'പാലം പൊളിച്ചവര്‍ പുറത്ത്,തുറന്നുവെന്ന് ആരോപിക്കപ്പെടുന്നവര്‍ അറസ്റ്റില്‍'; വൈറ്റില പാലം തുറന്നതിനെ പിന്തുണച്ച് ജൂഡ് ആന്റണി ജോസഫ്
Kerala News
'പാലം പൊളിച്ചവര്‍ പുറത്ത്,തുറന്നുവെന്ന് ആരോപിക്കപ്പെടുന്നവര്‍ അറസ്റ്റില്‍'; വൈറ്റില പാലം തുറന്നതിനെ പിന്തുണച്ച് ജൂഡ് ആന്റണി ജോസഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th January 2021, 2:51 pm

കൊച്ചി: വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിന് മുമ്പ് തന്നെ തുറന്ന സംഭവത്തില്‍ വി ഫോര്‍ കേരള പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്.

പാലം പൊളിച്ചവര്‍ പുറത്ത് , പാലം തുറന്നുവെന്ന് ആരോപിക്കപ്പെടുന്നവര്‍ അര്‍ധരാത്രി അറസ്റ്റില്‍ ,സുലാന്‍ എന്നായിരുന്നു ജൂഡിന്റെ പ്രതികരണം. ജനുവരി 5 ചൊവ്വാഴ്ച്ച രാത്രിയാണ് പാലം ഒരു കൂട്ടം ആളുകള്‍ തുറന്നത്.

സംഭവത്തില്‍ വി ഫോര്‍ കേരള കോര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാന്‍ അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ ആലപ്പുഴ ഭാഗത്തുനിന്നു വന്ന വാഹനങ്ങളെ ബാരിക്കേഡ് മാറ്റി പാലത്തിലൂടെ കടത്തിവിടുകയായിരുന്നു.

സംഭവത്തില്‍ പാലത്തില്‍ കുടുങ്ങിയ വാഹനങ്ങള്‍ പൊലീസ് തിരിച്ചിറക്കുകയായിരുന്നു.അറസ്റ്റ് ചെയ്തവര്‍ക്ക് പുറമെയുള്ളവര്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെ പാലത്തിലേക്ക് അതിക്രമിച്ച് കയറിയ 10 വാഹന ഉടമകള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ജനുവരി 9 നാണ് പാലത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം ഉദ്ഘാടനം ചെയ്യുക. രണ്ട് പാലങ്ങളുടെയും ഭാരപരിശോധനയടക്കമുള്ളവ മുമ്പ് കഴിഞ്ഞിരുന്നു.

നേരത്തെയും പാലം തുറക്കുന്നതിനായി വീ ഫോര്‍ കേരള പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. ജനുവരി 1 ന് പാലം തുറക്കാന്‍ എത്തിയ പ്രവര്‍ത്തകരെ പൊലീസ് തടയുകയായിരുന്നു.

കഴിഞ്ഞ മാര്‍ച്ചിലായിരുന്നു വൈറ്റില കുണ്ടന്നൂര്‍ പാലങ്ങളുടെ പണി കഴിയേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് ഭീഷണി വന്നതോടെ പാലം പണി വൈകുകയായിരുന്നു. 2017 ഡിസംബര്‍ പതിനൊന്നിനായിരുന്നു നിര്‍മ്മാണം ആരംഭിച്ചത്.

വൈറ്റില ജംക്ഷന് മുകളില്‍ മെട്രോ പാലത്തിന് കീഴെ അപ്രോച്ച് റോഡ് അടക്കം 717 മീറ്റര്‍ നീളത്തില്‍ 85 കോടി രൂപ ഉപയോഗിച്ചാണ് പാലം പണി ആരംഭിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Director Jude Anthony Joseph in support of the opening of the Vytila Bridge