ഒരു സിനിമയിലും ‘എ ഫിലിം ബൈ ജോഷി’ എന്ന് ടൈറ്റില്‍ കാര്‍ഡില്‍ നല്‍കിയിട്ടില്ലെന്നും, അങ്ങനെ ചെയ്യുന്നത് സ്വാര്‍ത്ഥതയാണെന്നും സംവിധായകന്‍ ജോഷി. സിനിമയെ കുറിച്ച് ഒന്നുമറിയാത്ത കാലത്തും താന്‍ സിനിമയെ വിമര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹം ഇന്നത്തെ കുട്ടികള്‍ അത്തരത്തില്‍ തന്നെയും വിമര്‍ശിക്കുന്നുണ്ടാകുമെന്നും ജോഷി പറഞ്ഞു.
പുതിയ തലമുറയിലെ ആളുകള്‍ നന്നായി സിനിമ എടുക്കുന്നവരാണെന്നും അവരില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഠക്കണമെന്ന് വെറുതെ പറയുക മാത്രമല്ല അതിനുള്ള മനസ് കാണിക്കണമെന്നും ജോഷി പറഞ്ഞു. മാതൃഭൂമി ഡോട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ജോഷി ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘സിനിമയെക്കുറിച്ചുള്ള എന്റെ അറിവുകളെല്ലാം സിനിമയില്‍ വന്നശേഷം പഠിച്ചെടുത്തതാണ്. അറിയപ്പെടുന്ന സംവിധായകനായതിന് ശേഷം എന്റെ ചേട്ടന്‍ എന്നെ ഉപദേശിച്ചിരുന്നു. ടൈറ്റില്‍ കാര്‍ഡില്‍ ‘എ ഫിലിം ബൈ ജോഷി’ എന്ന് വെക്കരുതെന്ന്. അതില്‍ സ്വാര്‍ഥതയുടെ ഒരു ധ്വനിയുണ്ടെന്ന്. പലരും അങ്ങനെ ചെയ്യാറുണ്ട്. പക്ഷേ, ഒരു പടത്തിലും ഇതുവരെ ഞാനങ്ങനെ ചെയ്തിട്ടില്ല.
ചെറുപ്പത്തില്‍ ഞങ്ങളുടെ തിയേറ്ററിലിരുന്ന് സിനിമ കാണുമ്പോള്‍ അടുത്തിരിക്കുന്ന കൂട്ടുകാരോട് ഞാന്‍ വീമ്പ് പറയാറുണ്ട് ”ഈ സംവിധായകരൊക്കെ എന്ത് പൊട്ടത്തരങ്ങളാണ് എടുത്തുവെച്ചിരിക്കുന്നത്. ഞാനായിരുന്നു ഈ സിനിമ ചെയ്തിരുന്നത് എങ്കില്‍ എങ്ങനെ എടുക്കണമെന്ന് കാണിച്ച് കൊടുക്കാമായിരുന്നു’. ഒന്നുമറിയാത്ത് കാലത്ത് പറഞ്ഞ മണ്ടത്തരങ്ങളാണ് അതെല്ലാം.
പ്രായത്തിന്റെ നെഗളിപ്പ് എന്ന് പറയുന്നതാവും കൂടുതല്‍ ശരി. ഇന്ന് എന്റെ സിനിമ കാണുന്ന ചെറുപ്പക്കാരും ഇതൊക്കെത്തന്നെയാവും പറയുന്നത്. ”ഈ ജോഷിയൊക്കെ എന്താ ഈ കാണിച്ചു വെച്ചിരിക്കുന്നത്, ഇയാള്‍ക്ക് ഇത് നിര്‍ത്തി പൊയ്ക്കൂടെ” എന്ന് പുതിയ ചെറുപ്പക്കാര്‍ പറയുന്നുണ്ടാവും. നമ്മള്‍ പൂര്‍ണനായി ഇതിനപ്പുറം ഇല്ല എന്നൊരു തോന്നല്‍ വന്നാല്‍ പിന്നെ നമ്മള്‍ക്ക് വളരാനാവില്ല.
ഇപ്പോഴത്തെ ന്യൂജനറേഷന്‍ പിള്ളേര്‍ നമ്മളെക്കാള്‍ എത്ര നന്നായിട്ടാണ് സിനിമയെടുക്കുന്നത്. അവരില്‍നിന്ന് ഒരുപാട് പഠിക്കാനുണ്ട്. പഠിക്കാനുള്ള മനഃസ്ഥിതിയുണ്ടാവണം. പഠിക്കുന്നു, പഠിക്കുന്നു എന്ന് പലരും പറയും. പക്ഷേ പഠിക്കുന്നില്ല. ആ പഴയ സാധനം തന്നെ മനസ്സില്‍ അരക്കിട്ടുറപ്പിച്ചാല്‍ ഒരടി മുന്നോട്ടുപോകാന്‍ കഴിയില്ല.
ഇക്കാലത്തിനിടക്ക് ഒരു സൂപ്പര്‍താരത്തിന്റെയും ഡേറ്റിനുവേണ്ടി ഞാന്‍ കാത്തുനിന്നിട്ടില്ല. ഒരു നടനെയും ആശ്രയിച്ചിട്ടല്ല ഞാന്‍ ഉയര്‍ന്നുവന്നതും. ‘പൊറിഞ്ചു മറിയം ജോസ്’ ചെയ്തപ്പോള്‍ സിനിമാമേഖലയില്‍ ഒരു സംസാരമുണ്ടായിരുന്നു, മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഡേറ്റ് കിട്ടാത്തതുകൊണ്ടാണ് ജോഷി ജോജുവിനെ വെച്ച് പടം ചെയ്യുന്നതെന്ന്. മറ്റ് പല സിനിമകളെ കുറിച്ചും ഇങ്ങനെയൊക്കെ തന്നെയാണ് പറഞ്ഞിട്ടുള്ലത്. മമ്മൂട്ടിയും മോഹന്‍ലാലും നാല്‍പ്പതിലേറെ വര്‍ഷമായി സിനിമയിലുണ്ട്. അപാരമായ അഭിനയ സിദ്ധികൊണ്ട് മാത്രമല്ല ഇന്നും അവര്‍ സിനിമയില്‍ തുടരുന്നത്. ജോലിയോടുള്ള സമര്‍പ്പണത്തിന്റെ ഫലം കൂടിയാണത്,’ജോഷി പറഞ്ഞു.
content highlight: director joshy talks about his film career