള ചെറുപ്പക്കാര്‍ ഉണ്ട്. ഒരുപാട് പണിയുള്ളവര്‍ ഉണ്ട്. അവരൊക്കെ മാന്യമായി ജീവിച്ചോളൂം എല്ലാവരേയും ജഡ്ജ് ചെയ്യുന്നത് നിങ്ങളാണല്ലോ, എങ്ങനെ നടക്കണം, എങ്ങനെ ഉടുക്കണം ഇതൊക്കെ തീരുമാനിക്കുന്നത് നിങ്ങളാണല്ലോ. അങ്ങനെയുള്ള ജഡ്ജിമാര്‍ അവിടെ ഇരുന്നോ. തത്ക്കാലം എനിക്ക് വേറെ പണിയുണ്ട്’, എന്നായിരുന്നു ജൂഡ് വീഡിയോയില്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Director Jude Antony About Car Accident