അന്താരാഷ്ട്രതലത്തിൽ ഇന്ത്യൻ സിനിമയെ പ്രതിനിധീകരിക്കാൻ കഴിവുള്ള ഏക സംവിധായകൻ അദ്ദേഹമാണ്: ജോഷി
Entertainment
അന്താരാഷ്ട്രതലത്തിൽ ഇന്ത്യൻ സിനിമയെ പ്രതിനിധീകരിക്കാൻ കഴിവുള്ള ഏക സംവിധായകൻ അദ്ദേഹമാണ്: ജോഷി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 7th June 2024, 9:19 am

മലയാള സിനിമയിൽ പതിറ്റാണ്ടുകളായി നിറഞ്ഞുനിൽക്കുന്ന സംവിധായകനാണ് ജോഷി. ജയൻ മുതൽ ജോജു വരെയുള്ള മലയാള സിനിമയിലെ നായകൻമാരെ വെച്ച് സിനിമയെടുത്തിട്ടുള്ള അദ്ദേഹം മലയാളത്തിലെ കോമേഴ്‌ഷ്യൽ സിനിമകളുടെ തലതൊട്ടപ്പനാണ്.

മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർ താരങ്ങൾക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ കൂടിയാണ് ജോഷി. സംവിധായകൻ മണിരത്നത്തെ കുറിച്ച് ജോഷി ഒരുപാട് സ്ഥലങ്ങളിൽ പറഞ്ഞിട്ടുണ്ട്.

അന്താരാഷ്ട്രതലത്തിൽ ഇന്ത്യൻ സിനിമയെ പ്രതിനിധികരിക്കാൻ കഴിവുള്ള ഏക സംവിധായകൻ മണിരത്നം മാത്രമാണെന്നും പൊന്നിയൻ സെൽവൻ എന്ന ഒരൊറ്റ സിനിമ മാത്രം കണ്ടാൽ മതി അത് മനസിലാക്കാനെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു ജോഷി.

‘സ്നേഹ ബന്ധത്തിന്റെ പേരിലല്ല മണിരത്നത്തെക്കുറിച്ച് ഞാൻ അങ്ങനെ പറഞ്ഞത്. അന്താരാഷ്ട്രതലത്തിൽ ഇന്ത്യൻ സിനിമയെ പ്രതിനിധീകരിക്കാൻ കഴിവുള്ള ഏക സംവിധായകൻ മണിരത്‌നം മാത്രമേയുള്ളൂ.

പൊന്നിയൻ സെൽവൻ’ മാത്രം കണ്ടാൽ മതി. എന്തൊരു ബ്രില്യന്റായാണ് അദ്ദേഹം അത് നിർവഹിച്ചിരിക്കുന്നത്. മണിരത്നത്തിൻ്റെ ഓരോ ചിത്രത്തിലൂടെയും സഞ്ചരിച്ചാൽ അദ്ദേഹത്തിന്റെ സിനിമകളെല്ലാം ഓരോ ടെക്സ്റ്റ്ബുക്കുകളാണെന്ന് ബോധ്യപ്പെടും.

ഇന്ത്യയിലെ സകല ഡയറക്ടർമാരുടെയും ലൈബ്രറികളിൽ കാണും മണിരത്നത്തിൻ്റെ സിനിമകൾ. ‘ഇരുവർ’ എന്ന ക്ലാസ് മൂവി തന്നെയെടുക്കുക, മോഹൻലാൽ എന്ന നടൻ്റെ അഭിനയജീവിതത്തിൽ ഇങ്ങനെയൊരു കഥാപാത്രം വേറെയില്ല.

മണിരത്നത്തിന്റെ ജീവിതവും സിനിമയും പറയുന്ന പുസ്‌തകം എൻ്റെ മകൻ അഭിലാഷ് ജോഷി പോലും സൂക്ഷിച്ചിട്ടുണ്ട്. എല്ലാവരുടെയും റോൾ മോഡലാണ് മണിരത്നം. മറ്റൊരാൾക്കും അത് അവകാശപ്പെടാനാവില്ല,’ജോഷി പറയുന്നു.

 

Content Highlight: Director Joshy Talk About Manirathnam