2018 എന്ന ജൂഡ് ആന്റണിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ചിങ്ങില്‍ വെച്ച് ജൂഡ് ആന്റണിയുടെ തലയില്‍ കുറച്ച് മുടി കുറവുണ്ടന്നേയുള്ളു, തലയില്‍ നിറയേ ബുദ്ധിയാണെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു.
ജൂഡ് ആന്റണിയുടെ മുടിയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത് ബോഡി ഷെയിമിങ്ങാണെന്ന് ആരോപിച്ച് നിരവധിയാളുകള്‍ സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയുമായി ജൂഡ് ആന്റണി തന്നെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്.
തനിക്ക് മുടി ഇല്ലാത്തതിന്റെ വിഷമം തനിക്കോ തന്റെ കുടുംബത്തിനോ ഇല്ലെന്നും തന്റെ മുടിയെക്കുറിച്ച് അത്രയും കണ്‍സേണ്‍ ഉള്ളവര്‍ മമ്മൂട്ടിക്കെതിരെ നില്‍ക്കാതെ അതിന് കാരണക്കാരായ ബാംഗ്ലൂര്‍ കോര്‍പ്പറേഷന്‍ വാട്ടറിനെയും ഷാംപൂ കമ്പനികള്‍ക്കെതിരെയുമാണ് ശബ്ദമുയര്‍ത്തേണ്ടതെന്നും ജൂഡ് ആന്റണി ഫേസ്ബുക്കില്‍ കുറിച്ചു.
”മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെയിമിങ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട്, എനിക്ക് മുടി ഇല്ലാത്തതിലുള്ള വിഷമം എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല.
ഇനി അത്രേം കണ്‍സേണ്‍ ഉള്ളവര്‍ മമ്മൂക്കയെ ചൊറിയാന്‍ നിക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂര്‍ കോര്‍പറേഷന്‍ വാട്ടര്‍, വിവിധ ഷാംപൂ കമ്പനികള്‍ ഇവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുവിന്‍.
ഞാന്‍ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യന്‍ ഏറ്റവും സ്‌നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത്. എന്ന് മുടിയില്ലാത്തതില്‍ അഹങ്കരിക്കുന്ന ഒരുവന്‍,” എന്നാണ് ജൂഡ് ആന്റണി കുറിച്ചത്.
അതേസമയം, ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, സുധീഷ്, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, ലാല്‍, ജാഫര്‍ ഇടുക്കി, വിനീത് ശ്രീനിവാസന്‍ തുടങ്ങി വലിയ താരനിര തന്നെയാണ് ജൂഡ് ആന്റണിയുടെ 2018 സിനിമയില്‍ അണിനിരക്കുന്നത്.
CONTENT HIGHLIGHT: director jude anthany about mammootty’s body shaming discussion