സമരത്തെ ബഹുമാനിക്കുന്നു, ഒ.ടി.ടി ഡീല്‍ ബിസിനസിന്റെ ഭാഗം, നിര്‍മാതാവിനെ സേഫാക്കാനാണ് നോക്കിയത്: ജൂഡ് ആന്തണി ജോസഫ്
Film News
സമരത്തെ ബഹുമാനിക്കുന്നു, ഒ.ടി.ടി ഡീല്‍ ബിസിനസിന്റെ ഭാഗം, നിര്‍മാതാവിനെ സേഫാക്കാനാണ് നോക്കിയത്: ജൂഡ് ആന്തണി ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 6th June 2023, 3:00 pm

2018 ഒ.ടി.ടിക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് പ്രഖ്യാപിച്ച സമരത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ജൂഡ് ആന്തണി. സമരത്തെ ബഹുമാനിക്കുന്നുവെന്നും നിര്‍മാതാവിനെ സേഫ് ആക്കാനാണ് ശ്രമിച്ചതെന്നും ജൂഡ് പറഞ്ഞു.

‘തിയേറ്ററുകാരുടെ സമരത്തെ മാനിക്കുന്നു. സിനിമ റിലീസിന് മുന്‍പ് നിര്‍മാതാവിനെ സേഫ് ആക്കുന്ന രീതിയാണ് എനിക്കുള്ളത്. അത് കൊണ്ടാണ് സോണി ലൈവ് ഡീല്‍ വന്നപ്പോള്‍ അതൊരു ദൈവാനുഗ്രഹമായി കണ്ടത്. ഇതാരും മനപൂര്‍വം ചെയ്യുന്നതല്ല. ഇത് ബിസിനസിന്റെ ഭാഗമാണ്. റിലീസിന് മുമ്പ് തന്നെ സിനിമയില്‍ വിശ്വാസമര്‍പ്പിച്ച സോണി ലിവിന് നന്ദി. ഞങ്ങളുടെ സിനിമയെ സ്‌നേഹിച്ചതിന് നന്ദി. തിയേറ്റര്‍ ഉടമകളും പ്രേക്ഷകരുമാണ് യഥാര്‍ത്ഥ ഹീറോസ്,’ ജൂഡ് കുറിച്ചു.

ജൂണ്‍ ഏഴിനും എട്ടിനും തിയേറ്ററുകള്‍ അടച്ചിടാനാണ് ഫിയോക്കിന്റെ തീരുമാനം. നേരത്തെ നിര്‍മാതാക്കളുമായി സംഘടനകള്‍ നടത്തിയ യോഗത്തില്‍ സിനിമകള്‍ ഒ.ടി.ടിക്ക് നല്‍കുന്നത് സംബന്ധിച്ച് ധാരണ ഉണ്ടായിരുന്നു. ഈ ധാരണ പ്രകാരം റിലീസ് ചെയ്ത സിനിമകള്‍ 42 ദിവസത്തിന് ശേഷം മാത്രമേ ഒ.ടി.ടിക്ക് നല്‍കാവൂ എന്ന് തീരുമാനമുണ്ടായിരുന്നു. എന്നാല്‍ അതിന് മുന്നേ തന്നെ പല സിനിമകളും കരാര്‍ ലംഘിച്ച് ഒ.ടി.ടിയില്‍ എത്തുകയാണെന്നാണ് തിയേറ്ററുകാര്‍ പറയുന്നത്.

തിയേറ്ററുകളില്‍ നിറഞ്ഞ് ഓടിക്കൊണ്ടിരുന്ന 2018 എന്ന സിനിമ ഇത്തരത്തില്‍ ധാരണ ലംഘിച്ച് ഒ.ടി.ടിക്ക് കൊടുത്തതാണ് പെട്ടെന്നുള്ള പ്രതിഷേധത്തിലേക്ക് തിയേറ്റര്‍ ഉടമകളെ എത്തിച്ചത്. ജൂണ്‍ ഏഴിനാണ് 2018 ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നത്.

Content Highlight: Director Jude Anthony reacts to the strike called by the theatre owners’ association Feouk