| Friday, 6th August 2021, 6:17 pm

മമ്മൂട്ടിയുടെ ബയോപികില്‍ എന്തുകൊണ്ട് ദുല്‍ഖറിനെ നായകനാക്കില്ല; തുറന്നുപറഞ്ഞ് ജൂഡ് ആന്തണി ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുടെ ജീവിതം വെള്ളിത്തിരിയില്‍ പകര്‍ത്താനുള്ള ആഗ്രഹത്തെ കുറിച്ച് തുറന്നുപറയുകയാണ് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. നിവിന്‍ പോളിയെയാണ് മമ്മൂട്ടിയെ അവതരിപ്പിക്കാനായി ഉദ്ദേശിക്കുന്നതെന്നാണ് ജൂഡ് ആന്തണി പറയുന്നത്.

കൗമുദി ഫ്‌ളാഷ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ദുല്‍ഖര്‍ സല്‍മാനെ എന്തുകൊണ്ട് മമ്മൂട്ടിയുടെ റോളിലേക്ക് പരിഗണിക്കുന്നില്ലെന്നും ജൂഡ് പറഞ്ഞു.

അച്ഛന്റെ വേഷം മകന്‍ അഭിനയിക്കുന്നതിനേക്കാള്‍ മറ്റൊരു നടന്‍ അഭിനയിക്കുന്നതാണ് നല്ലതെന്ന് തോന്നി. അതാണ് നിവിനെ കൊണ്ടുതന്നെ ചെയ്യിക്കാന്‍ തീരുമാനിച്ചതെന്ന് ജൂഡ് പറഞ്ഞു.

നിവിനാണ് മമ്മൂട്ടിയുടെ ആത്മകഥയായ ചമയങ്ങളില്ലാതെ വായിക്കാന്‍ പറയുന്നതെന്നും സിനിമയാക്കാമോയെന്ന് ചോദിക്കുന്നതെന്നും ജൂഡ് പറഞ്ഞു. ‘മമ്മൂക്ക സമ്മതിച്ചാല്‍ ഞങ്ങള്‍ റെഡിയാണ്. നിവിന്‍ കട്ട മമ്മൂക്ക ഫാനാണ്. പഠിച്ചിരുന്ന കാലത്ത് മമ്മൂക്കയുടെ ഫാന്‍സ് അസോസിയേഷന്‍ അംഗമായിരുന്നു.

നിവിനാണ് എന്നോട് മമ്മൂക്കയുടെ ആത്മകഥയായ ‘ചമയങ്ങളില്ലാതെ’ വായിക്കാന്‍ പറയുന്നതും അതൊരു സിനിമയാക്കിയാലോ എന്ന് ചോദിക്കുന്നതും. നക്ഷത്രങ്ങളുടെ രാജകുമാരന്‍ എന്ന പേരില്‍ ഞാന്‍ അത് ഷോര്‍ട്ട് ഫിലിം ആക്കിയപ്പോള്‍ കൂടെ നിന്നതൊക്കെ നിവിനാണ്,’ ജൂഡ് പറഞ്ഞു.

മമ്മൂട്ടി സിനിമയിലെത്തിയതിന്റെ അമ്പതാം വര്‍ഷം ആഘോഷിക്കുകയാണ് സിനിമാലോകം ഇന്ന്. 1971 ഓഗസ്റ്റ് 6ന് റിലീസ് ചെയ്ത് അനുഭവങ്ങള്‍ പാളിച്ചകള്‍ ചിത്രത്തില്‍ ബഹുദൂറിന്റെ കൂടെ ഒരു സീനിലായിരുന്നു മമ്മൂട്ടി ആദ്യമായി അഭിനയിച്ചത്. തുടക്കത്തില്‍ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ച മമ്മൂട്ടി ആദ്യമായി സംഭാഷണം പറയുന്നത് 1973 ല്‍ അഭിനയിച്ച കാലചക്രത്തിലാണ് ആദ്യമായി മമ്മൂട്ടി ഡയലോഗ് പറഞ്ഞത്.

എം.ടി. വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തില്‍ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. എന്നാല്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായില്ല.

സജിന്‍ എന്ന പേരിലായിരുന്നു മമ്മൂട്ടി സിനിമയില്‍ തുടക്കക്കാലത്ത് അഭിനയിച്ചിരുന്നത്. പിന്നീട് 1980 ല്‍ കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത മേളയാണ് മമ്മൂട്ടിക്ക് കരിയറില്‍ ബ്രേക്ക് നല്‍കുന്നത്.

പിന്നീട് പി.ജി വിശ്വംഭരന്‍, ഐ.വി ശശി, ജോഷി, സത്യന്‍ അന്തിക്കാട് തുടങ്ങി നിരവധി സംവിധായകരുടെ സിനിമയിലൂടെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ പട്ടം സ്വന്തമാക്കുകയായിരുന്നു.

50 വര്‍ഷത്തെ അഭിനയ കാലയളവില്‍ മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും, 12 തവണ ഫിലിംഫെയര്‍ (ദക്ഷിണേന്ത്യന്‍) പുരസ്‌കാരവും മമ്മൂട്ടിക്ക് ലഭിച്ചിട്ടുണ്ട്.

1998ല്‍ ഭാരതസര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചു. 2ഛ10 ജനുവരിയില്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വര്‍ഷം ഡിസംബറില്‍ തന്നെ ഡോകടറേറ്റ് നല്‍കി കാലിക്കറ്റ് സര്‍വകലാ കലാശാലയും ആദരിച്ചു.

ഇതുവരെ നാന്നൂറിലധികം സിനിമകള്‍ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, കന്നട ഭാഷകളിലായി മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. പുഴു, ബിലാല്‍, ഭീഷ്മപര്‍വം എന്നീ സിനിമകളാണ് മമ്മൂട്ടിയുടെതായി ഇനി തിയേറ്ററുകളില്‍ എത്താനിരിക്കുന്ന സിനിമകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Director Jude Anthany about why he won’t cast Dulquer Salmaan in Mammootty’s biopic

We use cookies to give you the best possible experience. Learn more