ആ പരസ്യത്തിൽ കണ്ട മോഡലിനെ ഞാൻ എന്റെ പടത്തിൽ അഭിനയിപ്പിച്ചു, ഇന്നയാൾ തമിഴിലെ സൂപ്പർ സ്റ്റാർ: ജോഷി
Entertainment
ആ പരസ്യത്തിൽ കണ്ട മോഡലിനെ ഞാൻ എന്റെ പടത്തിൽ അഭിനയിപ്പിച്ചു, ഇന്നയാൾ തമിഴിലെ സൂപ്പർ സ്റ്റാർ: ജോഷി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 29th May 2024, 8:19 am

മലയാള സിനിമയിൽ പതിറ്റാണ്ടുകളായി നിറഞ്ഞുനിൽക്കുന്ന സംവിധായകനാണ് ജോഷി. ജയൻ മുതൽ ജോജു വരെയുള്ള മലയാള സിനിമയിലെ നായകൻമാരെ വെച്ച് സിനിമയെടുത്തിട്ടുള്ള അദ്ദേഹം മലയാളത്തിലെ കോമേഴ്‌ഷ്യൽ സിനിമകളുടെ തലതൊട്ടപ്പനാണ്.

മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർ താരങ്ങൾക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ കൂടിയാണ് ജോഷി. ജോഷി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ്‌ ചിത്രമാണ് ധ്രുവം. മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയവർ അഭിനയിച്ച ഒരു മൾട്ടി സ്റ്റാർ ചിത്രമാണ് ധ്രുവം. ചിത്രത്തിൽ തമിഴ് നടൻ വിക്രവും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.

 

വിക്രം തമിഴിലെ സൂപ്പർ സ്റ്റാർ ആവുന്നതിന് മുമ്പ് മലയാളത്തിൽ ചെയ്ത ശ്രദ്ധേയമായ വേഷങ്ങളിൽ ഒന്നാണ് ധ്രുവത്തിലെ ഭദ്രൻ. ചിത്രത്തിലേക്ക് വിക്രം എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് ജോഷി.

താനൊരു വിമാന യാത്രയിലാണ് വിക്രത്തിന്റെ ചിത്രങ്ങൾ ഒരു മാഗസിനിൽ കാണുന്നതെന്നും അന്ന് വിക്രം അഭിനയിക്കുന്ന ആളാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ജോഷി പറയുന്നു. പിന്നീട് തന്റെ പ്രൊഡക്ഷൻ കൺട്രോളറെ കൊണ്ട് വിക്രത്തെ വിളിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വനിത മാഗസിനോട് സംസാരിക്കുകയായിരുന്നു ജോഷി.

‘ഞാനൊരിക്കൽ തിരുവനന്തപുരത്തു നിന്നു ചെന്നൈയിലേക്കു പോവുകയായിരുന്നു. ധ്രുവം സിനിമയുടെ ചർച്ചകൾ നടക്കുന്ന സമയം. വിമാനത്തിൽ വച്ച് ഒരു മാഗസിൻ കണ്ടു. അതിലൊരു പരസ്യത്തിൽ കണ്ട മോഡലാണ് വിക്രം. ധ്രുവത്തിൽ ഭദ്രൻ എന്ന കഥാപാത്രത്തിന് പറ്റിയ ആളാണല്ലോ എന്നു തോന്നി.

വിക്രം അഭിനയിക്കുന്ന ആളാണെന്നോ സിനിമയിൽ താത്പര്യം ഉള്ള ആളാണെന്നോ ഒന്നും അറിഞ്ഞുകൂടാ. ഞാൻ ആ പരസ്യം കീറിയെടുത്ത് പ്രൊഡക്‌ഷൻ കൺട്രോളറെ ഏൽപ്പിച്ചു. രണ്ടുമൂന്നു ദിവസത്തിനകം വിക്രം എന്നെ കാണാൻ വന്നു. അങ്ങനെയാണ് ധ്രുവം എന്ന സിനിമയിൽ ഭദ്രനായി വിക്രം എത്തുന്നത്,’ജോഷി പറയുന്നു.

 

Content Highlight: Director Joshy Talk About Actor Chiyan Vikram