മമ്മൂട്ടിയേയും മോഹന്‍ലാലിനേയും നായകരാക്കി ചിത്രങ്ങള്‍ ചെയ്യാനുള്ള ആഗ്രഹത്തെ പറ്റി സംസാരിക്കുയാണ് സംവിധായകന്‍ ജൂഡ് ആന്തണി. ഓം ശാന്തി ഓശാനക്ക് മുമ്പ് കഥ പറഞ്ഞത് മമ്മൂട്ടിയോടാണെന്നും അത്ര ശരിയാവാത്തുകൊണ്ട് അദ്ദേഹം പച്ചക്കൊടി കാണിച്ചില്ലെന്നും ജൂഡ് പറഞ്ഞു. മോഹന്‍ലാലിനോടും കഥ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം മനോരമ ന്യൂസ് മേക്കര്‍ ഓഫ് ദി ഇയര്‍ പരിപാടിയില്‍ ജൂഡ് പറഞ്ഞു.
‘മമ്മൂക്കയെ വെച്ച് ഒരു വലിയ സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. നീ എന്നാണ് കഥയുമായി വരുന്നതെന്ന് മമ്മൂക്ക ചോദിച്ചിട്ടുമുണ്ട്. എന്നിട്ട് പോലും എനിക്ക് നല്ല ഒരു കഥ കൊടുക്കാന്‍ പറ്റിയിട്ടില്ല. അദ്ദേഹത്തിന്റെ ആത്മകഥ ചെയ്യണെന്ന് ആഗ്രഹമുണ്ടായിരുന്നു. മമ്മൂക്ക സമ്മതിക്കുന്നില്ല. ഓം ശാന്തി ഓശാനക്ക് മുമ്പ് ചെയ്യാന്‍ വെച്ചിരുന്നതാണ്. അതൊരു ഉഗ്രന്‍ കഥയാണ്. വൈക്കം പോലെ ഒരു ഗ്രാമത്തില്‍ നിന്നും വന്ന സാധാരണക്കാരനായ പയ്യന്‍ സിനിമനടനാവണമെന്ന് ആഗ്രഹിച്ച് മെഗാസ്റ്റാറായ കഥയുണ്ട്. അത് വായിച്ചതിന് ശേഷമാണ് സിനിമയാക്കണമെന്ന് തോന്നിയത്.
അന്ന് ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. എന്നിട്ട് പോലും നീ അത് ചെയ്‌തോ എന്ന് പറഞ്ഞ ആളാണ് മമ്മൂക്ക. ഞാന്‍ തന്നെയാണ് എഴുതുന്നതെന്ന് പറഞ്ഞപ്പോള്‍ എഴുതിക്കൊണ്ട് വരാന്‍ പറഞ്ഞു. ഞാനെഴുതിവന്നത് അത്ര ശരിയാവാത്തതുകൊണ്ടാവാം, അദ്ദേഹം പച്ചക്കൊടി കാണിച്ചില്ല. പിന്നീട് മറ്റൊരു സിനിമ എനിക്ക് വന്നപ്പോള്‍ അത് പോയി ചെയ്യാന്‍ അദ്ദേഹം പറഞ്ഞു.
പിന്നീട് ഞാന്‍ അതിനെ പറ്റി സംസാരിച്ചപ്പോള്‍, എന്റെ ജീവിതം അങ്ങനെ സിനിമയാക്കാനുള്ളതൊന്നും ഇല്ല, ഞാന്‍ അത്രക്കുള്ള ആളായിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ ഞാന്‍ വിട്ടിട്ടില്ല, ഞാന്‍ ഇപ്പോഴും അതിന്റെ പിറകേ തന്നെയുണ്ട്.
അതുപോലെ ലാലേട്ടന്റെ അടുത്തും നാലഞ്ച് പ്രാവശ്യം കഥയുമായി പോയിട്ടുണ്ട്. അപ്പോഴും ഇത് മതിയോ മോനെ എന്ന് ചോദിച്ചപ്പോള്‍ തിരിച്ച് പോവുകയാണ് ചെയ്തത്. കമല്‍ ഹാസന്റെ വലിയൊരു ഫാനാണ് ഞാന്‍. രജിനി സാറുമായി പടം ചെയ്യണമെന്ന് വിചാരിച്ചാല്‍ തന്നെ നടക്കില്ല. പുള്ളി ഇപ്പോള്‍ തന്നെ ഒരുപാട് പടങ്ങള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്.
എങ്ങനാ ജൂഡേ 2018 എടുത്തത് എന്ന് രജിനി സാറിന്റെ സ്‌റ്റൈലില്‍ തമിഴില്‍ ചോദിച്ചപ്പോള്‍ ആ വാക്കുകള്‍ മതിയെന്ന് തോന്നി. ഇതൊക്കെ വലിയ ആഗ്രഹങ്ങളാണ്. ഏതൊരു മലയാളിയേയും പോലെ ഈ മഹാരഥന്മാര്‍ക്കൊപ്പം സിനിമ ചെയ്യണമെന്ന് എനിക്കും ആഗ്രഹമുണ്ട്,’ ജൂഡ് ആന്തണി പറഞ്ഞു.
Content Highlight: Director Jude Anthony is talking about his desire to make films with Mammootty and Mohanlal